Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒത്തൊരുമയിൽ കോൺഗ്രസ്;...

ഒത്തൊരുമയിൽ കോൺഗ്രസ്; വൻ വിജയ പ്രതീക്ഷ -എ. തങ്കപ്പൻ

text_fields
bookmark_border
A. Thankappan
cancel
camera_alt

എ. ​ത​ങ്ക​പ്പ​ൻ

സ്ഥാനാർഥി നിർണയം വിജയകരമായി പൂർത്തിയാക്കിയതും ഭരണവിരുദ്ധ വികാരവും കോൺഗ്രസിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഡി.സി.സി പ്രസിഡൻറ് എ. തങ്കപ്പൻ.

സ്ഥാനാർഥി നിർണയം എളുപ്പമായിരുന്നോ?

ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഇന്നുവരെ ഉള്ളതിൽനിന്ന് വ്യത്യസ്തമായി യു.ഡി.എഫിൽ ഘടകകക്ഷികളുടെ സീറ്റ് വിഭജനം തർക്കമില്ലാതെ ആദ്യം തന്നെ പൂർത്തിയായി. കോൺഗ്രസ് കോർ കമ്മിറ്റി കൂടി കാര്യമായ തർക്കമില്ലാതെയാണ് സീറ്റ് വിഭജനം പൂർത്തിയാക്കിയത്. ഒന്നു രണ്ടിടത്ത് ആവശ്യങ്ങൾ ഉയർന്നുവന്നിരുന്നു. സ്ഥാനാർഥി നിർണയത്തിൽ 90 ശതമാനവും വാർഡുകളിൽനിന്ന് നിർദേശിച്ച പേരുകൾ മാത്രമേ പരിഗണിച്ചിട്ടുള്ളൂ.

ഒരു പേരാണെങ്കിൽ അപ്പോൾ അംഗീകരിച്ചു. രണ്ടിൽ കൂടുതൽ പേർ ഉയർന്ന സാഹചര്യത്തിൽ അക്കാര്യം പരിഗണിക്കാൻ കോർ കമ്മിറ്റി സബ് കമ്മിറ്റിയെ വെച്ചു. വി.കെ. ശ്രീകണ്ഠനും സി. ചന്ദ്രനും ഞാനും ഉൾപ്പെടുന്ന സബ് കമ്മിറ്റിയാണ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയത്.

മൂന്നുപേരുടെ കൂട്ടായ സമ്മതം ഇല്ലാതെ സ്ഥാനാർഥി നിർണയത്തിൽ ഒരു ഒപ്പുപോലും ഇട്ടുനൽകിയില്ല. ഒറ്റക്ക് തീരുമാനം എടുത്തിട്ടില്ല. മാത്രമല്ല, നഗരസഭകളാണെങ്കിൽ അവിടെത്തെ പ്രധാനപ്പെട്ട നേതാക്കളുടെ ഉൾപ്പെടെ തീരുമാനം അംഗീകരിച്ചാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സമാധാനപരമായി പൂർത്തിയായതിനാൽ ഏറ്റവും നല്ല വിജയം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

എത്രത്തോളമാണ് വിജയപ്രതീക്ഷ?

ഇപ്പോൾ ഒരു നഗരസഭ മാത്രമാണ് യു.ഡി.എഫിനുള്ളത്. അടുത്ത തെരഞ്ഞെടുപ്പിൽ അഞ്ചോ ആറോ നഗരസഭകൾ പാലക്കാട് ഉൾപ്പെടെ യു.ഡി.എഫിന് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഇരട്ടി പഞ്ചായത്തുകൾ കോൺഗ്രസിന് ലഭിക്കും. കൂടുതൽ ജില്ല പഞ്ചായത്ത് ഡിവിഷനുകളും യു.ഡി.എഫിന് ലഭിക്കും.

തെരഞ്ഞെടുപ്പ് മുന്നൊരുക്കം?

ഒരു വർഷം മുമ്പ് മുതൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങി. ശക്തമായ പ്രക്ഷോഭമാണ് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളിലും നഗരസഭകളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ കോൺഗ്രസ് പോയ നാളുകളിൽ നടത്തിയത്. വാർഡ് കമ്മിറ്റികൾ കൂടി യഥാസമയം പോരാട്ടത്തിനിറങ്ങി. പഞ്ചായത്ത് ഫണ്ട് വിഷയത്തിലും മറ്റും ശക്തമായ പ്രക്ഷോഭമാണ് കോൺഗ്രസ് നടത്തിയത്.

