തെരുവത്ത് രാമൻ മുഖപ്രസംഗ അവാർഡ് 'മാധ്യമം' എഡിറ്റർ വി.എം. ഇബ്രാഹീമിന്
text_fieldsകോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2021ലെ മികച്ച മുഖപ്രസംഗത്തിനുള്ള തെരുവത്ത് രാമൻ അവാർഡിന് 'മാധ്യമം' എഡിറ്റർ വി.എം. ഇബ്രാഹീം അർഹനായി. 2021 ജൂലൈ ആറിന് മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച 'മനുഷ്യത്വം കുരിശേറുമ്പോൾ' എന്ന മുഖപ്രസംഗത്തിനാണ് അവാർഡ്.
പ്രമുഖ മാധ്യമ നിരീക്ഷകൻ ഡോ. സെബാസ്റ്റ്യൻ പോൾ, മുതിർന്ന മാധ്യമ പ്രവർത്തകരായ പി. സുജാതൻ, പി.എസ്. നിർമല എന്നിവരടങ്ങിയ ജൂറിയാണ് അവാർഡിനു അർഹമായ മുഖപ്രസംഗം തെരഞ്ഞെടുത്തതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി.എസ്. രാകേഷും വാർത്താക്കുറിപ്പിൽ അറിയിച്ചു.
10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാർഥം കുടുംബം ഏർപ്പെടുത്തിയതാണ്. ആദിവാസി-ദലിത് വിഭാഗങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതിന് ഭരണകൂട വേട്ടക്കിരയായ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തെ വിശകലനം ചെയ്യുന്ന മുഖപ്രസംഗമായിരുന്നു ഇത്. വസ്തുതയും വിശകലനവും ഉൾകൊള്ളുമ്പോൾ തന്നെ വായനക്കാരന്റെ ഹൃദയത്തെ സ്പർശിക്കാൻ കഴിയുന്ന എഴുത്താണ് ഈ മുഖപ്രസംഗത്തെ ശ്രദ്ധേയമാക്കുന്നതെന്ന് ജൂറി വിലയിരുത്തി.
2001 ജൂണിൽ 'മാധ്യമ'ത്തിൽ അസി. എക്സിക്യൂട്ടീവ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ച വി.എം. ഇബ്രാഹീം മാധ്യമത്തിലും ഗൾഫ് മാധ്യമത്തിലും എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. 2021 ഏപ്രിൽ മുതൽ പത്രാധിപർ. 'ചെകുത്താനും ചൂണ്ടുവിരലും', 'തീർഥാടകന്‍റെ കനവുകൾ' (വിവർത്തനം) എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു.
ഉർദു സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം മലപ്പുറം അബ്ദുറഹ്മാൻ നഗറിലെ പരേതനായ വി.എം അബ്ദുറഹ്മാന്‍റെയും ഖദീജയുടെയും മകനാണ്. ഫാറൂഖ് കോളജ് ആസാദ് ഭവനിൽ താമസം. ഭാര്യ: ഹാജറ എ.കെ. മക്കൾ: റജാ ഖാതൂൻ, റാജി ഇസ്മാഈൽ, നാജി ഇസ്ഹാഖ്. ജാമാതാവ്: നിയാസ് അഹ്മദ്.
മുഖപ്രസംഗം വായിക്കാൻ: 'മനുഷ്യത്വം കുരിശേറുമ്പോൾ'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

