സുധാകരൻ നാളെ ഡൽഹിയിലേക്ക്
text_fieldsകണ്ണൂർ: സ്ഥാനാർഥി ചർച്ചയിൽ ഹൈക്കമാൻഡുമായി ഉടക്കി നിൽക്കുന്ന കെ. സുധാകരൻ എം.പിയെ അനുനയിപ്പിക്കാൻ നേതാക്കളുടെ ശ്രമം. തെരഞ്ഞെടുപ്പ് പെട്ടെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം സുധാകരനെ വിളിച്ചത്. ഇതിനു പിന്നാലെ ചൊവ്വാഴ്ച കെ. സുധാകരൻ ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായുള്ള ചർച്ചക്ക് പോകുമെന്നാണ് വിവരം.
കഴിഞ്ഞദിവസം വരെ ഡൽഹി ചർച്ചക്ക് പോകില്ലെന്ന് സുധാകരൻ പ്രഖ്യാപിച്ചിരുന്നു. അതിനിടെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സുധാകരനെ കണ്ട് സംസാരിച്ചിരുന്നു. തുടർന്നും കണ്ണൂരിലെ സ്ഥാനാർഥിയാകാനുള്ള താൽപര്യം സുധാകരൻ അറിയിക്കുകയായിരുന്നു. സുധാകരനെ പിന്തുണച്ച് കോൺഗ്രസിലെ നിരവധി നേതാക്കളും മുസ്ലിം ലീഗും രംഗത്തുവരികയും പലയിടത്തും അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. എം.പിമാർ ആരും മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനം സുധാകരന് വേണ്ടി മാത്രം മാറ്റിയാലുണ്ടാകുന്ന ഭവിഷ്യത്തുകളാണ് നേതൃത്വത്തിന് മുന്നിലുള്ള പ്രശ്നം. ഇക്കാര്യം സുധാകരനെ നേതാക്കൾ അറിയിക്കുകയും ചെയ്തിരുന്നു. കണ്ണൂരിൽ സുധാകരനില്ലെങ്കിൽ അദ്ദേഹം നിർദേശിക്കുന്നയാളെ സ്ഥാനാർഥിയാക്കാനാണ് നേതൃത്വം ശ്രമം നടത്തുന്നത്. എം.പി സ്ഥാനം രാജിവെച്ചാലുണ്ടാകുന്ന പ്രശ്നങ്ങളടക്കം സുധാകരനുമായി നേതാക്കൾ സംസാരിച്ചിട്ടുണ്ട്. ഇനി രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിലൂടെ അന്തിമ തീരുമാനം ഹൈക്കമാൻഡ് പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

