സമ്പത്ത് ചിലരിൽ കുന്നുകൂടിയതാണ് ദാരിദ്ര്യം വർധിപ്പിച്ചത് –ജസ്റ്റിസ്. പി.കെ. ഷംസുദ്ദീൻ
text_fieldsമട്ടാഞ്ചേരി: സമ്പത്ത് ഏതാനും വ്യക്തികളിൽ മാത്രമായി കുന്നുകൂടിയത് മൂലമാണ് രാജ്യത്ത് ഇത്രയേറെ ദാരിദ്ര്യം വർധിച്ചതെന്ന് റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു. ഫോർട്ട്കൊച്ചി, തുരുത്തി, ഡി.ഐ.ടി ഹാളിൽ സോളിഡാരിറ്റിയുടെ സൺറൈസ് കൊച്ചി ഫ്ലാറ്റ് സമർപ്പണ പദ്ധതിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഫ്രണ്ട്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പലിശ ഇസ്ലാമിന് നിഷിദ്ധമാണ്. വിഭവങ്ങൾ എല്ലാവരിലും എത്തണമെന്നതാണ് ദൈവം നിശ്ചയിച്ചത്. പലിശയടക്കമുള്ള മാർഗങ്ങളിലൂടെ ധനം സമ്പാദിച്ചുവെക്കുമ്പോൾ സാമ്പത്തിക അധാർമികതയാണ് ഉടലെടുക്കുന്നത്. വഖഫ് സ്വത്തുക്കൾ വരെ അന്യാധീനപ്പെട്ടു പോകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ വഖഫ് സ്വത്തുക്കൾ ദാരിദ്ര്യനിർമാർജനത്തിന് ഉപയോഗപ്പെടുത്താം. മഹല്ലുകൾ സേവന പ്രവർത്തികളിൽ സജീവമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്ലാമി ശൂറാ അംഗം ടി.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. സൺറൈസ് ഡയറക്ടർ മുഹമ്മദ് ഉമർ പശ്ചിമകൊച്ചിക്കായി അവതരിപ്പിക്കുന്ന പാർപ്പിട പദ്ധതികൾ നേരിടുന്ന വെല്ലുവിളികൾ വിവരിച്ചു. സൺറൈസ് കൊച്ചി ചെയർമാൻ പി.ഐ. നൗഷാദ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് ടി. ശാക്കിർ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി, സെക്രട്ടറി കെ.കെ. ജലീൽ, കെ.കെ. അബൂബക്കർ, സൺറൈസ് കൊച്ചി സെക്രട്ടറി ഷക്കീൽ മുഹമ്മദ്, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ഒ.എ. മുഹമ്മദ് ജമാൽ എന്നിവർ സംസാരിച്ചു.
പുരാതന കൊച്ചി ജനകീയ പുനർ നിർമാണ പദ്ധതിയുടെ ഭാഗീകമായി സൺറൈസ് നടത്തിയ പദ്ധതികളുടെ എക്സിബിഷൻ സാഹിത്യകാരൻ എൻ.കെ.എ. ലത്തീഫ് രാവിലെ ഉദ്ഘാടനം ചെയ്തു. വൈകീട്ട് ‘പാട്ടും പറച്ചിലുമായി ഊരാളി ബാൻഡ്’ കലാവിരുന്നും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
