പെൺകരുത്തിൽ വിരിഞ്ഞ സ്വർണവസന്തം
text_fieldsഎളങ്കൂർ കുട്ടശ്ശേരി ആലുങ്ങൽ കാർഗിലിൽ വിരിഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലിപൂക്കൾ
മഞ്ചേരി: അധ്വാനിക്കാനുള്ള മനസ്സും പരസ്പര കൂട്ടായ്മയും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും മറികടന്ന് വിജയം കൊയ്യാമെന്ന് തെളിയിക്കുകയാണ് മഞ്ചേരി എളങ്കൂർ കുട്ടശ്ശേരി കാർഗിലിലെ നാല് വനിതകൾ. ഒരേക്കർ ഭൂമിയിൽ ഇവർ നടത്തിയ ചെണ്ടുമല്ലി കൃഷി ഇന്ന് നാടിനാകെ മനോഹരമായ കാഴ്ചയും പ്രചോദനവുമാകുന്നു. സരോജിനി ചന്ദ്രൻ, നിഷ പ്രഭാകരൻ, ദീപാരാജൻ, ഇ.പി. ഉമ്മുസൽമ എന്നീ സുഹൃത്തുക്കളാണ് വിജയഗാഥക്ക് പിന്നിൽ. സ്വന്തം വീടുകളിൽ കൃഷി ചെയ്യാനായി അയൽക്കൂട്ടത്തിൽനിന്ന് ലഭിച്ച ചെണ്ടുമല്ലി വിത്തുകൾ ഉപയോഗിച്ചാണ് ഇവർ കൃഷിക്ക് തുടക്കമിട്ടത്.
വിത്തുകൾ തികയാതെ വന്നപ്പോൾ ആയിരം തൈകൾ പുറത്തുനിന്ന് വാങ്ങി നട്ടു. നിലമൊരുക്കാൻ ട്രാക്ടർ വിളിച്ചതൊഴിച്ചാൽ, തൈ നടീൽ മുതൽ പരിചരണവും വിളവെടുപ്പും വരെയുള്ള മുഴുവൻ ജോലികളും നാല് പേർ ചേർന്നാണ് പൂർത്തിയാക്കിയത്. തിരുവോണത്തിന് പൂർണമായി വിളവെടുക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും പൂക്കൾ വിരിയാൻ വൈകി. ഓണനാളുകളിൽ മാത്രം ആറ് ക്വിന്റൽ പൂക്കൾ വിറ്റഴിക്കാൻ ഇവർക്കായി. പ്രദേശത്തെ ഓണച്ചന്തകളിലും കടകളിലുമായിരുന്നു പ്രധാന വിൽപന.
കൃഷിക്കായി ഇറക്കിയ മുതൽ പൂർണമായി തിരിച്ചുപിടിക്കാനും മികച്ച ലാഭം കൊയ്യാനും ഇവർക്ക് കഴിഞ്ഞു. പൂക്കൾ ഇനിയും ഒരു മാസത്തോളം കേടുകൂടാതെ നിൽക്കുമെന്നാണ് പ്രതീക്ഷ. ചില്ലറ വിൽപനക്കൊപ്പം, ചെറിയ ഫീസ് ഈടാക്കി തോട്ടം കാണാനും ഫോട്ടോ എടുക്കാനും അവസരമൊരുക്കി അധിക വരുമാനം കണ്ടെത്താനും സംഘം പദ്ധതിയിടുന്നു. നിലവിൽ പൂത്തുനിൽക്കുന്ന മനോഹരമായ ചെണ്ടുമല്ലിപ്പാടം കാണാനും ചിത്രം പകർത്താനുമായി നാട്ടുകാർ അടക്കം നിരവധി പേരാണ് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

