പശ്ചിമേഷ്യൻ യുദ്ധം: ടൈൽസ്, സാനിറ്ററി ഉത്പന്നങ്ങളുടെ വില കുതിക്കുന്നു
text_fieldsകോഴിക്കോട്: പശ്ചിമേഷ്യൻ യുദ്ധാനന്തരമുണ്ടായ പാചകവാതക ക്ഷാമം സെറാമിക് വ്യവസായത്തിന് തിരിച്ചടിയായത് നിർമാണമേഖലയെ പ്രതിസന്ധിയിലാക്കുന്നു. പാചക വാതക വില കുത്തനെ ഉയർന്നതും ഡീസൽ ചെലവ് വർധിച്ചതും ഗുജറാത്തിലെ പ്രധാന ഉൽപാദന കേന്ദ്രങ്ങളിലെ ഫാക്ടറി അടച്ചിടേണ്ടി വന്നതുമാണ് സെറാമിക് ടൈൽസിന്റെ ഉൽപാദനത്തെയും വിതരണത്തെയും ഗുരുതരമായി ബാധിച്ചത്. കടുത്ത ക്ഷാമം നേരിട്ടതോടെ സെറാമിക് ടൈൽസിന്റെയും സാനിറ്ററിവെയർ ഉത്പന്നങ്ങളുടെയും വില കുത്തനെ വർധിച്ചു. 20 രൂപ വിലയുണ്ടായിരുന്ന ടൈലിന് ഇപ്പോൾ 32 രൂപയോളമായി. 6000 രൂപ വിലയുണ്ടായിരുന്ന ക്ലോസറ്റിന് 11,000 രൂപയുമായി.
കോഴിക്കോട് ജില്ലയിൽ മാത്രം 200 ലേറെ ഡീലർമാരും 1000ത്തിലേറെ തൊഴിലാളികളും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. നിർമാണപ്രവൃത്തികൾ സജീവമാകുന്ന കാലമാണിത്. ഈ സമയത്ത് സാധനങ്ങൾ കിട്ടാതെ വന്നാൽ അത് നിർമാണമേഖലയെ സ്തംഭിപ്പിക്കുമെന്ന് ആൾ കേരള ടൈൽസ് ആൻഡ് സാനിറ്ററിവെയർ ഡീലേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് സാജിർ പുറായിൽ ചൂണ്ടിക്കാട്ടി. പ്രകൃതി വാതകത്തെ ആശ്രയിച്ചാണ് ടൈൽസിന്റെ ഉത്പാദനം. ഒരു മാസമായി ഗ്യാസ് ലഭിക്കുന്നില്ല. കിട്ടുന്നത് തന്നെ റേഷനടിസ്ഥാനത്തിലും. വിലയും കൂടുതലാണ്. ഫാക്ടറികളിൽ സ്ഥിരമായി ഉത്പാദനം നടന്നാൽ മാത്രമേ കമ്പനികൾക്ക് കുറഞ്ഞ ചെലവിൽ ടൈൽസ് കൊടുക്കാൻ പറ്റുകയുള്ളൂ. പാചകവാതകം കിട്ടാത്തത് ഉത്പാദനച്ചെലവ് കൂടാൻ ഇടയാക്കി. ഇതാണ് ടൈൽസിന്റെ വില കൂടാനിടയാക്കിയതെന്ന് വ്യാപാരികൾ പറയുന്നു.
ടൈൽസ് നിർമാണത്തിന് ഉപയോഗിക്കുന്ന ഫർണസിൽ 1200 സെൽഷ്യസ് വരെ ചൂട് എപ്പോഴും നിലനിൽക്കണം. അത് പെട്ടെന്ന് ഓൺ ചെയ്യാനോ ഓഫ് ചെയ്യാനോ സാധിക്കില്ല. പാചക വാതക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ രീതിയിൽ ഫർണസ് പ്രവർത്തിപ്പിക്കാൻ സാധിക്കില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടൈൽസ് നിർമാണം നടക്കുന്നത് ഗുജറാത്തിലാണ്. പാചകവാതക ക്ഷാമം മൂലം ഗുജറാത്തിലെ ടൈൽസ് നിർമാണ ഫാക്ടറികൾ അടച്ചിട്ടിരിക്കുകയാണിപ്പോൾ. കോവിഡിന് ശേഷം ആദ്യമായാണ് ഇത്തരമൊരു പ്രതിസന്ധി. കോവിഡ് കാലത്ത് ടൈൽസിന്റെ വില വർധിപ്പിച്ചിരുന്നില്ല. അന്ന് സർക്കാറിന്റെ ഭാഗത്തുനിന്ന് പിന്തുണയുണ്ടായിരുന്നു. നിലവിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള ഓർഡറുകളെല്ലാം റദ്ദായിട്ടുണ്ട്.
കേരളത്തിൽ 3000ത്തോളം ടൈൽസ് കച്ചവടക്കാരുണ്ട്. കച്ചവടക്കാരെ ആശ്രയിച്ചു ജോലിചെയ്യുന്ന തൊഴിലാളികൾ വേറെയും. ഗുജറാത്തിൽനിന്ന് മെറ്റീരിയലുകൾ കോസ്റ്റൽ കാർഗോയിലാണ് കേരളത്തിലേക്ക് എത്തുന്നത്. കൊച്ചിയിലേക്ക് കണ്ടെയ്നർ വഴി എത്തുന്ന ചരക്കുകൾ ട്രക്കിൽ അതതു സ്ഥലങ്ങളിലേക്ക് എത്തിക്കും. ഈ ചിലവെല്ലാം ഇപ്പോൾ വർധിച്ചു. കയറ്റുമതിച്ചെലവും കൂടി. ഈ സാഹചര്യത്തിലാണ് ടൈൽസിന്റെ വില വർധിപ്പിക്കാൻ നിർമാണ കമ്പനികൾ നിർബന്ധിതരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

