1157 സ്കൂൾ കെട്ടിടങ്ങൾ ‘അൺഫിറ്റ്’; അപകടം അരികെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിൽ അപകടാവസ്ഥയിലുള്ള 1157 ‘അൺഫിറ്റ്’ കെട്ടിടങ്ങൾ. ഇവ ഉപയോഗിക്കാനാകാത്തതും പൊളിച്ചുനീക്കേണ്ടതുമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകി. ഇതിൽ 891 എണ്ണം (77 ശതമാനം) സർക്കാർ സ്കൂളുകളിലാണ്. 263 എണ്ണമാണ് എയ്ഡഡ് സ്കൂളുകളിലുള്ളത്. അൺ എയ്ഡഡിൽ മൂന്നെണ്ണം മാത്രവും.
സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആകെയുള്ള സ്കൂളുകളുടെ എണ്ണം 5551 ആണ്. ഇതിൽ 16 ശതമാനം വിദ്യാലയങ്ങളിലും ഉപയോഗയോഗ്യമല്ലാത്ത കെട്ടിടങ്ങളുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ തന്നെ കണക്കുകൾ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഫിറ്റ്നസ് ലഭിക്കാതെ പ്രവർത്തിക്കാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും ഇവയിൽ മഹാഭൂരിപക്ഷത്തിലും കുട്ടികളെ ഇരുത്തി അധ്യയനം നടത്തുന്നുണ്ട്.
കൊല്ലം തേവലക്കര സ്കൂളിൽ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചതിനെ തുടർന്ന് സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് വ്യാപക ചർച്ചക്കും പരിശോധനക്കും വഴിവെച്ചിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം നിയമസഭയിൽ സി.ആർ. മഹേഷിന്റെ ചോദ്യത്തിന് മന്ത്രി വി. ശിവൻകുട്ടി നൽകിയ മറുപടിയിലാണ് അൺഫിറ്റായ സ്കൂൾ കെട്ടിടങ്ങളുടെ കണക്ക് വ്യക്തമാക്കുന്നത്. കൊല്ലം ജില്ലയിൽ തന്നെയാണ് ഏറ്റവും കൂടുതൽ സ്കൂളുകൾ അൺഫിറ്റ് ഗണത്തിലുള്ളത്; 143 എണ്ണം. ആലപ്പുഴയിൽ 134ഉം തിരുവനന്തപുരത്ത് 120ഉം കെട്ടിടങ്ങളാണുള്ളത്. അൺഫിറ്റ് കെട്ടിടങ്ങളുള്ള അൺഎയ്ഡഡ് സ്കൂളുകളിൽ രണ്ടെണ്ണം കൊല്ലത്തും ഒന്ന് തൃശൂരിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

