ഒരാൾ ജയിലിൽ, പിന്നാലെ അപ്രതീക്ഷിത രാജി; രാഷ്ട്രീയ പ്രതിസന്ധിയിൽ ബി.ജെ.പി
text_fieldsതിരുവനന്തപുരം: ഒരേയൊരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ച ബി.ജെ.പിക്ക് വീണ്ടും തിരിച്ചടിയാവുകയാണ് കൗൺസിലർ ആർ. ശ്രീലേഖയുടെ രാജി. ബി.ജെ.പി ഭരണസമിതിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ പടനീക്കം നടത്തുന്നതിനിടെയാണ് ഓർക്കാപ്പുറത്തേറ്റ വെള്ളിടിയായി ശാസ്തമംഗലം കൗൺസിലറുടെ രാജി. 101 അംഗ കോർപറേഷനിൽ ഒരു സ്വതന്ത്രൻ ഉൾപ്പെടെ 51 അംഗങ്ങളുടെ പിന്തുണയിലാണ് മേയർ വി.വി. രാജേഷ് നേതൃത്വം നൽകുന്ന ബി.ജെ.പി ഭരണം.
ശ്രീലേഖയുടെ രാജി അംഗീകരിക്കുകയാണെങ്കിൽ കഥയാകെ മാറും. ഭൂരിപക്ഷം തെളിയിക്കാൻ ബി.ജെ.പിക്ക് ഏറെ വിയർക്കേണ്ടിവരും. നിലവിൽ കാപ്പ കേസിൽപ്പെട്ട് വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ ജയിലിലാണ്. തദ്ദേശവകുപ്പിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അയോഗ്യതയിൽനിന്ന് രക്ഷപ്പെട്ട് നിൽക്കുകയാണ് സുഗതൻ. ഇതിനിടയിൽ ശ്രീലേഖയുടെ രാജി അംഗീകരിക്കപ്പെട്ടാൽ ബി.ജെ.പി അംഗബലം കൗൺസിൽ യോഗത്തിൽ 48 ആയി ചുരുങ്ങും. സ്വതന്ത്രൻ കൂടി പിന്തുണച്ചാലും 49 പേരേ എത്തുകയുള്ളൂ.
പ്രതിപക്ഷത്താകട്ടെ, എൽ.ഡി.എഫിന് 29ഉം യു.ഡി.എഫിന് 20ഉം അംഗങ്ങളുൾപ്പെടെ 49 പേരുണ്ട്. ഭരണമാറ്റത്തിന് പ്രതിപക്ഷ മുന്നണികൾ കൈകോർത്താൽ വി.വി. രാജേഷിന്റെ ഭരണസമിതിക്ക് പുറത്തുപോകേണ്ടിവരും. ഭരണത്തിലെത്തി 10 മാസത്തോളമായെങ്കിലും ബി.ജെ.പിയുടെ ഭരണനിർവഹണം അത്ര സുഗമമല്ല. മേയേഴ്സ് കെയർ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും ഭരണസമിതിയെ പൂട്ടാൻ പ്രതിപക്ഷം നീക്കം നടത്തുന്നതിനിടെയാണ് അതിന് സഹായകമായി ശ്രീലേഖയുടെ രാജി.
രാജിക്കത്ത് പിൻവലിപ്പിക്കാൻ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും ശ്രീലേഖ തീരുമാനത്തിൽ ഉറച്ചുനിന്നാൽ ഭരണം മുന്നോട്ടു കൊണ്ടുപോകാൻ ബി.ജെ.പിക്ക് ഏറെ വിയർക്കേണ്ടിവരും. എൽ.ഡി.എഫും-യു.ഡി.എഫും ചേർന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരുമോയെന്നും കാത്തിരുന്ന് കാണണം. എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കാൻ അഴിമതി ആരോപണത്തിന്റെ പേരിൽ തൃക്കണ്ണാപുരം കൗൺസിലറും സി.പി.എം പ്രാദേശിക നേതാവുമായ അജിനെതിരായ അന്വേഷണ നീക്കവും പ്രക്ഷോഭവും ബി.ജെ.പി ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

