കുട്ടികളെ നിർബന്ധിച്ച് അംഗൻവാടികളിൽ ഇരുത്തേണ്ട -സംസ്ഥാന ബാലാവകാശ കമീഷൻ
text_fieldsപത്തനംതിട്ട: ചൂട് വർധിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ നിർബന്ധിച്ച് അംഗൻവാടികളിൽ ഇരുത്തേണ്ടതില്ലെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ. അംഗൻവാടികളിൽ വരാതിരിക്കുന്ന കുട്ടികൾക്ക് പോഷകാഹാരം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അവരുടെ വീടുകളിലെത്തിച്ചു നൽകാൻ നടപടി സ്വീകരിക്കണമെന്നും ബാലാവകാശ കമീഷൻ ചെയർമാൻ കെ.വി. മനോജ് കുമാറിന്റെ ഉത്തരവിൽ പറയുന്നു. മുൻ പത്തനംതിട്ട നഗരസഭ ചെയർമാനും ഡി.സി.സി വൈസ് പ്രസിഡന്റുമായ അഡ്വ. എ. സുരേഷ് കുമാർ ബാലാവകാശ കമീഷന് ഇതുസംബന്ധിച്ച പരാതി കഴിഞ്ഞയാഴ്ച നൽകിയിരുന്നു. തുടർന്നാണ് ബാലാവകാശ കമീഷൻ ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകിയത്.
ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര നിർമിച്ച, വായു സഞ്ചാരമില്ലാത്തതുമായ അംഗൻവാടികൾ തുറന്നു പ്രവർത്തിപ്പിക്കരുത്. ഉച്ചക്ക് 11 മുതൽ വൈകിട്ട് മൂന്നു വരെ കുട്ടികളെ പുറത്തു കളിക്കാൻ വിടരുത്. എല്ലാം അംഗൻവാടികളിലും കുടിവെള്ളം ലഭ്യത ഉറപ്പുവരുത്തണമെന്നും കുഞ്ഞുങ്ങൾക്ക് ഇടക്കിടെ വെള്ളം നൽകണമെന്നും കമീഷൻ നിർദേശിച്ചു. തീരുമാനങ്ങൾ 15 ദിവസത്തിനുള്ളിൽ നടപ്പാക്കി വിവരം അറിയിക്കണമെന്നും വനിതാ ശിശു വികസന ഡയറക്ടർക്കും തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർക്കും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ‍്യാപിച്ചു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ‍്യാപിച്ചത്. പാലക്കാട് 41 ഡിഗ്രി സെൽഷ‍്യസ് വരെ താപനില വർധിക്കാനിടയുണ്ട്. കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.
കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും രേഖപ്പെടുത്തും. തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാള്‍ നാലു മുതല്‍ അഞ്ചു ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്തെ പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തിയ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണം. ചൂട് വർധിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും ജീവാപായത്തിനും കാരണമാക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

