Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഹരിത' വിഷയത്തിൽ ചില...

'ഹരിത' വിഷയത്തിൽ ചില അരുതായ്മകൾ സംഭവിച്ചെന്ന് ടി.പി. അഷ്റഫലി

text_fields
bookmark_border
TP Asharafali
cancel

കോഴിക്കോട്: ഹരിത സംസ്ഥാന കമ്മിറ്റി‍യെ പിരിച്ചുവിടുകയും എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് പദവിയിൽ നിന്ന് ഫാത്തിമ തഹ് ലിയയെ നീക്കം ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ദേശീയ പ്രസിഡന്‍റ് ടി.പി. അഷ്റഫലി. ചില അരുതായ്മകൾ സംഭവിച്ചുവെന്ന കാര്യം ഉണ്ടായിരിക്കെ തന്നെ, മാതൃസംഘടന ഒരു ആത്യന്തിക നടപടി എടുക്കുമ്പോൾ അതൃപ്തികളുണ്ടെങ്കിൽ കൂടി നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് ഒരു സംഘടനായി പോകുന്നതിന് ഗുണമാവില്ലെന്ന് അഷ്റഫലി ഫേസ്ബുക്കിൽ കുറിച്ചു. പരിഹാരമില്ലാതെ പ്രശ്നങ്ങൾ നീണ്ടുപോകുന്നത് നമുക്ക് മുന്നിലുള്ള സാമൂഹിക ദൗത്യ നിർവ്വഹണത്തിന്‍റെ വേഗം കുറക്കാനെ ഉപകരിക്കൂ. മുസ് ലിം ലീഗ് നേതൃത്വത്തിന് കീഴിൽ വിശ്വാസപൂർവ്വം നിലനിൽക്കണമെന്നും ടി.പി. അഷ്റഫലി പോസ്റ്റിൽ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

മുസ്‌ലിം ലീഗ് അടിസ്ഥാനപരമായി പ്രതിനിധാനം ചെയ്യുന്നത് സ്വത്വ രാഷ്ട്രീയമാണ്. അതിനകത്ത് മുസ് ലിം, ദളിത്, സ്ത്രീ, ഭിന്നലിംഗങ്ങൾ തുടങ്ങി എല്ലാ പിന്നാക്ക ന്യൂനപക്ഷങ്ങളുടെയും രാഷ്ട്രീയ അസ്ഥിത്വം ഉൾപ്പെടും. ഓരോരുത്തർക്കും അവരുടേതായ ഇടങ്ങളിൽ കൃത്യമായ ബോധ്യത്തോടെ ഇടപെടാനുള്ള രാഷ്ട്രീയ മുന്നേറ്റം ഉണ്ടാവുക എന്നത് സ്വത്വ രാഷ്ട്രീയത്തിൽ പ്രധാന്യമുള്ള ഒന്നാണ്. ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം പ്രത്യേക വിഭാഗങ്ങളുടെ കൂട്ടായ്മക്ക് അതിപ്രാധാന്യങ്ങളുണ്ട്.

10 വർഷങ്ങൾക്ക് മുമ്പ് ഹരിത രൂപീകരിക്കുന്ന സമയത്ത് ആളുകൾ ഇതെങ്ങിനെ സ്വീകരിക്കുമെന്ന ആശങ്കകൾ ഒട്ടേറെയുണ്ടായിരുന്നു. ഹരിതയുടെ പ്രാഥമിക ദൗത്യങ്ങൾ ഒരുപാടുണ്ട്. തെരഞ്ഞെടുപ്പ് രംഗത്ത് സാന്നിധ്യം അറിയിക്കുക എന്നത് പോലും ദ്വിതീയമാണ്. പകുതിയിലധികവും പെൺകുട്ടികളാണ് കാമ്പസുകളിൽ പഠിക്കുന്നത്. അക്കാദമിക, അക്കാദമികേതര മുന്നേറ്റങ്ങൾ കൂടി വിലയിരുത്തിയാൽ പെൺ സാന്നിധ്യം നേട്ടം അടയാളപ്പെടുത്തിയ ഗ്രാഫ് കാണാം. ഈ നേട്ടമുണ്ടാക്കുന്ന തലമുറയോട് അവരുടെ സ്ത്രീയെന്ന സ്വത്വത്തെ കുറിച് ബോധ്യമുള്ളവരാകണമെന്നും, അതിനുതകുന്ന രാഷ്ട്രീയ, സാമൂഹിക ഇടങ്ങൾ തേടി നടക്കുന്ന സമയത്ത് ഒട്ടും അഭിലഷണീയമല്ലാത്ത ഇടങ്ങളിലേക്ക് നമ്മുടെ വിദ്യാർത്ഥിനികൾ കടന്നു ചെല്ലുന്നതിന് പകരം ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബും, സീതി സാഹിബും, സി.എച്ചും, ശിഹാബ് തങ്ങളും മുന്നോട്ട് വെച്ച മുസ്ലിം ലീഗിന്‍റെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക, വിദ്യാഭ്യാസ, മത വീക്ഷണങ്ങൾ മുന്നോട്ട് വെക്കുകയാണ് ഹരിത ചെയ്യുന്നത്.

