തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പുറത്തുവന്ന ശബ്ദരേഖ സ്വപ്ന സുരേഷിന്‍റേത് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജയിൽവകുപ്പ്. സ്വപ്നയുടെ ശബ്ദരേഖ സംബന്ധിച്ച റിപ്പോർട്ട് ജയിൽ ഡി.ഐ.ജി ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്ങിന് കൈമാറി. ശബ്ദരേഖ സ്വപ്നസുരേഷിന്‍റേത് തന്നെയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ശബ്ദം തന്‍റേതാണെന്ന് സ്വപ്ന പൂർണമായും സമ്മതിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്. ശബ്ദസന്ദേശം അട്ടക്കുളങ്ങര ജയിലിൽ വെച്ച് റെക്കോർഡ് ചെയ്തതല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബുധനാഴ്ചയാണ് സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ ഒരു ഓൺലൈൻ പോർട്ടൽ പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ സംഘത്തിൽ ചിലർ തന്നെ നിർബന്ധിച്ചതായി ശബ്ദസന്ദേശത്തിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞതായി ശബ്ദ സന്ദേശത്തിൽ പറയുന്നു.
അതേസമയം ശബ്ദരേഖ പുറത്ത് വന്നതില്‍ കേസ് എടുക്കണമോയെന്ന കാര്യത്തില്‍ പൊലീസിനുള്ളില്‍ ആശയക്കുഴപ്പം തുടരുകയാണ്. ജയില്‍ ഡി.ജി.പിയുടെ പരാതിയില്‍ കേസ് എടുക്കണമോയെന്ന് തീരുമാനിക്കാന്‍ അഡ്വക്കറ്റ് ജനറലിനോട് പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ഇന്ന് മറുപടി ലഭിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.