ഏഴാം അങ്കത്തിന് കച്ചമുറുക്കി തേരാളി
text_fieldsവി.ഡി. സതീശനെ സംബന്ധിച്ചിടത്തോളം ഉള്ളംകൈയാണ് പറവൂർ മണ്ഡലം. ഇവിടുത്തെ നാട്ടുവഴികൾ പോലും കൈരേഖ പേലെ സുപരിചിതം. വോട്ടർമാരുമായി ചേന്ദമംഗലം കൈത്തറിപോലെ ഇഴയടുപ്പവും. ഈ ബന്ധത്തിന്റെ കരുത്തിലാണ് പ്രതിപക്ഷ നേതാവുകൂടിയായ സതീശൻ ആറാം ജയം തേടി ഏഴാം അങ്കത്തിന് പറവൂരിന്റെ മണ്ണിൽ കച്ചമുറുക്കുന്നത്.
ഈ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ മുഖ്യശത്രു കൂടിയാണ് വി.ഡി. സതീശൻ. അതിനുകാരണവുമുണ്ട്. സി.പി.എമ്മിനെയും ഭരണത്തെയും മുഖ്യമന്ത്രിയെയും ഇത്രയേറെ കടന്നാക്രമിച്ച മറ്റൊരു കോൺഗ്രസ് നേതാവില്ല. മുഖ്യമന്ത്രിയെ പിറകെ പോയി സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു. കേരള രാഷ്ട്രീയത്തിൽ ഏറെ സ്വാധീനമുള്ള വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പോലും രൂക്ഷമായാണ് വിമർശിച്ചത്. ഇക്കുറി യു.ഡി.എഫ് സംസ്ഥാനത്ത് അധികാരത്തിൽ എത്തിയില്ലെങ്കിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രഖ്യാപനം കരുത്തനായ ഒരു തേരാളിയുടെ മുഖവും സതീശന് നൽകി.
വി.ഡി. സതീശനെ നേരിടാൻ സി.പി.ഐ ഇക്കുറി രംഗത്തിറക്കിയിരിക്കുന്നത് കയ്പമംഗലത്തെ സിറ്റിങ് എം.എൽ.എ ഇ.ടി. ടൈസണെയാണ്. സമീപകാലം വരെ പറവൂരിൽ കോൺഗ്രസിന്റെ പ്രധാന നേതാക്കളിൽ ഒരാളും കെ.പി.സി.സി ജനറൽ സെക്രട്ടറിയും പറവൂർ മുൻ മുൻസിപ്പൽ ചെയർപേഴ്സണുമായിരുന്ന വത്സല പ്രസന്നകുമാർ ആണ് എൻ.ഡി.എ സ്ഥാനാർഥി. അപ്രതീക്ഷിത ട്വിസ്റ്റിൽ പാളയത്തിൽ നിന്ന് തന്നെ എതിരാളി എത്തിയത് സതീശനെന്ന രാഷ്ട്രീയ പോരാളിയെ അല്പം പോലും അങ്കലാപ്പിലാക്കിയിട്ടില്ല. അതിന് പ്രധാനകാരണം രണ്ടര പതിറ്റാണ്ടായി മണ്ഡലവുമായുള്ള ആത്മബന്ധവും മണ്ഡലത്തിൽ കോൺഗ്രസിനുള്ള അടിത്തറയുമാണ്.
1996ലാണ് വി.ഡി.സതീശൻ പറവൂരിൽ ആദ്യമായി മത്സരിക്കുന്നത്. അന്ന് സി.പി.ഐയുടെ സിറ്റിങ് എം.എൽ.എ പി. രാജുവിനോട് 1116 വോട്ടിന് തോറ്റു. എന്നാൽ തോൽവി സമ്മതിച്ച് ഓടാതെ സതീശൻ മണ്ഡലത്തിൽ തന്നെ ഉണ്ടായിരുന്നു. അതിന്റെ ഫലം 2001ൽ പ്രകടമാവുകയും ചെയ്തു. സി.പി.ഐയുടെ കോട്ടയെന്ന് കരുതിയിരുന്ന പറവൂർ മണ്ഡലത്തിൽ പി. രാജുവിനെ തന്നെ 7434 വോട്ടിന് അടിയറ പറയിച്ച് മിന്നുന്ന കന്നി വിജയം. 2011ൽ മണ്ഡലം തിരികെ പിടിക്കാൻ സി.പി.ഐ തങ്ങളുടെ സമുന്നത നേതാവ് പന്ന്യൻ രവീന്ദ്രനെ തന്നെ ഇറക്കി. അന്ന് സതീശന്റെ ഭൂരിപക്ഷം 11349 ആയി ഉയർന്നു. 2016ൽ ശാരദ മോഹനെ 20364 വോട്ടിനും ഏറ്റവും ഒടുവിൽ എം.ടി. നിക്സണെ 21301 വോട്ടിനും വീഴ്ത്തിയാണ് സതീശൻ നിയമസഭയിൽ എത്തിയത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ ചിത്രവും കോൺഗ്രസിന് അനുകൂലമാണ്. നോർത്ത് പറവൂർ മുൻസിപ്പാലിറ്റിയും ചേന്ദമംഗലം, ചിറ്റാട്ടുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തൻവേലിക്കര, വരാപ്പുഴ, വടക്കേക്കര എന്നീ ഏഴ് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പറവൂർ നിയമസഭ മണ്ഡലം. ഇതിൽ വടക്കേക്കര ഒഴികെ ബാക്കിയിടത്തെല്ലാം യു.ഡി.എഫിനായിരുന്നു വിജയം. മണ്ഡലത്തിൽ യു.ഡി.എഫിന് ആകെ 10587 വോട്ടിന്റെ ലീഡും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

