കെ.എസ്.ആർ.ടി.സി.ബസുകളിൽ മോഷണം വ്യാപകം: കൂടുതൽ മോഷണവും നടക്കുന്നത് ബസിന്റെ മുൻ ഭാഗത്ത്
text_fieldsRepresentational Image
പോത്തൻകോട്: കെ.എസ്.ആർ.ടി.സി. ബസുകളിൽ മോഷണം വ്യാപകമാവുന്നു. സ്ത്രീ യാത്രക്കാരുടെ ബാഗിനുള്ളിലെ പഴ്സുകളാണ് മോഷണം പോകുന്നത്. കഴിഞ്ഞ ദിവസം വേങ്ങോടുനിന്ന് കിഴക്കേകോട്ടയിലേക്കുള്ള കെ.എസ്.ആർ.ടി.സി. കണിയാപുരം ഡിപ്പോയിലെ ബസിനുള്ളിൽവെച്ച് യാത്രക്കാരിയുടെ പഴ്സ് മോഷണം പോയി. കണിയാപുരം മുതൽ മെഡിക്കൽകോളജ് വരെ യാത്ര നടത്തുന്ന ബസുകളിലാണ് കൂടുതലും മോഷണം പതിവാവുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പട്ടത്തുനിന്ന് ഉള്ളൂരിലേക്ക് യാത്ര ചെയ്തിരുന്ന കൊല്ലം സ്വദേശിയായ വീട്ടമ്മയുടെ പഴ്സും മോഷണം പോയി.
ഒരു മാസം മുമ്പ് ചന്തവിള സ്വദേശിനിയായ യാത്രക്കാരിയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന പഴ്സ് മോഷണം പോയി. ഇതിൽ എണ്ണായിരത്തോളം രൂപയും തിരിച്ചറിയൽ രേഖകളും ഉണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് കാര്യവട്ടത്തുനിന്ന് കയറിയ യുവതിയുടെ പഴ്സും മോഷ്ടിക്കപ്പെട്ടു. രണ്ടു മാസം മുമ്പ് ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടറുടെ കാഷ് ബാഗിൽനിന്നു 2000 രൂപയും മോഷണ സംഘം മോഷ്ടിച്ചു.
പഴ്സുകളിൽനിന്നു പണം എടുത്ത ശേഷം ഇവർ കയറുന്ന ഓട്ടോറിക്ഷകളിലോ മറ്റു ബസുകളിലോ പഴ്സ് ഉപേക്ഷിച്ചു പോകാറാണ് പതിവ്. ഇങ്ങനെ ഉപേക്ഷിച്ചു പോകുന്നത് ലഭിക്കുന്നവർ അതിൽനിന്നു ലഭിക്കുന്ന ഫോൺ നമ്പറിൽ വിളിച്ച് ഉടമസ്ഥരെ തിരിച്ചേൽപ്പിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കൂടുതൽ മോഷണവും നടക്കുന്നത് ബസിന്റെ മുൻ ഭാഗത്ത് വെച്ചാണ്. അതിനാൽതന്നെ തിരക്കുള്ള സമയങ്ങളിൽ യാത്രക്കാർ കൂടുതൽ ശ്രദ്ധിക്കണമെന്ന് പൊലീസ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

