ജാഗ്രത! മാക്കൂട്ടം ചുരം ഉൾപ്പെടെയുള്ള റോഡുകളിൽ ജൂലൈ ഒമ്പത് വരെ ഭാരവാഹന നിയന്ത്രണം
text_fieldsഇരിട്ടി: കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഭീഷണിയുള്ള മാക്കൂട്ടം ചുരം പാത ഉൾപ്പെടെ, കുടക് ജില്ലയിലെ റോഡുകളിൽ ജൂലൈ ഒമ്പതുവരെ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. 18.5 ടണ്ണിൽ കൂടുതലുള്ള ചരക്ക് വാഹനങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. പൊതുഗതാഗത സംവിധാനങ്ങൾക്കും സ്കൂൾ വാഹനങ്ങൾക്കും നിരോധനമില്ല.
തടി, മണൽ ലോഡ് വാഹനങ്ങൾക്കും കണ്ടെയ്നറുകൾ, ടാങ്കറുകൾ, ടിപ്പറുകൾ എന്നിവയ്ക്കും നിരോധനം ബാധകമാണ്. ഇത്തരം വാഹനങ്ങൾ ചെക്പോസ്റ്റുകളിൽ തടയും. പച്ചക്കറി കൊണ്ടുപോകുന്ന സാധാരണ ചരക്കുവാഹനങ്ങൾക്കും ലോറികൾക്കും പാചകവാതകം, ഇന്ധനങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും നിയന്ത്രണം ബാധകമല്ലെന്ന് മടിക്കേരി ഡെപ്യൂട്ടി കമീഷണർ എസ്.ജെ. സോമശേഖർ അറിയിച്ചു.
അതേസമയം, കേരളത്തിൽ 14 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശനിയാഴ്ച മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചിലസമയത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ശനിയാഴ്ച മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

