10 വർഷത്തിനിടെ ആനക്കലിയിൽ പൊലിഞ്ഞത് 15 ജീവനുകൾ
text_fieldsആറളത്തെ മോഴയാന
കേളകം: ആറളം ഫാമിൽ ഭീതിവിതക്കുന്ന മോഴയാനയെ മയക്കുവെടിവെച്ച് പിടികൂടാൻ സർക്കാൻ നിർദേശിച്ചതിനിടെ ആറളത്ത് ആന തുരത്തൽ തിങ്കളാഴ്ച വീണ്ടും തുടങ്ങും. അക്രമാസക്തനായ മോഴയാനയെ കണ്ടെത്താനുള്ള ശ്രമമാണ് ആദ്യം നടത്തുക. തുടർന്നാണ് മയക്കുവെടി വെക്കാനുള്ള നീക്കം തുടങ്ങുകയുള്ളൂവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. സർക്കാർ ഉത്തരവിൽ പ്രതീക്ഷയോടെയാണ് പുനരധിവാസ മേഖല കാണുന്നത്.
കൊന്നും കൊലവിളിച്ചും അക്രമാസക്‌തമായ കാട്ടാനകൾ പത്തു വർഷത്തിനകം ചവിട്ടിയരച്ചത് 15 ജീവനുകളാണ്. കൃത്യമായ കണക്കില്ലെങ്കിലും ഇപ്പോഴും ഇരുപതോളം ആനകൾ ഫാമധീന മേഖലയിലും പുനരധിവാസ മേഖലയിലുമുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. 2014 ഏപ്രിൽ 20ന് ബ്ലോക്ക് പതിനൊന്നിലെ ആദിവാസി മാധവിയാണ് ആദ്യം ആനയുടെ കുത്തേറ്റ് മരിക്കുന്നത്. തുടർന്ന് 2015 മാർച്ച് 24ന് ബ്ലോക്ക് ഏഴിലെ ബാലനെയും കാട്ടാന കുത്തിവീഴ്‌ത്തി. ഗുരുതര പരിക്കേറ്റ ബാലൻ ഏപ്രിൽ നാലിന് മരിച്ചു.
ഫാമിൽ ഏറ്റവും കൂടുതൽ പേർ കാട്ടാന ആക്രമണത്തിൽ മരിക്കുന്നത് 2017ലാണ്. അഞ്ചുപേരെയാണ് ആ വർഷം ആക്രമിച്ച് കൊല്ലുന്നത്. ഓരോ ജീവനും കാട്ടാനകൾ കവരുമ്പോഴും പ്രതിഷേധം ഉയരുമെങ്കിലും കലക്ടറുടെ പരിഹാര ഉറപ്പിൽ പ്രതിഷേധമണയും. പിന്നീട് ഉണരുന്നത് അടുത്ത ദുരന്തത്തിലാണ്. ഇതിനിടെ ഏറ്റവും ആക്രമിയായ മോഴയാനയെ പിടികൂടി നാട് കടത്തണമെന്ന ആവശ്യം ഹൈകോടതി പരിഗണിക്കുകയും തുടർന്ന് നിരീക്ഷണങ്ങൾക്കൊടുവിൽ മോഴയാന ആക്രമിയാണെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടർന്നാണ് വനംവകുപ്പ് മേധാവിയുടെ ഉത്തരവ് വന്നത്. മുമ്പ് ആറളം ഫാമിൽ ഭീതി വിതച്ച ചുള്ളിക്കൊമ്പൻ എന്ന കാട്ടാനയെ ആറളം ഫാമിൽനിന്ന് പിടികൂടി മുത്തങ്ങയിലേക്ക് മാറ്റിയിരുന്നു.
2025 ഫെബ്രുവരി മുതൽ ആറളത്തെ കാട്ടാനശല്യത്തിനെതിരെ ശാശ്വത പരിഹാരമുണ്ടാകണമെന്നാവശ്യപ്പെട്ട് കേരള ഹൈകോടതിയിൽ വയനാട് സ്വദേശിയായ പോൾ മാത്യൂസ് നൽകിയ പൊതുതാൽപര്യ ഹരജിയാണ് ആറളത്തെ പ്രശ്നപരിഹാരങ്ങൾക്ക് വഴിതുറന്നത്. കൊലയാളി ആനയെ മയക്കുവെടിവെച്ച് മാറ്റാനുള്ള ഇപ്പോഴത്തെ തീരുമാനത്തിനും വഴിവെച്ചത് ഹൈകോടതി ഇടപെടലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

