91,000 രൂപയുടെ കള്ളനോട്ടുമായി രണ്ടുപേർ പിടിയിൽ
text_fieldsറാഫേൽ, ഫൈസൽ
മണ്ണാർക്കാട്: 91,000 രൂപയുടെ കള്ളനോട്ടുമായി രണ്ടുപേരെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പാണ്ടിക്കാട് സ്വദേശി റാഫേൽ (47), പൂരൂർ സ്വദേശി ഫൈസൽ (41) എന്നിവരാണ് പിടിയിലായത്. മണ്ണാർക്കാട് കുമരംപുത്തൂർ ഭാഗത്ത് കള്ളനോട്ട് കൈമാറ്റം ചെയ്യാനായി കൊണ്ടുവന്നിട്ടുണ്ടെന്ന് പാലക്കാട് ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
ഡിവൈ.എസ്.പി ടി.എസ്. സിനോജിന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്പെക്ടർ ഇ.ആർ. ബൈജു, സബ് ഇൻസ്പെക്ടർ സാദത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കുമരംപുത്തൂർ കല്ലടി ഹയർസെക്കൻഡറി സ്കൂളിന് സമീപത്തുനിന്നാണ് സംഘത്തെ പിടികൂടിയത്.
സംസ്ഥാനത്തെ കള്ളനോട്ട് മാഫിയയിലെ പ്രധാന കണ്ണികളാണിവരെന്ന് പൊലീസ് പറഞ്ഞു. സബ് ഇൻപെക്ടർ എസ്. ഉണ്ണി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ്കുമാർ, മുബാറക് അലി എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

