തിരൂരങ്ങാടിയിൽ പോരാട്ടവീറ്
text_fieldsഎൽ.ഡി.എഫ് സ്ഥാനാർഥി അജിത് കൊളാടി പ്രചാരണത്തിനിടെ
പരപ്പനങ്ങാടി: യു.ഡി.എഫിന് നല്ല വേരോട്ടമുള്ള മണ്ഡലങ്ങളിലൊന്നാണ് തിരൂരങ്ങാടി. എങ്കിലും ഇത്തവണ ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ് ഇടതുമുന്നണി. യു.ഡി.എഫ് സ്ഥാനാർഥിയായി മുസ് ലിം ലീഗ് സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗവും ജില്ല ജോ. സെക്രട്ടറിയുമായ പി.എം.എ സമീറും എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.ഐ സംസ്ഥാന സമിതി അംഗം അജിത് കൊളാടിയും തമ്മിലാണ് പ്രധാന മത്സരം.
എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി യിലെ റിജു. സി. രാഘവും എസ്.ഡി.പി.ഐ സ്ഥാനാർഥിയായി ഹമീദ് പരപ്പനങ്ങാടിയും രംഗത്തുണ്ട്. പി.ഡി.പിയുടെ പിന്തുണ ഇടതിനും വെൽഫെയർ പാർട്ടി പിന്തുണ യു.ഡി.എഫിനുമാണ്. പി.എം.എ സമീറിന്റെ സ്ഥാനാർഥിത്വം ആദ്യഘട്ടത്തിൽ അണികൾക്കിടയിലും ഒരു വിഭാഗം നേതാക്കൾക്കിടയിലും മുറുമുറുപ്പിന് കാരണമായിരുന്നു. പിന്നീട് നേതൃത്വം ഇടപെട്ടതോടെയാണ് ചർച്ചകൾ അവസാനിച്ചത്.
എഴുത്തുകാരനും പ്രഭാഷകനുമെന്ന നിലയിൽ ശ്രദ്ധേയനായ സി.പി.ഐ നേതാവ് അജിത് കൊളാടി മതേതര മൂല്യങ്ങൾക്കായി ശബ്ദിക്കുന്ന നേതാവാണ്. മണ്ഡലത്തിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് ഇടത് പ്രതീക്ഷ. സർക്കാരിന്റെ വികസന നേട്ടങ്ങളും മണ്ഡലത്തിലെ വികസന പോരായ്മകളും വോട്ടാകുമെന്നാണ് എൽ.ഡി.എഫ് കണക്ക് കൂട്ടൽ.
2021 ൽ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.പി.എ. മജീദിന് 73,499 വോട്ട് ലഭിച്ചപ്പോൾ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് 63,921 വോട്ടുകൾ നേടി. 9,578 വോട്ട് ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർഥി കെ.പി.എ മജീദ് വിജയിച്ചത്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫിന്റെ ലീഡ് മുപ്പതിനായിരത്തിന് മുകളിലാണ്.
വികസനത്തിന് ശക്തി പകരും -പി.എം.എ സമീർ
തിരൂരങ്ങാടിയുടെ മതേതര മനസ് എന്നും മുസ് ലിം ലീഗിനോടൊപ്പമാണ്. മണ്ഡലത്തിന്റെ വികസനത്തിന് ശക്തി പകരും. ഐ.ഐ.എസ്.ടി വിദ്യാഭ്യാസ സമുച്ചയ പദ്ധതി പൂർത്തീകരണം, ഡി.ഇ.എഡ് സെൻററിന് സ്വന്തം കെട്ടിടവും കാമ്പസ് സൗകര്യങ്ങളും, പ്ലാനറ്റേറിയം പദ്ധതിയുടെ പൂർത്തീകരണം, ടൂറിസം പദ്ധതികളുടെ വിപുലീകരണം തുടങ്ങിയവ പൂർത്തീകരിക്കുന്നതോടൊപ്പം ഭാവനാത്മകമായ വിവിധ പദ്ധതികളും കൊണ്ടുവരും.
സ്വപ്നങ്ങൾ യാഥാർഥ്യമാക്കും -അജിത് കൊളാടി
ചരിത്രം ഉറങ്ങിക്കിടക്കുന്ന ഭൂമിയാണ് തിരൂരങ്ങാടി മണ്ഡലം. ഒരു പാട് വികസന നേട്ടങ്ങൾ വരാനുള്ള ഇടമാണിത്. കടലും പുഴയും കായലും സംഗമിക്കുന്ന മണ്ഡലത്തെ ടൂറിസത്തിന്റെ പറുദീസയാക്കാം. താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയാക്കി മാറ്റണം. ചെമ്മാട് ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കണം. പരപ്പനങ്ങാടിയിൽ സൗകര്യപ്രദമായ ബസ് സ്റ്റാന്റുണ്ടാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