സ്തീകളും കുട്ടികളും വിദ്യാർഥിനികളും പ്രശ്നങ്ങൾ നേരിടുന്ന അവസരത്തിൽ അതിലിടപെട്ടും സാമുദായിക പ്രാതിനിധ്യം അറിയിക്കാനുമാണ് ഇത്തരം കൂട്ടായ്മകൾ രൂപീകരിച്ചത്. എല്ലാ സ്വത്വങ്ങളുടെയും സംഘടിത രൂപത്തിന് കൃത്യമായി പ്രാധാന്യം നൽകേണ്ടതും അവരുടെ ഇടങ്ങളിലെ പ്രശ്നങ്ങളിൽ ഇടപെടാൻ കരുത്തും കഴിവും സ്വയം ആർജ്ജിക്കുക കൂടി ചെയ്യുമ്പോഴാണ് ശാക്തീകരണം സാധ്യമാവുന്നത്. ഇതുവരെയുള്ള ഹരിത കമ്മറ്റികൾ അത്തരം സോഷ്യൽ എഞ്ചിനീയറിങ്ങിന്‍റെ ഭാഗമായാണ് പ്രവർത്തിച്ചത്. തുടർന്നുള്ള കമ്മിറ്റിയും അങ്ങിനെ തന്നെയായിരിക്കും.

ആയിഷ ബാനുവിന്‍റെയും റുമൈസയുടെയും നയനയുടെയും നേതൃത്വത്തിലുള്ള പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഹരിത സംസ്ഥാന കമ്മിറ്റിക്കും അതിന് സാധിക്കട്ടെ. എല്ലാവിധ ആശംസകളും പ്രാർഥനകളും നേരുന്നു. സ്ത്രീയേ കുഴിച്ചുമൂടിയ കാട്ടാള അന്തരീക്ഷത്തിൽ നിന്ന് സ്ത്രീക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സമൂഹമായി ഒരു ജനതയെ പരിവർത്തനം ചെയ്ത പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ രീതിശാസ്ത്രത്തിന്‍റെ ആധുനിക രൂപം കൂടിയാണ് സ്ത്രീ മഹത്വം മനസിലാക്കിയുള്ള നിലവിലെ സോഷ്യൽ എഞ്ചിനീയറിങ്.

ഏതൊരു മനുഷ്യരോടും, വിശിഷ്യാ സ്ത്രീയോട്, വളരെ മാന്യമായി പെരുമാറാൻ വിശ്വാസപരമായി കൂടി ഉത്തരവാദിത്തമുള്ളവരാണ് നമ്മൾ. ചില അരുതായ്മകൾ സംഭവിച്ചുവെന്ന കാര്യം ഉണ്ടായിരിക്കെ തന്നെ, മാതൃസംഘടന ഒരു ആത്യന്തിക നടപടി എടുക്കുമ്പോൾ അതൃപ്തികൾ ഉണ്ടെങ്കിൽ കൂടി നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് ഒരു സംഘടനായി പോകുന്നതിന് ഗുണമാവില്ല. പരിഹാരമില്ലാതെ പ്രശ്നങ്ങൾ നീണ്ടുപോകുന്നത് നമുക്ക് മുന്നിലുള്ള സാമൂഹിക ദൗത്യ നിർവ്വഹണത്തിന്‍റെ വേഗം കുറക്കാനെ ഉപകരിക്കൂ. അതിനാൽ മുസ് ലിം ലീഗ് നേതൃത്വത്തിന് കീഴിൽ വിശ്വാസപൂർവ്വം നിലനിൽക്കുക.

