'തമ്മിലടിപ്പിച്ചത് ബാഹ്യശക്തികൾ' കാന്തപുരം പറഞ്ഞത് സത്യമെന്ന് സമസ്തയിലെ ഒരു വിഭാഗം
text_fieldsകോഴിക്കോട് : ചില ബാഹ്യ ശക്തികളുടെ ഇടപെടലാണ് തന്നെയും ഇ.കെ അബൂബക്ർ മുസ്‌ലിയാരെയും തമ്മിൽ അകറ്റിയതെന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന സത്യമാണെന്ന് സമസ്തയിലെ ഒരു വിഭാഗം. പ്രസ്താവനയുമായി ബന്ധപ്പെട്ട് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും മുസ്തഫ മുണ്ടുപാറയുമാണ് കാന്തപുരത്തെ പിന്തുണച്ച് രംഗത്തെത്തിയത്. എസ്.വൈ.എസിന്‍റെ സംസ്ഥാന നേതാക്കളായ ഇരുവരും ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നയം വ്യക്തമാക്കിയത്. സമസ്തയിലെ ലീഗ് വിരുദ്ധരെന്ന് ആരോപിക്കുന്ന ശജറപക്ഷത്തിന്‍റെ നേതാക്കളായാണ് ഇവരെ വിലയിരുത്തുന്നത്.
നാല് പതിറ്റാണ്ടോളം സമസ്തയുടെ പോഷക സംഘടനകളിൽ പ്രവർത്തിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, ഇരുവിഭാഗവും തമ്മിലുണ്ടായ ഭിന്നിപ്പ് മതനവീകരണ വാദികൾ കൃത്യമായി ഉപയോഗപ്പെടുത്തി. ഇപ്പോഴും സംഘടനകളെ ഒരുമിച്ച് കൊണ്ടുപോകുന്നതിന് വിഘാതമായി നിൽക്കുന്നത് ചിലരുടെ ഇടപെടലുകളാണ്. മൂന്ന് വർഷം മുമ്പ് ഇരുവിഭാഗവും നിശ്ചയിച്ച പ്രതിനിധികൾ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് നിലവിൽ കാണുന്ന സൗഹൃദാന്തരീക്ഷം സംജാതമായത്. ഉത്തര കേരളത്തിലെ പ്രമുഖനായ ഒരു സയ്യിദിന്റെ നേതൃത്വത്തിൽ ഇരുവിഭാഗങ്ങൾക്കുമിടയിൽ രഞ്ജിപ്പുണ്ടാക്കാൻ നടക്കുന്ന തുടർശ്രമങ്ങൾ ശുഭസൂചകമാണെന്നും അമ്പലക്കടവ് ഫേസ്ബുക്കിൽ കുറിച്ചു.
കാന്തപുരത്തിന്‍റെ വാക്കുകൾവർത്തമാന സാഹചര്യം വച്ചുനോക്കുമ്പോൾ സത്യമെന്ന് ബോധ്യപ്പെടുകയാണെന്ന് മുസ്തഫ മുണ്ടുപാറയും കുറിച്ചു.സമസ്ത എന്നൊക്കെ ശാക്തീകരിക്കപ്പെടാൻ ശ്രമം നടത്തിയിട്ടുണ്ടോ അന്നൊക്കെ കറുത്ത ശക്തികൾ സമസ്തയെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.നിലവിൽ സമസ്തയിൽ നടക്കുന്ന പ്രശ്നങ്ങളുടെയും അടിസ്ഥാനം ഇതുതന്നെയാണ്.കേരളത്തിലെ ബഹുഭൂരിഭാഗം വരുന്ന സുന്നികൾ ഇക്കാര്യത്തിൽ മാനസികമായി വല്ലാതെ അസ്വസ്ഥരാണ്.പരമാവധി വിട്ടുവീഴ്ച ചെയ്തു യോജിച്ചു പോകണം എന്നാണ് സുന്നത്ത് ജമാഅത്തിനെ സ്നേഹിക്കുന്ന അണികളുടെ മാനസിക വികാരം.ഇരുപക്ഷത്തെയും നേതൃത്വം ഇക്കാര്യം ഗൗരവത്തിൽ എടുത്ത്കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കാമെന്നും സുന്നികൾ യോജിക്കുന്നതിനെ ഭയപ്പെടുന്ന വലിയൊരു ശക്തി പുറത്തുണ്ട് എന്ന ബോധ്യത്തോടെ മുമ്പോട്ട് പോകാമെന്നും മുണ്ടുപാറയും ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

