Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കോർപറേഷൻ അതിർത്തി...

‘കോർപറേഷൻ അതിർത്തി വേലികെട്ടി തിരിക്കാൻ മേയർ ശ്രമിക്കരുത്; വികസനം സങ്കുചിതമായി കാണുന്ന ഭരണാധികാരി അപമാനം’; ​വിമർശനവുമായി വി. ശിവൻകുട്ടി; സർക്കാർ-കോർപറേഷൻ പരസ്യപോരിലേക്ക്

text_fields
bookmark_border
‘കോർപറേഷൻ അതിർത്തി വേലികെട്ടി തിരിക്കാൻ മേയർ ശ്രമിക്കരുത്; വികസനം സങ്കുചിതമായി കാണുന്ന ഭരണാധികാരി അപമാനം’; ​വിമർശനവുമായി വി. ശിവൻകുട്ടി; സർക്കാർ-കോർപറേഷൻ പരസ്യപോരിലേക്ക്
cancel
camera_alt

മേയർ വി.വി രാജേഷ്, മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: സ്ഥാനമേറ്റ് ഒരാഴ്ച തികയും മുമ്പേ ബി.ജെ.പി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനും, സംസ്ഥാന സർക്കാറും തമ്മിൽ പരസ്യ പോരിലേക്ക്. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയും ബി.ജെ.പി കൗൺസിലറുമായ ആർ. ശ്രീലേഖയും വി. പ്രശാന്ത് എം.എൽ.എയും തമ്മിലെ ഒഫീസ് തർക്കത്തിൽ തുടങ്ങി മേയർ വി.വി രാജേഷ് തുടങ്ങിവെച്ച ഇലക്ട്രിക് ബസ് വിവാദം കൂടിയായതോടെ പുതുമോടിയിൽ തന്നെ പോരിന് തുടക്കമായി.

ഇതിനു പിന്നാലെയാണ് മേയർക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയും രംഗത്തെത്തിയത്. ​സാമൂഹിക മാധ്യമ പേജിൽ പങ്കുവെച്ച കുറിപ്പിൽ കോർപറേഷൻ അതിർത്തിയിൽ വേലികെട്ടി തിരിക്കാൻ മേയർ ശ്രമിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള ഇലക്ട്രിക് ബസുകൾ തിരുവനന്തപുരം കോർപറേഷൻ അതിർത്തിക്കുള്ളിൽ മാത്രമേ സർവീസ് നടത്താവൂ എന്ന മേയറുടെ ആവശ്യം അങ്ങേയറ്റം ബാലിശവും അപക്വുമാണെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ വികസനം ഇത്രയേറെ സങ്കുചിതമായി കാണുന്ന ഒരു ഭരണാധികാരി തലസ്ഥാന നഗരത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളും മന്ത്രി പങ്കുവെച്ചു.

പദ്ധതിക്ക് ആവശ്യമായ 60 ശതമാനം തുക സംസ്ഥാന ഖജനാവിൽ നിന്നാണ് ചിലവഴിക്കുന്നത്. ബസുകളുടെ അറ്റകുറ്റപ്പണി മുതൽ ഡ്രൈവർ, കണ്ടക്ടർ, ടിക്കറ്റ് മെഷീൻ തുടങ്ങി സർവ സംവിധാനങ്ങളും ഒരുക്കുന്നത് കെ.എസ്.ആർ.ടിസിയാണ്. സ്മാർട്ട് സിറ്റി-കോർപ്പറേഷൻ-കെ.എസ്.ആർ.ടി.സി എന്നിവ ചേർന്നുള്ള ത്രികക്ഷി കരാറിൽ, മേയർക്ക് ഉപദേശക സമിതിയുടെ അധ്യക്ഷനാകാം എന്നതല്ലാതെ, ബസുകൾ എവിടെ ഓടണം എന്ന് ഒറ്റയ്ക്ക് തീരുമാനിക്കാൻ അധികാരമില്ല -മന്ത്രി വ്യക്തമാക്കി. സങ്കുചിത രാഷ്ട്രീയ ലാഭത്തിന് വേണ്ടി വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നും വി. ശിവൻകുട്ടി എഫ്.ബി കുറിപ്പിൽ പറഞ്ഞു.