ആത്മാഭിമാനം ഒരോരുത്തരുടെയും ജനാധിപത്യ അവകാശമാണ്. അത് ഉറപ്പ് വരുത്തേണ്ടത് ഓരോ വ്യക്തിയുടെയും, സംഘടനയുടെയും, സമൂഹത്തിന്‍റെയും ഉത്തരവാദിത്തമാണ്. അതിൽ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. സമൂഹത്തിലെ വിവിധ ശ്രേണികൾ മുസ് ലിം ലീഗിലേക്ക് കടന്നു വരുന്ന കാലമാണിത്. മുസ്‌ലിം ലീഗ് നവീനമായ ഒരു പ്രായോഗിക രാഷ്ട്രീയ മുഖം സ്വീകരിക്കുന്നതിന്നായി ഉപസമിതി രൂപീകരിച്ച് മുന്നോട്ട് വരുന്ന സമയമാണിത്. അതിനോട് ചേർന്ന് നിന്ന് പാർട്ടിയെ വളർത്തേണ്ട ചുമതല ഓരോരുത്തർക്കും ഉണ്ട്.

മറിച്ച് നേതാക്കളുടെയൊ, പ്രവർത്തകരുടെയോ മറ്റു പാർട്ടികളിലെ നേതാക്കളുടെയോ ചിത്രങ്ങൾക്ക് താഴെ ചെന്ന് സമൂഹ മാധ്യമങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും വിഴുപ്പു പറയുന്നത് സത്യത്തിൽ പാർട്ടിക്ക് ദോഷം ചെയ്യാനേ ഉപകരിക്കൂ. നമ്മൾ ചെയ്യുന്ന ഒരു സോഷ്യൽ മീഡിയ കമൻ്റ് നമ്മുടെ വ്യക്തിത്വത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കണം. ലീഗ് രാഷട്രീയത്തിന്‍റെ അനിവാര്യത മനസിലാക്കി മറ്റുള്ളവർക്ക് പാർട്ടിയിൽ ചേരാനുള്ള താൽപര്യം ഇത്തരം ചെയ്തികൾ വഴി വർധിക്കുകയാണോ കുറയുകയാണോ ചെയ്യുക എന്ന് നമ്മൾ ഓരോരുത്തരും വിലയിരുത്തണം. ലീഗ് അനുഭാവികളോ, അഭ്യുദയകാംക്ഷികളോ ആയവർക്കും, പൊതുസമൂഹത്തിനും ഈ കമൻറുകൾ വഴി പാർട്ടിയോടുള്ള അകലം വർധിപ്പിക്കുമെന്നതും നമ്മൾ മനസിലാക്കേണ്ട ഒന്നാണ്. അതുപോലെ ശ്രദ്ധിക്കേണ്ടതാണ് ഊഹങ്ങൾ ഏറ്റുപിടിച്ച് സംസാരിക്കുന്നതും.

ഖുർആൻ പറയുന്നു; "സത്യവിശ്വാസികളേ, നിങ്ങള്‍ അധിക ഊഹങ്ങളും വര്‍ജിക്കുവിന്‍. എന്തെന്നാല്‍ ഊഹങ്ങളില്‍ ചിലത് കുറ്റകരമാണ്" (അല്‍ ഹുജറാത്ത്: 12). അതുകൊണ്ട്, വസ്തുകൾ സ്വീകരിച്ച് കാര്യങ്ങൾ വിശകലനം ചെയ്യാൻ, ഉത്തരവാദിത്തപ്പെട്ട ഒരു പാർട്ടിയുടെ അണികളെന്ന നിലക്ക് നമുക്ക് ബാധ്യതകളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HarithaFathima ThahiliyaTP Asharafali
News Summary - TP Asharafali react to Haritha and Fathima Thahiliya Issues
Next Story