വട്ടപ്പാറ വെള്ളച്ചാട്ടം: ടൂറിസം-വൈദ്യുത പദ്ധതി പരിഗണനയിൽ
text_fieldsവട്ടപ്പാറ വെള്ളച്ചാട്ടം
തച്ചമ്പാറ: പ്രകൃതി രമണീയമായ തച്ചമ്പാറ പഞ്ചായത്തിലെ വട്ടപ്പാറ വെള്ളച്ചാട്ടത്തിന്റെ വിനോദസഞ്ചാര - വൈദ്യുതി ഉത്പാദന സാധ്യതകൾ ആരായാൻ ഉദ്യോഗസ്ഥ-ജനപ്രതിനിധി സംഘം സ്ഥലം സന്ദർശിച്ചു. ചെറുകിട ജല വൈദ്യുത പദ്ധതിയായ മീൻവല്ലം മാതൃകയിൽ വട്ടപ്പാറയിലും ജല വൈദ്യുത പദ്ധതിയുടെ സാധ്യതകൾ സർക്കാർ പരിഗണിച്ച് പദ്ധതി ആവിഷ്കരിക്കാൻ ആലോചനയുണ്ടെന്ന് പഠനസംഘത്തിന് നേതൃത്വം നൽകിയ കെ. ശാന്തകുമാരി എം.എൽ.എ ‘മാധ്യമ’ത്തോട് പറഞ്ഞു.
ജില്ല പഞ്ചായത്ത് സംരംഭമായ പാലക്കാട് സ്മാൾ ഹൈഡ്രോ കമ്പനിയാണ് മീൻവല്ലത്തിന്റെ സാധ്യതകൾ ഉപയുക്തമാക്കുന്നത്. കൂടുതൽ ചെറുകിട പദ്ധതികൾ പാലക്കാട് ജില്ല പഞ്ചായത്ത് ഏറ്റെടുക്കാൻ തത്വത്തിൽ ധാരണയായി.
വട്ടപ്പാറ വെള്ളച്ചാട്ടം കെ.ശാന്തകുമാരി എം.എൽ.എയും സംഘവും സന്ദർശിക്കുന്നു
പാലക്കയം പ്രദേശത്ത് വന ഭൂമിയോട് ചേർന്നാണ് വട്ടപ്പാറ വെള്ളച്ചാട്ടം. വേനൽ കാലത്തും ഇവിടെ വെള്ളത്തിന് കുറവില്ല. പദ്ധതിയുടെ പ്രാരംഭ നടപടിക്ക് മുമ്പ് വട്ടപ്പാറ പ്രദേശത്തെ 17പേർക്ക് ഭൂമിയുടെ കൈവശരേഖ നല്‍കുന്നതിന് ഭൂ സര്‍വെ അടക്കമുള്ള നടപടികള്‍ പൂർത്തിയാക്കേണ്ടതുണ്ട്.
പാലക്കയം വില്ലേജ് ഓഫിസ് പരിധിയിലെ ഈ ഭാഗത്തേക്കുള്ള റോഡ് വീതി കൂട്ടി നവീകരിക്കണം. പ്രകൃതിക്ക് കോട്ടം തട്ടാത്ത കൂടുതൽ വികസന പദ്ധതികൾ നടക്കേണ്ടതുണ്ട്. മലകളും വെള്ളച്ചാട്ടങ്ങളും സമൃദ്ധമായ കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ മേഖലയിൽ ചെറുകിട ജലവൈദ്യുത പദ്ധതികൾക്കും ടൂറിസത്തിനും മികച്ച സാധ്യതയാണുള്ളതെന്നും ഇക്കാര്യങ്ങൾ സർക്കിരിന്റെ ശ്രദ്ധയിൽ കൊണ്ടു വരുമെന്നും എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി, വൈസ് പ്രസിഡന്റ് രാജി ജോണി, വാർഡ് മെംബർമാരായ ഐസക്ക് ജോൺ, മല്ലിക, ശാരദ, ജയ ജയപ്രകാശ്, മനോരഞ്ജിനി, കൃഷ്ണൻകുട്ടി, പി.വി. സോണി, എബ്രഹാം, ഷിബു, സജീവ്, ജോണി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

