കാന്തപുരത്തെ സന്ദർശിച്ച് യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്
text_fieldsകോഴിക്കോട്: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. കാരന്തൂർ മർക്കസിൽ എത്തിയാണ് ഷൗക്കത്ത് അബൂബക്കർ മുസ്ലിയാരെ കണ്ടത്. കോഴിക്കോട് ഡി.സി.സി അധ്യക്ഷൻ അഡ്വ. പ്രവീൺ കുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.കെ. നിയാസ് അടക്കമുള്ളവർ ഷൗക്കത്തിനെ അനുഗമിച്ചു.
ഇന്നലെ ആര്യാടൻ ഷൗക്കത്ത് പാണക്കാട്ടെത്തി മുസ് ലിം ലീഗ് മലപ്പുറം ജില്ല അധ്യക്ഷൻ അബ്ബാസലി ശിഹാബ് തങ്ങളെ കണ്ടിരുന്നു. ശിഹാബ് തങ്ങളുടെയും ഹൈദരലി തങ്ങളുടെയും ഖബറിടങ്ങളിൽ പോയി പ്രാർഥിച്ചു. പാണക്കാട് നിന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷമായിരുന്നു മടക്കം. പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പി.എം.എ സലാം, ഇസ്മായിൽ മൂത്തേടം, ടി.പി. അഷ്റഫലി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
പിതാവ് ആര്യാടൻ മുഹമ്മദിന്റെ ഖബറിടത്തിലെ പ്രാർഥനയോടെയാണ് ആര്യാടൻ ഷൗക്കത്ത് ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. വൈകാരികത നിമിഷത്തിലായിരുന്നു തുടക്കം. നിലമ്പൂർ മുക്കട്ട വലിയ പള്ളിയിലെ ഖബറിടത്തിന് മുന്നിൽ മുട്ടുകുത്തി തലകുനിച്ച് വിതുമ്പിയ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയും മുസ് ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടവും ആശ്വസിപ്പിച്ചു.
തുടർന്ന് എടക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ഓഫിസിലെ മുന്‍ ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശിന്റെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. നിലമ്പൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഫൊറോന ചര്‍ച്ച്, ചന്തക്കുന്ന് മാര്‍ത്തോമ്മ പള്ളി, ചുങ്കത്തറ എം.പി.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങൾ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
പിതാവ് ചെയ്ത കാര്യങ്ങൾ പൂര്‍ത്തീകരിക്കാനാണ് വോട്ട് ചോദിക്കുന്നതെന്ന് ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി വികസന മുരടിപ്പാണ് നിലമ്പൂരിൽ. അതിന് മാറ്റം വരണം. മലയോര ജനത വന്യജീവി ആക്രമണത്തില്‍ ജീവനും കൃഷിയും നഷ്ടപ്പെട്ട് നരകതുല്യ അവസ്ഥയിലാണ്. അവരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണും. ആദിവാസികളടക്കമുള്ളവരുടെ പ്രയാസങ്ങള്‍ പരിഹരിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തുമെന്നും ഷൗക്കത്ത് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