ഏതൊക്കെ വിഷയങ്ങളാണ് പ്രചാരണത്തിൽ മുന്നോട്ടുവെക്കുന്നത്?

തദ്ദേശ ഫണ്ട് വെട്ടിക്കുറച്ച് തദ്ദേശ സ്ഥാപനങ്ങളെ തകർക്കുന്ന സമീപനമാണ് സർക്കാറിന്റേത്. പഞ്ചായത്തീരാജ് ആശയത്തിന്റെ കടക്കൽ കത്തിവെക്കുന്ന നടപടികൾ പ്രചാരണ വിഷയമാക്കും. ഓരോ ദിവസവും ഇടതു സർക്കാറിന്റെ, മന്ത്രിമാരുടെ അഴിമതിക്കഥകളാണ് പുറത്തുവരുന്നത്.

ശബരിമല സ്വർണപ്പാളി വിഷയത്തിൽ തന്നെ മന്ത്രിമാരുടെ പങ്ക് വ്യക്തമല്ലേ. നേതാക്കൾ അഴിമതി നടത്തി പച്ചക്കള്ളമല്ലേ അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. കള്ളനെ കൈയോടെ പിടികൂടിയിട്ടും അവർ കള്ളം പറയുന്നത് നിറുത്തുന്നില്ല. പാലക്കാട് സി.പി.എം അണികളിൽ തന്നെയുണ്ട് പ്രതിഷേധം. അവർ പരസ്യമായി രംഗത്തുവരുന്നില്ല, എന്നേയുള്ളൂ.

എത്രത്തോളമുണ്ട് മുന്നണി ഐക്യം?

ഒറ്റക്കെട്ടാണ് ഐക്യജനാധിപത്യമുന്നണി. പാലക്കാട് നഗരസഭയിൽ രണ്ട് വാർഡുകളിലാണ് വിമതന്മാർ ഉള്ളത്. അത് അതിജീവിക്കുക തന്നെ ചെയ്യും. ജില്ലയിൽ കാര്യമായി വിമതശല്യം ഇല്ല. നേരെ മറിച്ച് സി.പി.എമ്മിൽ പടലപ്പിണക്കം രൂക്ഷമാണ്. കിഴക്കഞ്ചേരി, വടക്കഞ്ചേരി, കൊഴിഞ്ഞാമ്പാറ പ്രദേശങ്ങളിൽ സി.പി.എമ്മുകാർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മത്സരരംഗത്തുണ്ട്. എത്രയോ സി.പി.എമ്മുകാർ പാർട്ടി വിട്ട് കോൺഗ്രസിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. അത് യു.ഡി.എഫിന് ഗുണം ചെയ്യും.

സ്ഥാനാർഥിപ്പട്ടികയിലെ പ്രാതിനിധ്യം?

യുവജനങ്ങൾക്ക് വളരെ പ്രാധാന്യമുള്ള സ്ഥാനാർഥി പട്ടികയാണ് കോൺഗ്രസിന്റേത്. കെ.എസ്.യു, യൂത്ത് കോൺഗ്രസ്, വനിത എന്നിവർക്ക് നല്ല പ്രാധാന്യം കൊടുത്തു. അതിന്റെ ഗുണഫലം ഫലത്തിലും പ്രതിഫലിക്കും. പാലക്കാട് നഗരസഭയിൽ ബി.ജെ.പിയും യു.ഡി.എഫുമാണ് മത്സരമെങ്കിൽ മറ്റിടങ്ങളിൽ ഇടതുപക്ഷവും കോൺഗ്രസും തമ്മിലാണ് മത്സരം.

ഒരു പത്രിക തള്ളിയതൊഴിച്ചാൽ കോൺഗ്രസ് എല്ലാ വാർഡുകളിലും മത്സരിക്കുന്നുണ്ട്. പെരിങ്ങോട്ടുകുറിശ്ശിയിൽ രണ്ടുപേരുടെ പത്രിക തള്ളിയെങ്കിലും ഡമ്മി സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DCCPalakkad NewsA ThankappanKerala Local Body Election
News Summary - Story about local body election
Next Story