യൂനിഫോം, ഉച്ചഭക്ഷണ പദ്ധതി: എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകർക്ക് സർക്കാർ നൽകാനുള്ളത് ലക്ഷങ്ങളുടെ കുടിശ്ശിക
text_fieldsകോഴിക്കോട്: പൊതുവിദ്യാലയങ്ങളിൽ സർക്കാർ പ്രഖ്യാപിക്കുന്ന സൗജന്യ പദ്ധതികളുടെ സാമ്പത്തിക ബാധ്യത എയ്ഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ തലയിലാകുന്നതായി പരാതി. സ്കൂളുകളിലെ യൂനിഫോം, ഉച്ചഭക്ഷണ പദ്ധതികളാണ് പ്രധാനാധ്യാപകർക്ക് ബാധ്യതയാകുന്നത്. ഈ പദ്ധതികളുടെ നടത്തിപ്പിന് അധ്യാപകർ സ്വന്തം കൈയിൽനിന്നാണ് പൈസ ചെലവാക്കുക. പിന്നീട് തുക സർക്കാർ അനുവദിക്കും. എന്നാൽ, സർക്കാർ ഫണ്ട് ലഭിക്കുന്നതിലെ കാലതാമസം മൂലം എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുടെ യൂനിഫോം, ഉച്ചഭക്ഷണ പദ്ധതികൾ പ്രധാനാധ്യാപകർക്ക് ബാധ്യതയാവുകയാണ്.
അന്വേഷിക്കുമ്പോഴെല്ലാം ഫണ്ടില്ലെന്ന മറുപടിയാണ് ധനവകുപ്പിൽനിന്ന് ലഭിക്കുന്നത്. എയ്ഡഡ് മേഖലയിലെ സൗജന്യ യൂനിഫോം പദ്ധതി ഇനത്തിൽ 2021-22 അധ്യയന വർഷത്തിൽ 78 ലക്ഷം രൂപയും 2022-23 വർഷത്തിൽ 79 ലക്ഷം രൂപയുമാണ് കിട്ടാനുള്ളത്. 2025 അധ്യയന വർഷത്തെ യൂനിഫോം പദ്ധതിയുടെ തുക ലഭിച്ചത് ഇക്കഴിഞ്ഞ മാർച്ചിലാണ്. അതും മൂന്നു തവണയായി. ഉച്ചഭക്ഷണ പദ്ധതിക്ക് ചെലവഴിച്ച വകയിൽ മാർച്ചിലെ ഫണ്ടും പാചകത്തൊഴിലാളികൾക്ക് നൽകാനുള്ള പൈസയും കിട്ടാനുണ്ടെന്നും അധ്യാപകർ പറയുന്നു.
ഇതല്ലാതെ മറ്റ് രീതികളിലും എയ്ഡഡ് മേഖലകളിലെ അധ്യാപകർ അവഗണന നേരിടുന്നു. സർക്കാർ ഡി.എ കുടിശ്ശിക അനുവദിക്കുമ്പോൾ ഏറെ വൈകിയാണ് പ്രൈമറി സ്കൂളുകളിലെ അധ്യാപകർക്ക് ലഭിക്കുന്നത്. എയ്ഡഡ് സ്കൂളുകളിൽ പ്രധാനാധ്യാപകന്റെ തസ്തിക കിട്ടാൻ 12 വർഷത്തെ സർവിസ് വേണം. സ്കെയിൽ അനുവദിക്കണമെങ്കിൽ 15 വർഷത്തെ തുടർച്ചയായ സർവിസും ആവശ്യമാണ്. ഈ അന്യായം അവസാനിപ്പിക്കണമെന്നാണ് എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

