സമരം കടുപ്പിച്ച് യു.എൻ.എ, അന്യായമെന്ന് മാനേജ്മെന്‍റ്, സർക്കാർ നിഷ്ക്രിയം, ആരേഗ്യമേഖല വെന്‍റിലേറ്ററിൽ
text_fieldsകോഴിക്കോട്: ശമ്പള വർധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ(യു.എൻ.എ) പണിമുടക്കി സമരം ശക്തമാക്കിയതോടെ ആരേഗ്യമേഖല വെന്‍റിലേറ്ററിലായി. സ്വകാര്യ ആശുപത്രികളിൽ ചികിത്സ കിട്ടാതെ നോട്ടോട്ടത്തിലാണ് രോഗികൾ. അത്യാഹിതവിഭാഗത്തിൽ പോലും പരിചരിക്കാൻ നഴ്സുമാലില്ലാതെ രോഗികൾക്കുമുന്നിൽ നിസ്സഹായരായി കൈമലർത്തുകയാണ് ഡോക്ടർമാർ. പ്രതിസന്ധി രൂക്ഷമായിട്ടും പ്രശ്നപരിഹാരത്തിന് സർക്കാർ ഇടപെടാത്തത് ആക്ഷേപത്തിനിടയാക്കുന്നുണ്ട്.
ഭൂരിഭാഗം സ്വകാര്യ ആശുപത്രികളിലും അത്യാഹിത വിഭാഗത്തിൽ പോലും ചികിത്സമുടങ്ങുകയാണ്. സൂപ്പർ സെഷ്യാലിറ്റി ചികിത്സലഭിക്കുന്ന ആശുപത്രികളിൽവരെ അത്യാഹിതവിഭാഗത്തിലെത്തുന്ന രോഗികളെ തിരിച്ചയക്കുന്നത് രോഗികളെ പ്രതിസന്ധിയിലാക്കുന്നു. മെഡിക്കൽ കോളജ് അടക്കമുള്ള സർക്കാർ ആശുപത്രികളിലും വൻതിരക്കാണ് അനുഭവപ്പെടുന്നത്.
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ വ്യക്തമാക്കുമ്പോൾ സമരംഅവസാനിക്കാതെ ചർച്ചയില്ലെന്ന നിലപാടിലാണ് മാനേജ്മെന്‍റുകൾ. സമരം അന്യായമാണെന്നും നഴ്സുമാർ രോഗികളുടെ ജീവൻവെച്ച് വിലപേശുകയാണെന്നും മാനേജ്മെന്‍റ് അസോസിയേഷൻ ആരോപിച്ചു. നോട്ടീസ് നൽകാതെയാണ് നഴ്സുമാർ പണിമുടക്കി സമരം നടത്തുന്നത്. ഇതുകാരണം ആശുപത്രികളിൽനിന്ന് സർജറി കഴിഞ്ഞവർ തുടർചികിത്സ കിട്ടാതെ പ്രയാസപ്പെടുകയാണ്. നഴ്സുമാർ സമരം അവസാനിപ്പിച്ച് ജോലിക്ക് ഹാജറായില്ലെങ്കിൽ പുതിയ ജീവനക്കാരെ നിയമിക്കുമെന്ന് അസോസിയേഷൻ അറിയിച്ചു. ആശുപത്രിക്കാരാണ് രോഗികളുടെ ജീവൻ വെച്ച് പന്താടുന്നത് എന്നായിരുന്നു യു.എൻ.എ പ്രസിഡന്‍റ് ജാസ്മിൻ ഷായുടെ പ്രതികരണം. ശക്തമായ സമരവുമായി മുന്നോട്ടുനീങ്ങും. ദിവസക്കൂലിയായി 1333 രൂപയാണ് തങ്ങൾ ചോദിക്കുന്നത്. അർഹമായ ആനുകൂല്യം കിട്ടണം. ഇത് അതിജീവന സമരമാണെന്നും സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും ജാസ്മിൻ ഷാ ആവശ്യപ്പെട്ടു.
നഴ്സുമാരില്ലാത്തിനാൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്കുമുന്നിൽ വരെ തങ്ങൾ നിസ്സഹായരാവുകയാണെന്ന് കോഴിക്കോട് ഇഖ്റ ആശുപത്രി അധികൃതർ പറഞ്ഞു. രോഗികളുടെ ജീവൻ വെച്ചുള്ള വിലപേശൽ അവസാനിപ്പിച്ച്, അവകാശങ്ങൾ നേടിയെടുക്കാൻ സക്രിയമായ സമര മുറകളിലേക്ക് നഴ്സുമാർ മാറണമെന്ന് കോഴിക്കോട് ഇഖ്റ ഇന്റർനാഷനൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ നഴുമാരോട് ആവശ്യപ്പെട്ടു. ആശുപത്രി അവശ്യസേവനങ്ങളെ ഇവ്വിധം ബന്ധിയാക്കി വിലപേശുന്നത് പരിഷ്കൃത സമൂഹത്തിൽ കേട്ടു കേൾവിയില്ലാത്ത കാര്യമാണെന്നും ആശുപത്രിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
അപകട്ടത്തിൽപെട്ട് ഗുരുതര പരിക്കേറ്റ മകനുമായി ഇഖ്റ ആശുപത്രിയിലെത്തിയ തന്നോട് നഴ്സുമാരില്ലാത്തത് കാരണം മറ്റ് ആശുപത്രിയിലേക്ക് മാറാൻ ആവശ്യപ്പെട്ടിരുന്നു എന്നും ഏറെ പ്രയാസപ്പെട്ടാണ് മകന് ചികിത്സക്ക് എടുത്തതെന്നും ചേന്ദമംഗല്ലൂർ സ്വദേശി പറഞ്ഞു. ആശുപത്രിയിൽ മാറാൻ ആവശ്യപ്പെട്ടാൽ എങ്ങോട്ട് പോവുമെന്നുള്ള ആശങ്കയിലാണ് കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രികളിൽ വിദഗ്ധ ചികിത്സ തേടിയെത്തിയ രോഗികളും കൂട്ടിരിപ്പുകാരും. സമരം അവനാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

