വനത്തിലെ കുട്ടികളെ സ്കൂളിലെത്തിക്കുന്ന വാഹനങ്ങൾക്ക് പണമില്ല
text_fieldsകാട്ടാക്കട: വനത്തിനുള്ളിലെ കുട്ടികളെ സ്കൂളുകളിലെത്തിക്കുന്ന ‘വിദ്യാവാഹിനി’ പദ്ധതിയിൽ ഓടുന്ന വാഹനങ്ങൾക്ക് പണം കിട്ടാതായിട്ട് മാസങ്ങളായി.
കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ കോട്ടൂർ അഗസ്ത്യവനത്തിലെ ആദിവാസി വിദ്യാർഥികളെ സ്കൂളുകളിലെത്തിക്കുന്ന വാഹന ഉടമകളാണ് ദുരിതത്തിലായത്. കോട്ടൂർ വനത്തിലെ ഏറ്റവും ഉള്ളിലുള്ള പാറ്റാംപാറ സെറ്റില്‍മെന്റ് തുടങ്ങി 26 ഊരുകളിൽ നിന്നായി 150 ഓളം കുട്ടികളാണ് വിദ്യാവാഹിനി വഴി സ്കൂളുകളിലെത്തുന്നത്.
വനത്തിൽ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ ആനയേയും കാട്ടുമൃഗങ്ങളേയും അതിജീവിച്ച് കിലോമീറ്ററുകള്‍ താണ്ടിയാണ് വാഹനങ്ങളില്‍ ആദിവാസികുട്ടികളെ സർക്കാർ സ്കൂളുകളിലെത്തിക്കുന്നത്. അഗസ്ത്യ വനത്തിനുള്ളിൽ 13 വാഹനങ്ങളാണ് ഓടുന്നത്. ആറു മാസത്തെ വാടക കുടിശികയിൽ രണ്ടു മാസത്തെ തുക മാത്രമാണ് വാഹന ഉടമകൾക്ക് ലഭിച്ചത്.
ഇന്ധനം നിറയ്ക്കാൻ പോലും പണമില്ലാത്ത സ്ഥിതിയാണെന്ന് ഡ്രൈവർമാർ പറയുന്നു. കുട്ടികളുടെ പഠനം മുടങ്ങരുതല്ലോ എന്നുകരുതി എല്ലാവരും സ്വന്തം പണം മുടക്കിയാണ് ഇന്ധനം നിറച്ച് ഓടുന്നത്. ഐ.ടി.ഡി.പി. ആണ് പണം അനുവദിക്കേണ്ടത്.
എന്നാൽ പണം ലഭിക്കാത്തത് ചോദ്യം ചെയ്തപ്പോൾ നെടുമങ്ങാട് ഓഫീസിൽ നിന്ന് ഫണ്ടില്ല എന്ന മറുപടിയാണ് ലഭിച്ചതെന്ന് ഡ്രൈവർമാർ പറഞ്ഞു. ഈ സ്ഥിതി തുടർന്നാൽ വാഹനങ്ങളുടെ ഓട്ടം നിർത്താനാണ് വാഹന ഉടമകളുടെ തീരുമാനം. വണ്ടികൾ ഓട്ടം നിർത്തിയാൽ ആദിവാസി വിദ്യാർഥികളുടെ പഠനം മുടങ്ങുന്ന സ്ഥിതിയിലാവും. പഞ്ചായത്തും ജനപ്രതിനിധികളും ഇടപെടണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

