അധ്യാപകര്‍ക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാം; അന്തസ് ഹനിക്കരുതെന്നും ബാലാവകാശ കമീഷൻ
text_fieldsകൽപറ്റ: അധ്യാപകര്‍ സ്കൂളുകളിൽ കുട്ടികളുടെ ബാഗ് പരിശോധിക്കുന്നതിന് ബാലാവകാശ കമീഷൻ എതിരല്ലെന്നും എന്നാൽ കുട്ടികളുടെ അന്തസ് ഹനിക്കാൻ പാടില്ലെന്ന് മാത്രമാണ് ഇത് സംബന്ധിച്ച് ഉത്തരവിലുള്ളതെന്നും സംസ്ഥാന ബാലാവകാശ കമീഷൻ അംഗം ബി. മോഹൻ കുമാര്‍. മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് ബാഗിലുള്ള സാധനങ്ങൾ പുറത്തെടുത്ത് പരിശോധിക്കുന്നത് പലതരത്തിൽ കുട്ടികൾക്ക് അഭിമാനക്ഷതമുണ്ടാക്കാൻ സാധ്യതയുള്ളതിനാലും ഇത്തരത്തിൽ പരാതി ലഭിച്ചതുകൊണ്ടുമാണ് അത് വിലക്കുന്ന ഉത്തരവുണ്ടായത്. കുട്ടികളുടെ അഭിമാനത്തിന് ക്ഷതമുണ്ടാവാതെ ബാഗ് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ബാലാവകാശ കമീഷൻ വയനാട് ജില്ലയിലെ സ്കൂൾ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി മീനങ്ങാടി പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകരും ബാലാവകാശ കമീഷനും തമ്മിൽ പ്രശ്നങ്ങളില്ല. കട്ടികൾക്ക് വേണ്ടിയുള്ള ഇടപെടലുകൾ നടത്തുമ്പോൾ അത് അധ്യാപകര്‍ക്ക് എതിരാണെന്ന് തോന്നേണ്ടതില്ല. കുട്ടികളുടെ ഉത്തരവാദിത്തം അധ്യാപകര്‍ക്കാണെന്നും വീടുകളിൽ ഉൾപ്പെടെ കുട്ടികളുടെ വ്യക്തിത്വം അംഗീകരിച്ച് തീരുമാനങ്ങളിൽ അവരെക്കൂടി പങ്കാളികളാക്കിയാൽ പല പ്രശ്നങ്ങളും ഇല്ലാതെയാവുമെന്നും അദ്ദേഹം പറഞ്ഞു.
പോക്സോ ഉൾപ്പെടെ കുട്ടികളെ സംബന്ധിക്കുന്ന നിയമങ്ങളെക്കുറിച്ച് എല്ലാ അധ്യാപകര്‍ക്കും അവബോധവുണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്ര വ്യാസ് പറഞ്ഞു. കുട്ടികൾ അധ്യാപകരേക്കാൾ മുന്നിൽ നടക്കുന്ന കാലമാണ്. അധ്യാപക അവബോധം ലക്ഷ്യമിട്ട് തുടര്‍പ്രവര്‍ത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 87 സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിൽ നിന്നുള്ള ഓരോ അധ്യാപകര്‍ വീതമാണ് ഏകദിന പരിശീലന പരിപാടിയിൽ പങ്കെടുത്തത്.
ബാലാവകാശങ്ങൾ, സൈബര്‍ സുരക്ഷ, കുട്ടികളുടെ മാനസികാരോഗ്യം എന്നീ വിഷയങ്ങളിൽ അധ്യാപകര്‍ക്ക് പരിശീലന ക്ലാസുകൾ നൽകി. ബാലാവകാശ കമീഷൻ അംഗം കെ.കെ. ഷാജു, എൻ. സുനന്ദ, ടി.സി. ജലജമോൾ, സിസിലി ജോസഫ്, ഡോ. വിൽസൺ, സൈബര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവിൽ പൊലീസ് ഓഫിസര്‍ അബ്ദുൽ സലാം, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിലെ പ്രൊട്ടക്ഷൻ ഓഫിസര്‍ മജേഷ് രാമൻ തുടങ്ങിയവര്‍ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

