ട്രെയിനുകൾ വൈകുന്നത് 30 മിനിറ്റ് മുതൽ 22 മണിക്കൂർ വരെ; നരകയാതനയായി യാത്ര
text_fieldsപാലക്കാട്: മുന്നറിയിപ്പ് നൽകാതെ ട്രെയിനുകൾ കൂട്ടത്തോടെ വൈകിയോടുന്നതും, വഴി തിരിച്ചുവിടുന്നതും പതിവായതോടെ യാത്രക്കാർ നരകയാതനയിൽ. ലൈനുകളിൽ പണി നടക്കുന്നതാണ് വൈകാനും തിരിച്ചുവിടാനും കാരണമെന്നാണ് റെയിൽവേ പറയുന്നത്. 30 മിനിറ്റ് മുതൽ 22 മണിക്കൂർ വരെയാണ് പല ട്രെയിനുകളും വൈകുന്നത്. വ്യാഴാഴ്ച രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തേണ്ട ന്യൂഡൽഹി - തിരുവനന്തപുരം കേരള സൂപ്പർ ഫാസ്റ്റ് 18.30 മണിക്കൂർ വൈകി വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് എത്തിയത്. കോർബ-കൊച്ചുവേളി 2.15 മണിക്കൂറാണ് വൈകി ഓടുന്നത്. മധുര-തിരുവന്തപുരം അമൃത എക്സ്പ്രസ് പാലക്കാട് നിന്ന് 40 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ വൈകിയാണ് മിക്ക ദിവസങ്ങളിലും പുറപ്പെടുന്നത്. വൈകി ഓടുന്നത് പലപ്പോഴും പരസ്യപ്പെടുത്താത്തതിനാൽ ഹ്രസ്വദൂര യാത്രക്കാരാണ് ഏറെ വലയുന്നത്. റെയിൽവേയുടെ അംഗീകൃത ആപ്പുകളിൽ പോലും ഓരോ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന സമയത്തുമാത്രമാണ് വൈകൽ അറിയിക്കുന്നത്. വൈകിയോടുന്നത് ഓരോ 15 മിനിറ്റിൽ മാത്രം അപഡേറ്റ് ചെയ്യുന്നതിനാൽ യാത്രക്കാർക്ക് മുൻകൂട്ടി അറിയാനും കഴിയുന്നില്ല. രാത്രി യാത്രക്കാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്.
ന്യൂഡൽഹി - തിരുവനന്തപുരം കേരള സൂപ്പർഫാസ്റ്റ് രണ്ട് മാസത്തോളമായി മിക്ക ദിവസങ്ങളിലും ഒന്ന് മുതൽ 18 മണിക്കൂർ വരെയാണ് വൈകുന്നത്. റെയിൽ അറിയിക്കുന്നതിനെക്കാളും മണിക്കൂറുകൾ വൈകിയാണ് പല ട്രെയിനുകളും ഓടുന്നത്. മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് ഒന്നിടവിട്ട ദിവസങ്ങളിൽ പാലക്കാട് നിന്ന് 40 മിനിറ്റ് വൈകി പുറപ്പെടുമെന്നാണ് റെയിൽവേ അറിയിപ്പ്. എന്നാൽ, മിക്ക ദിവസങ്ങളിലും രണ്ട് മണിക്കൂർ വരെ വൈകിയാണ് തൃശൂരിലെത്തുന്നത്. പറളിയിൽ പിടിച്ചിടുന്നതും പതിവാണ്. ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ ശ്രമിക്കുന്നവർക്ക് കടുത്ത ദുരിതമാണ് റെയിൽവേ നൽകുന്നത്. റെയിൽവേ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിട്ടും വൈകി ഓടലിൽ നടപടിയില്ലെന്ന് ആക്ഷേപമുണ്ട്. ജനപ്രതിനിധികൾക്കും ഇക്കാര്യത്തിൽ അയഞ്ഞ സമീപനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

