വനവാസത്തിന് പോകുന്ന വി.ഡി. സതീശന് എല്ലാ ആശംസകളും, വനം മന്ത്രിയെന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും -എ.കെ. ശശീന്ദ്രൻ
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടെന്നും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വരുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. എലത്തൂരിൽ വിജയം ഉറപ്പാണ്. വോട്ടർമാർ പോളിങ് ബൂത്തിൽ ഇതിനോടകം തന്നെ എൽ.ഡി.എഫിന്റെ വിജയത്തിനായുള്ള 'പച്ചക്കൊടി' കാണിച്ചുകഴിഞ്ഞു.
തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 100 ലധികം സീറ്റുകൾ നേടുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു. യു.ഡി.എഫ് അധികാരത്തിൽ വന്നില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വനവാസത്തിന് പോകുമെന്ന വെല്ലുവിളിയെ ശശീന്ദ്രൻ പരിഹസിച്ചു. ഇത് കോൺഗ്രസുകാർ തമ്മിലുള്ള കളിയാണ്. മുഖ്യമന്ത്രിയാകണമെന്ന സതീശന്റെ ആഗ്രഹം നടക്കില്ല. വനവാസത്തിന് പോകുന്ന വി.ഡി. സതീശന് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പ് മന്ത്രിയെന്ന നിലയിൽ വനവാസത്തിനുള്ള എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും. കെ. സുധാകരന്റെ ആഗ്രഹവും അതുതന്നെയല്ലേ. ഈ ആഗ്രഹമെങ്കിലും നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ തവണ ലഭിച്ച 11 സീറ്റുകളേക്കാൾ കൂടുതൽ ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. പ്രത്യേകിച്ച് കൊടുവള്ളിയിലും വടകരയിലും ഇത്തവണ എൽ.ഡി.എഫിന് മികച്ച ജയസാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുമെന്ന് വി.ഡി. സതീശൻ പറഞ്ഞിരുന്നു. പരാജയപ്പെട്ടാൽ അതിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും താൻ ഒറ്റക്ക് ഏറ്റെടുക്കുമെന്നും വിജയിച്ചാൽ അത് യു.ഡി.എഫ് എല്ലാ പ്രവർത്തകർക്കും അവകാശപ്പെട്ടതായിരിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് എ.കെ. ശശീന്ദ്രന്റെ പ്രതികരണം. അഴിമതിയാണ് പിണറായി സർക്കാറിന്റെ മുഖമുദ്ര. എല്ലാ അഴിമതികളും യു.ഡി.എഫ് അന്വേഷിക്കും. വിലക്കയറ്റവും അഴിമതിയും കൊണ്ട് എൽ.ഡി.എഫ് സർക്കാറിനെ ജനത്തിന് മടുത്തിട്ടുണ്ട്. മാറ്റത്തിന് ജനം തയാറെടുത്തിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
ശബരിമലയിലെ സ്വർണക്കൊള്ളയും പാലക്കാട് മണ്ഡലത്തിലെ ഡീൽ വിവാദവുമാണ് തെരഞ്ഞെടുപ്പിൽ ചർച്ച വിഷയമായിത്. പാലക്കാട് സീറ്റിൽ എൽ.ഡി.എഫ് ദുർബലനായ സ്ഥാനാർഥിയെ നിർത്തിയത് സി.പി.എം-ബി.ജെ.പി ഡീലിന്റെ ഭാഗമായിട്ടാണെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു. തുടർന്ന് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ കൊമ്പുകോർക്കുന്ന സംഭവങ്ങളും കേരളത്തിലെ തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

