തദ്ദേശത്തിൽ പ്രതിപക്ഷമില്ല; കേവല ഭൂരിപക്ഷവും
text_fieldsതിരുവനന്തപുരം: അധികാരമേൽക്കുന്ന മുന്നണിയെ ഭരണപക്ഷമെന്നും എതിരാളിയെ പ്രതിപക്ഷമെന്നും പറയാറുണ്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ അങ്ങനെയൊരു നിർവചനമില്ലെന്നതാണ് യാഥാർഥ്യം. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളെ പോലെ അധികാരം ലഭിക്കാൻ കേവലഭൂരിപക്ഷം എന്നൊരു സാങ്കേതികത്വവും തദ്ദേശ തെരഞ്ഞെടുപ്പിലില്ല. മത്സരിച്ച് ഏറ്റവും കൂടുതൽ അംഗങ്ങൾ വിജയിച്ചുവരുന്ന മുന്നണിക്ക് ഭരിക്കാം.
വിജയിക്കുന്ന എല്ലാ അംഗങ്ങളും ഭരണത്തിൽ ഭാഗഭാക്കാവുന്നതുകൊ ണ്ടാണ് ഭരണ- പ്രതിപക്ഷ വ്യത്യാസം ഇവിടെ സാങ്കൽപികം മാത്രമാകുന്നത്. എന്നാൽ മേയർ, ചെയർ പേഴ്സൺ, പ്രസിഡന്റ് എന്നിവരുടെയും ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്സൺ, വൈസ് പ്രസിഡന്റ് എന്നീ തെരഞ്ഞെടുപ്പുകളിൽ ഇത് പലപ്പോഴും പ്രതിസന്ധി ഉണ്ടാക്കിയേക്കും.ഉദാഹരണത്തിന് ഒരു തദ്ദേശസ്ഥാപനത്തിൽ 100 വാർഡുണ്ടെങ്കിൽ ഒരു മുന്നണിക്ക് 40 ഉം, അടുത്തമുന്നണിക്ക് 32 ഉം വേറൊരു മുന്നണിക്ക് 28 ഉം സീറ്റ് ലഭിച്ചാൽ 40 കിട്ടിയ കക്ഷിക്ക് ആ തദ്ദേശസ്ഥാപനം ഭരിക്കാം.
അവിടെ കേവല ഭൂരിപക്ഷം എന്നൊരു സാങ്കേതികത്വം ഉണ്ടാവില്ല. പക്ഷെ, മേയർ അടക്കം ഭരണം നിയന്ത്രിക്കുന്ന സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരുമ്പോൾ ഭരണകക്ഷിയിൽനിന്ന് കുറവ് സീറ്റ് കിട്ടിയ കക്ഷികൾ സംയുക്തമായി ഒരു സ്ഥാനാർഥിയെ നിർത്തിയാൽ വോട്ടിങ്ങിൽ ഭരണകക്ഷിക്ക് വെല്ലുവിളിയാകും. ഒരുപക്ഷെ, അവർ വോട്ടിങ്ങിൽ പരാജപ്പെട്ടെന്നും വരാം. ൃഅങ്ങനെ സംഭവിച്ച ചരിത്രവും കേരളത്തിലുണ്ട്. ഭരിക്കുന്നത് ഒരു മുന്നണിയും നേതൃത്വത്തിലേക്ക് എത്തുന്ന വ്യക്തി എതിർ ചേരിയിലുള്ള ആളാവുകയും ചെയ്യാം. അത് ഒഴിവാക്കാൻ മിക്കവാറും ‘അഡ്ജസ്റ്റ്മെന്റിൽ’ ഒരുകക്ഷി വോട്ടിങ് ബഹിഷ്കരിക്കുകയാണ് പതിവ്. അഡ്ജസ്റ്റ്മെന്റ് പാളിയാൽ വലിയ പണിയാവും വരിക.
മറ്റുചില സാഹചര്യങ്ങളിൽ വിപ്പ് നൽകാറുണ്ട്. ആ പാർട്ടി പറയുന്ന രീതിയിൽ മാത്രമെ വോട്ടെടുപ്പിൽ പങ്കെടുക്കാവൂ എന്നതാണ് വിപ്പ്. അത് ലംഘിച്ചാൽ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയാൾ അയോഗ്യനാകും. പിന്നെ ആറുകൊല്ലത്തേക്ക് മത്സരിക്കാനാവില്ല.
അതുപോലെയാണ് പ്രതിപക്ഷം എന്ന സാങ്കേതികത്വവും. തദ്ദേശ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചാണ് ഭരിക്കുന്നത്. കാരണം, വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സ്ഥിരംസമിതികളിൽ വിജയിച്ച് വരുന്നവരെല്ലാം അംഗങ്ങളാണ്. അതിനാൽ, വേർതിരിവുകൾ ഇല്ലെന്നതാണ് വസ്തുത. പക്ഷെ, വീറും വാശിയുമാണ് പ്രചാരണത്തിലടക്കം ഇന്ന് കാണുന്ന കാഴ്ചകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

