തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ്; ഭൂമി കൈമാറാൻ സുപ്രീംകോടതിയുടെ അനുമതി
text_fieldsബ്രഹ്മോസ് മിസൈൽ
ന്യൂഡൽഹി: തിരുവനന്തപുരത്തെ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 180 ഏക്കർ ഭൂമി ബ്രഹ്‌മോസ് മിസൈൽ നിർമാണ യുണിറ്റിനായി കൈമാറാൻ സുപ്രീം കോടതി അനുമതി. ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷന് (ഡി.ആർ.ഡി.ഒ) കൈമാറാനാണ് അനുമതിയായത്. ഇതിനൊപ്പം നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ 32 ഏക്കറും, സശസ്ത്ര സീമ ബൽ ബറ്റാലിയൻ ആസ്ഥാനത്തിനായി 32 ഏക്കറും കൈമാറാനും സംസ്ഥാന സർക്കാരിന് സുപ്രീം കോടതി അനുമതി നൽകി.
കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്ന ജയിലിന് നിലവിൽ 457 ഏക്കർ ഭൂമിയാണ് ഉള്ളത്. ഇതിൽ 200 ഏക്കർ ഭൂമി നിലനിർത്തി ബാക്കിയുള്ള 257 ഏക്കർ ഭൂമിയാണ് മൂന്ന് പദ്ധതികൾക്കായി കൈമാറുന്നത്. തുറന്ന ജയിൽ സ്ഥിതിചെയ്യുന്ന സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് കൈമാറണമെങ്കിൽ സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്. ഇതോടെയാണ് സംസ്ഥാന സർക്കാർ ഭൂമി കൈമാറ്റത്തിന് അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചത്.
നേരത്തെ, ബ്രഹ്‌മോസ് എയ്റോ സ്‌പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ വികസനത്തിനായി ഭൂമി അനുവദിക്കണമെന്ന് ഡി.ആർ.ഡി.ഒ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. മിസൈലും തന്ത്രപ്രധാനമായ ഹാർഡ്വെയർ ഭാഗങ്ങളും നിർമിക്കാനുള്ള യൂണിറ്റിനായാണ് ഡി.ആർ.ഡി.ഒ ഭൂമി ഏറ്റെടുക്കുന്നത്.
കേരളത്തിൽ സശസ്ത്ര സീമ ബൽ ആസ്ഥാനം ആരംഭിക്കണമെന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ദീർഘകാല ആവശ്യമാണ്. ബറ്റാലിയൻ ഹെഡ് ക്വാട്ടേഴ്‌സ് നിലവിൽവരുന്നതോടെ കേരളത്തിൽ കേന്ദ്ര സേനയുടെ സ്ഥിരം സാന്നിധ്യം ഉണ്ടാകും. നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയും കേരളത്തിനെ സംബന്ധിച്ച് നിർണായകമാണ്. സുപ്രീം കോടതി അനുമതിയായതോടെ ഭൂമി കൈമാറ്റ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

