പ്രമുഖ ദലിത് ചിന്തകൻ സണ്ണി എം.കപിക്കാട് വൈക്കത്ത് മത്സരിച്ചേക്കും
text_fieldsകൊച്ചി: പ്രമുഖ ദലിത് ചിന്തകൻ സണ്ണി എം. കപിക്കാട് വൈക്കത്ത് മത്സരിച്ചേക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ. യു.ഡി.എഫ് സ്വതന്ത്രനായാവും മത്സരിക്കുക എന്നാണ് സൂചന. ദലിത് അക്കാദമിഷ്യനായ ടി.എസ്. ശ്യാം കുമാർ ഉൾപ്പെടെയുള്ളവർ സണ്ണി കപിക്കാട് മത്സരിക്കാൻ സാധ്യതയുള്ളതായി ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തുടർച്ചയായി ഇടതുപക്ഷം ജയിക്കുന്ന മണ്ഡലത്തിൽ ദലിത് പിന്നാക്ക വോട്ടുകൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് കപിക്കാടിനെ രംഗത്തിറക്കാൻ ആലോചിക്കുന്നത്. വൈക്കം മണ്ഡലത്തിലെ വോട്ടർ കൂടിയാണ് സണ്ണി കപിക്കാട്. 1991നു ശേഷം യു.ഡി.എഫ് വിജയിക്കാത്ത മണ്ഡലമാണ് വൈക്കം.
വിവിധ സമൂഹിക ജനവിഭാഗങ്ങൾക്ക് പങ്കാളിത്തമുള്ള മുന്നണിയാക്കി യു.ഡി.എഫിനെ മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് സണ്ണി എം. കപിക്കാടിനെ വൈക്കത്തേക്ക് പരിഗണിക്കുന്നത്. സണ്ണി കപിക്കാടുമായി രണ്ടു ഘട്ട ചർച്ചകൾ കോൺഗ്രസ് നേതാക്കൾ നടത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ സ്ഥാനാർഥിത്വത്തിൽ പ്രാഥമിക ധാരണ രൂപപ്പെട്ടു എന്നാണ് സൂചന. മുന്നണിയിലെ മറ്റ് പാർട്ടികൾ കൂടിയായി ചർച്ച ചെയ്ത് തീരുമാനത്തിലെത്തും. ദലിത് ക്രൈസ്തവ സംഘടനകളുടെ പിന്തുണയും സണ്ണിയുടെ സ്ഥാനാർഥിത്വത്തിന് ഉണ്ടെന്നാണ് സൂചന.
മണ്ഡലത്തിൽ ദലിത് ക്രൈസ്തവ വിഭാഗത്തിന് 20,000ത്തിലേറെ വോട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങൾക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് വൈക്കം. സമാനമായ രീതിയിൽ വേറെ ചില മണ്ഡലങ്ങളിൽ കൂടി അപ്രതീക്ഷിത സ്ഥാനാർഥികളെ യു.ഡി.എഫ് പരിഗണിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

