വൈദ്യനും രോഗിയും മരിച്ച സംഭവം: ലാബ് ഫലം കാത്ത് പൊലീസ്
text_fieldsകാഞ്ഞിരപ്പുഴ: വൈദ്യനും രോഗിയും കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ ലാബ് പരിശോധന ഫലം കാത്ത് പൊലീസ്. കാത്തിരത്തെ ആദിവാസി കോളനിയിലെ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ച ആദിവാസി വൈദ്യൻ കുറുമ്പൻ, ചികിത്സ തേടിയെത്തിയ കരിമ്പുഴ സ്വദേശി ബാലു എന്നിവരുടെ ആന്തരികാവയവങ്ങൾ വിദഗ്ദ ശാസ്ത്രീയ പരിശോധനക്ക് തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു.
ഇരുവരും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. എന്നാൽ, ആന്തരികാവയവങ്ങളുടെ പരിശോധന ഫലം ലഭിച്ചാലേ മരണകാരണം സ്ഥിരീകരിക്കാൻ പറ്റൂവെന്ന നിലപാടിലാണ് പൊലീസ്.
ചികിത്സ തേടിയെത്തിയയാളും വൈദ്യനും കൂടാതെ സംഭവസമയത്ത് പരിസരത്തുണ്ടായിരുന്നവരെപ്പറ്റിയും പൊലീസ് വിവരങ്ങൾ ശേഖരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം സ്ഥിരീകരിക്കാവുന്ന വസ്തുതകൾ വ്യക്തമല്ലാത്തതിനാലാണ് ആന്തരികാവയവങ്ങൾ വിദഗ്ദ പരിശോധനക്ക് അയച്ചത്.
ഇവയുടെ റിപ്പോർട്ട് കിട്ടിയാൽ മരണകാരണം സ്ഥിരീകരിക്കാനാവുമെന്ന് അന്വേഷണ സംഘത്തെ നയിക്കുന്ന മണ്ണാർക്കാട് ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ് ‘മാധ്യമ’ത്തോട് പറഞ്ഞു. വിദൂര ദിക്കുകളിലുള്ളവരാണ് വൈദ്യന്റെ ഒറ്റമൂലി ചികിത്സക്ക് എത്താറുള്ളത്.
വൈദ്യൻ പച്ചില മരുന്ന് സ്വയം ഉണ്ടാക്കി കൊടുക്കാറാണ് പതിവ്. മരണം നടന്ന ദിവസം ചികിത്സ തേടിവന്നയാൾക്കൊപ്പം വൈദ്യൻ മണിക്കൂറുകളോളം ചെലവഴിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. സാധാരണ ഗതിയിൽ ആട് വളർത്തുന്നതിനും മറ്റു സഹായങ്ങൾക്കും ഒരാൾ വരാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

