വെള്ളാപ്പള്ളി പറയുന്നതിൽ സ്വീകാര്യവും അസ്വീകാര്യവുമായ കാര്യങ്ങളുണ്ട് -എം.എ. ബേബി
text_fieldsതിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറയുന്ന കാര്യങ്ങളിൽ സ്വീകാര്യമായതും അസ്വീകാര്യമായവയും ഉണ്ടെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. അസ്വീകാര്യമായ കാര്യങ്ങൾ അംഗീകരിക്കില്ലാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ ഹൈകോടതിയുടെ മേൽനോട്ടത്തിൽ എസ്.ഐ.ടിയുടെ അന്വേഷണം നടക്കുകയാണ്. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും. സഖാക്കൾ കള്ളന്മാരാണെന്നും അയ്യപ്പന്‍റെ സ്വർണം എടുത്തോണ്ടുപോയെന്നും പറഞ്ഞുള്ള പാരഡി പാട്ട് തദ്ദേശ തെരഞ്ഞെടുപ്പ് വേളയിലിറക്കിയത് മ്ലേച്ചമാണ്. നിലവാരമില്ലാത്ത മുദ്രാവാക്യങ്ങൾ യു.ഡി.എഫിന്‍റെ അവസാനത്തെ ആശ്രയമാണ്.
എനിക്ക് ആദരവുള്ള വ്യക്തിയാണ് സോണിയ ഗാന്ധി. ഇക്കാര്യത്തിൽ അവരെ കുറ്റപ്പെടുത്താനോ അവർക്കെതിരെ വിരൽ ചൂണ്ടാനോ ഞങ്ങളില്ല. എന്നാൽ പോറ്റി എങ്ങിനെ സോണിയാഗാന്ധിയുടെ അടുത്തെത്തിയെന്നും ബേബി ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്‍റെ തോൽവിയെ തോൽവിയായി തന്നെ കാണുന്നു. ജില്ല പഞ്ചായത്തുകളിൽ സമനിലയുണ്ടായി. മറ്റിടങ്ങളിൽ യു.ഡി.എഫാണ് മുന്നിൽ.
ഖത്തർ ലോകകപ്പിൽ ജേതാക്കളായ അർജന്‍റീനയുടെ പ്രകടനത്തോടാണ് ഫുടബാൾ കമ്പക്കാരനായ ഞാൻ ഇതിനെ ഉപമിക്കുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റപ്പോൾ അർജന്‍റീനയെ എല്ലാവരും വിമർശിച്ചു. എന്നാൽ പിന്നീട് എന്താണ് ഉണ്ടായതെന്ന് ലോകം കണ്ടതാണ്. അതുപോലെ ഇടതുമുന്നണി തിരിച്ചുവരുമെന്നും ബേബി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

