എസ്.ഡി.പി.ഐയുമായി ഒരു നീക്കുപോക്കും ഇല്ല, പി.ഡി.പിക്ക് ഇപ്പോൾ പഴയ നിലപാടില്ലെന്നും എം.എ. ബേബി
text_fieldsകണ്ണൂർ: എസ്.ഡി.പി.ഐയുമായി യാതൊരു നീക്കുപോക്കും ഉണ്ടാക്കിയിട്ടില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. അവരുടെ രാഷ്ട്രീയ പ്രവർത്തന ശൈലി ജനാധിപത്യ പ്രക്രിയക്ക് ചേരുന്നതല്ല. അവർ നിലപാട് തിരുത്തേണ്ടത് അനിവാര്യമാണെന്നും ബേബി പറഞ്ഞു.
പി.ഡി.പി പിന്തുണ അറിയിച്ചിട്ടുണ്ട്. അവർക്ക് പഴയ നിലപാട് അല്ല ഇപ്പോഴുള്ളത്. അത് മഅ്ദനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വർഗീയതയുമായി അനുരഞ്ജനപ്പെടുന്നവരാണ് കോൺഗ്രസ്. അത് മറച്ചുവെക്കാനാണ് സി.പി.എമ്മിനെതിരെ ഡീൽ ആരോപണം ഉന്നയിക്കുന്നത്. പല ദിശയിൽ പോവുക എന്നത് കോൺഗ്രസ് ശൈലിയാണ്. സി.പി.എമ്മിന് ഒരൊറ്റ നയവും നിലപാടും മാത്രമെ ഉള്ളു. കേരളത്തിലെ ചില നേതാക്കൾ ചെവിയിൽ ഓതിക്കൊടുക്കുന്ന കാര്യങ്ങൾ പരിശോധിക്കുക പോലും ചെയ്യാതെയാണ് മലികാർജുൻ ഖാർഗെ പുറത്ത് പറയുന്നത്. കോൺഗ്രസ്-ബി.ജെ.പി ബന്ധത്തിന്‍റെ ചില തെളിവുകൾ ആണ് യു.ഡി.എഫ് സ്വതന്ത്രരായി മത്സരിക്കുന്ന ചിലരുടെ അവകാശവാദങ്ങളിലൂടെ പുറത്തുവരുന്നതെന്നും പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് വി. കുഞ്ഞികൃഷ്ണന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ബേബി കൂട്ടിചേർത്തു.
നേരത്തെ, എസ്.ഡി.പി.ഐയുടെ അടക്കം ആരുടെയും വോട്ട് നിരസിക്കില്ലെന്ന് മുതിർന്ന സി.പി.എം നേതാവ് ഇ.പി. ജയരാജൻ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് ഡീലെന്നും പിണറായി സർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിനെതിരെ ഉന്നയിക്കുന്നത് തികച്ചും അസംബന്ധമാണ്. യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് ഡീൽ. അത് ദേശീയ രാഷ്ട്രീയത്തിൽ തന്നെ കാണാനാകും. ഒരുമാസം മുമ്പല്ലെ ഹരിയാന രാജ്യസഭ തെരഞ്ഞെടുപ്പ് നടന്നത്. അവിടെ എങ്ങനെയാണ് ബി.ജെ.പി ജയിച്ചുവന്നത്, അവർക്ക് എം.പിമാരുണ്ടായത്. ഈ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ആരുടെയും വോട്ട് വേണം എന്നോ, വേണ്ടാ എന്ന പറയില്ല. ഇടതുപക്ഷം കരുത്ത് നേടിയാൽ മാത്രമേ നാടിന് പുരോഗതിയുണ്ടാകു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വോട്ടു വേണ്ടായെന്ന് ഒരു പാർട്ടിയും പറയില്ലെന്നും ജയരാജൻ പ്രതികരിച്ചു.
സി.പി.എം-ബി.ജെ.പി ഡീൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ശനിയാഴ്ചയും ആവർത്തിച്ചു. സി.പി.എം-ബി.ജെ.പി ഡീൽ ആരംഭിച്ചത് 2021 മുതലാണ്. 2021ൽ മോദിയും പിണറായിയും തയാറാക്കിയ ഡീലാണ്. ബി.ജെ.പി-സി.പി.എം താൽപര്യങ്ങൾ ഒന്നാണ്. ഇരുവർക്കും കോൺഗ്രസ് മുക്ത നാടാണ് ലക്ഷ്യം. യു.ഡി.എഫിനെ പരാജയപ്പെടുത്താൻ ബി.ജെ.പി-സി.പി.എം ധാരണയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. കേരളത്തിൽ യു.ഡി.എഫിന് അനുകൂല തരംഗമാണ്. 100 സീറ്റിൽ തിരിച്ചുവരും. സർക്കാർ എല്ലാ മേഖലയിലും പരാജയമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

