വീണ്ടും പുലിയുടെ സാന്നിധ്യം; പുലിയെ നേരിൽക്കണ്ട് ഐ.ടി.ഐ വിദ്യാർഥി
text_fieldsപാലക്കാട്: വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ പുലിയെക്കണ്ട് ഭയന്ന് വിദ്യാർഥി. മുണ്ടൂർ ഐ.ടി.ഐ വിദ്യാർഥി പാലക്കയം വാക്കോട് നിരവിൽ പുള്ളിക്കാട്ടിൽ വിനോദിന്റെ മകൻ അഭിജിത്ത് പി. വിനോദ് (21) ആണ് പുലിയെ നേരിൽക്കണ്ടത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഇടക്കുർശ്ശിയിൽനിന്ന് മുടിവെട്ടി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഭിജിത്ത്, പതിവുപോലെ റോഡരികിൽ വാഹനം നിർത്തി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണു പുലിയെക്കണ്ടത്.
പാലക്കയം റോഡിൽനിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയാണ് അഭിജിത്തിന്റെ വീട്. വീട്ടിൽ നിന്ന് 200 മീറ്റർ അകലെയുള്ള ഭാഗം വരെയാണ് വാഹനമെത്തുന്നത്. വാഹനം നിർത്തി വീട്ടിലേക്കു നടക്കുന്നതിനിടെ തോട്ടത്തിന്റെ ഭാഗത്തുനിന്നു മുരൾച്ച പോലുള്ള ശബ്ദം കേട്ടെങ്കിലും കാര്യമാക്കിയില്ല. തുടർന്ന്, ടോർച്ച് അടിച്ചു നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. പുലി മുരണ്ടതോടെ ഭയന്ന അഭിജിത്ത് തിരിഞ്ഞോടി താഴെയുള്ള സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു.
ഏതാനും ദിവസങ്ങളായി പ്രദേശത്തു പുലിയുടെ സാന്നിധ്യത്തെക്കുറിച്ചു നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഭിജിത്തിന്റെ അമ്മ നേരത്തെ പുലിയുടെ മുരൾച്ച കേട്ടതായി പറഞ്ഞു. പ്രദേശത്തെ റബർ തോട്ടങ്ങളിൽ ടാപ്പിങ് ജോലിക്കെത്തുന്നവരും പുലിയെ കണ്ടതായും പറയുന്നുണ്ട്. രണ്ടുദിവസം മുമ്പ് അഭിജിത്തിന്റെ അച്ഛൻ വിനോദും പുലിയുടെ ശബ്ദം കേട്ടിരുന്നു. വിനോദിന്റെ ഭാര്യ അലക്കുന്നതിനിടയിലും പുലിയുടെ ശബ്ദം കേട്ടതായി കുടുംബം പറയുന്നു.
മാച്ചാംതോട് ചെന്തണ്ടിൽ മുമ്പ് പുലി പശുവിനെ പിടിച്ച സംഭവത്തിൽ വനംവകുപ്പ് ഇവിടെ കൂടു സ്ഥാപിച്ചിരുന്നു. പിന്നീട് പുലി കുടുങ്ങിയെങ്കിലും അതിനു ശേഷവും മാച്ചാംതോട് ഭാഗത്തു പുലിയുടെ സാന്നിധ്യമുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. തുടർന്ന് വീണ്ടും കൂടു സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാൻ കഴിയാത്തതിനെത്തുടർന്നു കൂട് വാക്കോട് നിരവ് ഭാഗത്തേക്കു മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഈ കൂട് സ്ഥാപിച്ചിരിക്കുന്ന പ്രദേശത്തിനു സമീപത്താണ് ഇപ്പോൾ അഭിജിത്ത് പുലിയെ കണ്ടതായി പറയുന്നത്. പ്രദേശത്ത് റോഡിൽ വൈദ്യുതി വിളക്കുകൾ കാര്യമായി പ്രകാശിക്കാത്തതും പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. രാത്രി ഈ ഭാഗത്തു വെളിച്ചമില്ലാത്തതിനാൽ വന്യമൃഗങ്ങളുടെ സാന്നിധ്യം സംബന്ധിച്ച ഭീതിയിലാണു നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