മന്ത്രി വി. ശിവൻ കുട്ടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

‘തിരുവനന്തപുരം കോർപറേഷൻ അതിർത്തിയിൽ വേലികെട്ടി തിരിക്കാൻ മേയർ ശ്രമിക്കരുത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള ഇലക്ട്രിക് ബസുകൾ തിരുവനന്തപുരം കോർപറേഷൻ അതിർത്തിക്കുള്ളിൽ മാത്രമേ സർവീസ് നടത്താവൂ എന്ന ബഹു.മേയർ ശ്രീ.വി.വി. രാജേഷിന്റെ ആവശ്യം അങ്ങേയറ്റം ബാലിശവും അപക്വവുമാണ്. നാടിന്റെ വികസനത്തെ ഇത്രയേറെ സങ്കുചിതമായി കാണുന്ന ഒരു ഭരണാധികാരി തലസ്ഥാന നഗരത്തിന് അപമാനമാണ്.

ബഹുമാനപ്പെട്ട മേയറുടെ അറിവിലേക്കായി ചില കാര്യങ്ങൾ വ്യക്തമാക്കുന്നു.

1. സ്മാർട്ട് സിറ്റി പദ്ധതിക്കായി കേന്ദ്രവും സംസ്ഥാനവും 500 കോടി രൂപ വീതമാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം കോർപ്പറേഷന്റെ വിഹിതം 135.7 കോടി രൂപയാണ്. അതായത് പദ്ധതിയുടെ 60 ശതമാനത്തോളം തുക സംസ്ഥാന ഖജനാവിൽ നിന്നാണ് ചിലവഴിക്കുന്നത്.

2.സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായ 113 ബസുകൾ കൂടാതെ 50 ബസുകൾ കെ.എസ്.ആർ.ടി.സിയുടെ സ്വന്തം ഉടമസ്ഥതയിലുള്ളതാണ്. ഈ ബസുകളുടെയെല്ലാം മെയിന്റനൻസ്, ഡ്രൈവർ, കണ്ടക്ടർ, ടിക്കറ്റ് മെഷീൻ തുടങ്ങി സർവ സംവിധാനങ്ങളും ഒരുക്കുന്നത് കെ.എസ്.ആർ.ടി.സിയാണ്. സ്മാർട്ട് സിറ്റി - കോർപ്പറേഷൻ - കെ.എസ്.ആർ.ടി.സി എന്നിവ ചേർന്നുള്ള ത്രികക്ഷി കരാറാണ് നിലവിലുള്ളത്. മേയർക്ക് ഉപദേശക സമിതിയുടെ അധ്യക്ഷനാകാം എന്നതല്ലാതെ, ബസുകൾ എവിടെ ഓടണം എന്ന് ഒറ്റയ്ക്ക് തീരുമാനിക്കാൻ അധികാരമില്ല.

3. തിരുവനന്തപുരം എന്നത് ഒരു കോർപ്പറേഷൻ അതിർത്തിക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന സ്ഥലമല്ല. ഇതൊരു സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്. ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും ദിവസേന ലക്ഷക്കണക്കിന് ആളുകൾ വന്നുപോകുന്ന ഇടമാണിത്. അവർക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടത്, അല്ലാതെ അതിർത്തിയിൽ വരമ്പുവെച്ച് തടയുകയല്ല.

മുൻ മേയർമാരായ സഖാവ് വി.കെ. പ്രശാന്തും, സഖാവ് ആര്യാ രാജേന്ദ്രനും തിരുവനന്തപുരത്തിന്റെ വികസനത്തെ എത്രത്തോളം ക്രിയാത്മകമായി കണ്ടിരുന്നു എന്ന് ജനം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. അവരുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ മേയറുടെ ഭരണവും കാഴ്ചപ്പാടും എത്രത്തോളം പുറകിലാണെന്ന് വരും ദിവസങ്ങളിൽ ജനങ്ങൾക്ക് കൂടുതൽ ബോധ്യപ്പെടും.

സങ്കുചിത രാഷ്ട്രീയ ലാഭത്തിന് വേണ്ടി വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ല.’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vv rajeshVK Prasanththiruvananthapuram mayorthiruvananthapuram corporationCPMV SivankuttyBJP
News Summary - State Government and Thiruvananthapuram corporation opens up to fight; Minister V Sivankutty reaction
Next Story