ആ പാട്ടിലൂടെ അവർ മലയാളികളുടെ ഹൃദയത്തിൽ കൂടുകൂട്ടി
text_fieldsഹരിഹരൻ
കോഴിക്കോട്: ആശാ ഭോസ്ലെ തന്റെ മാസ്മരികശബ്ദത്തിൽ പാടി അനശ്വരമാക്കിയ ഒരു പാട്ട് മലയാള സിനിമയിലുമുണ്ട്. ഹരിഹരന്റെ സംവിധാനത്തിൽ 1977ൽ പുറത്തിറങ്ങിയ സുജാതയിലെ ‘സ്വയംവര ശുഭദിന മംഗളങ്ങൾ അനുമോദനത്തിന്റെ ആശങ്കകൾ...’ എന്നു തുടങ്ങുന്ന ഗാനമാണത്. മാങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക് രവീന്ദ്ര ജെയിൻ സംഗീതം നൽകിയ ഈ ഗാനം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ആ പാട്ടിനെ കുറിച്ചും ആശ ഭോസ്ലെയെ കുറിച്ചുമുള്ള ഓർമകൾ പങ്കുവെക്കുകയാണ് ഹരിഹരൻ.
തന്റെ സിനിമകളിലെ പാട്ടുകളിൽ വ്യത്യസ്തമായ ശബ്ദങ്ങൾ പരീക്ഷിക്കുന്നത് ഹരിഹരന് വലിയ താൽപര്യമായിരുന്നു. ബോംബെ രവി, ലക്ഷ്മികാന്ത് പ്യാരേലാൽ, സലിൽ ചൗധരി, രവീന്ദ്ര ജെയിൻ, ഇളയരാജ തുടങ്ങി ഒരുപാട് അന്യഭാഷ സംഗീത സംവിധായകരെ മലയാളത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം. സുജാതയിലെ പാട്ടുകൾക്ക് സംഗീത സംവിധായകനെ അന്വേഷിച്ചുനടന്നപ്പോൾ യേശുദാസാണ് രവീന്ദ്ര ജെയിനിനെ കുറിച്ച് പറഞ്ഞത്.
തുടർന്ന് ചിത്രത്തിന്റെ നിർമാതാവായിരുന്ന പി.വി. ഗംഗാധരനുമായി സംസാരിച്ച് ഹരിഹരനും മാങ്കൊമ്പ് ഗോപാലകൃഷ്ണനും കൂടി ബോംബെയിലേക്ക് വണ്ടികയറി. രവീന്ദ്ര ജെയിനിനെ കണ്ട് പാട്ടിന്റെ കാര്യം പറഞ്ഞു. അദ്ദേഹം മനോഹരമായി പാട്ട് കമ്പോസ് ചെയ്തു. ഈ പാട്ട് ആശ ഭോസ്ലെയെകൊണ്ട് പാടിപ്പിച്ചാൽ എങ്ങനെയിരിക്കുമെന്ന് ഹരിഹരൻ രവീന്ദ്ര ജെയിനിനോട് ചോദിച്ചു.
നന്നായിരിക്കുമെന്നായിരുന്നു മറുപടി. അങ്ങനെയാണ് സുജാത വഴി മലയാള സിനിമയിലേക്ക് ആശ ഭോസ്ലെയുടെ എൻട്രി. അന്ന് മാങ്കൊമ്പ് ഗോപാലകൃഷ്ണനായിരുന്നു പാട്ടിലെ വരികളും മലയാള ഉച്ചാരണവും ആശ ഭോസ്ലെക്ക് പറഞ്ഞുകൊടുത്ത്. ഒറ്റദിവസം കൊണ്ട് അവർ പാട്ടു പഠിച്ചു. മലയാള ഉച്ചാരണം പെട്ടെന്ന് ഗ്രഹിച്ചുവെന്നും ഹരിഹരൻ ഓർക്കുന്നു. ആ പാട്ട് വലിയ ഹിറ്റായിരുന്നു. സുജാതയിലെ മറ്റൊരു പാട്ട് ലതാമങ്കേഷ്കറെ കൊണ്ട് പാടിക്കണമെന്നും ഹരിഹരൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അവരുടെ തിരക്കുകാരണം നടന്നില്ല.
പിന്നീട് വർഷങ്ങൾക്കു ശേഷം ഒരു സ്വകാര്യ ചാനലിന്റെ ഉദ്ഘാടന വേദിയിൽ ഹരിഹരനും ആശാ ഭോസ്ലെയും വീണ്ടും കണ്ടുമുട്ടി. വർഷങ്ങൾ കഴിഞ്ഞിട്ടും ഹരിഹരനെ അവർ മറന്നിരുന്നില്ല. മലയാള സിനിമയിൽ പാടാൻ അവസരം നൽകിയ ആളെന്ന് പറഞ്ഞായിരുന്നു അവരുടെ ഓർമപുതുക്കൽ. അന്നവർ ആ പാട്ടിന്റെ നാലുവരി പാടുകയും ചെയ്തു.
മുഹമ്മദ് റഫി, തലത്ത് മഹ്മൂദ്, ലത മങ്കേഷ്കർ, എസ്.പി. ബാലസുബ്രഹ്മണ്യം, യേശുദാസ് തുടങ്ങി ഓരോ കാലഘട്ടത്തിലും ഇത്തരം പ്രതിഭകളുണ്ടായിട്ടുണ്ട്. ആ ശ്രേണിയിൽപെട്ട ഗായികയാണ് ഇപ്പോൾ വിടപറഞ്ഞിരിക്കുന്നതെന്നും അവരുടെ വിയോഗം തീരാനഷ്ടമാണെന്നും ഹരിഹരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

