'മേയർ ആവശ്യപ്പെട്ടാൽ ബസ് തിരിച്ചയക്കാം, പകരം 150 എണ്ണം വാങ്ങും'; സിറ്റി ബസ് വിവാദത്തിൽ മേയർക്ക് മറുപടിയുമായി കെ.ബി ഗണേഷ് കുമാർ
text_fieldsതിരുവനന്തപുരം: സിറ്റി ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയർ വി.വി രാജേഷിന് മറുപടി പറഞ്ഞ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. ഇലക്ട്രിക് ബസുകൾ കോർപ്പറേഷന്‍റേതല്ല. 60 ശതമാനം സംസ്ഥാനത്തിന്റേത് ആണെന്നും മന്ത്രി പറഞ്ഞു. 113 വാഹനങ്ങളും തിരുവനന്തപുരം കോർപറേഷൻ ഈ രീതിയിൽ വാങ്ങിയതാണെന്നും മന്ത്രി പറഞ്ഞു.
കോർപറേഷനിലെ കെ.എസ്.ആർ.ടി.സി വേറൊരു ജില്ലയിലും ഓടുന്നില്ല. ബസുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത് കെ.എസ്.ആർ.ടി.സിയാണ്. വേണമെങ്കിൽ 113 ബസുകൾ കോർപറേഷന് തിരിച്ചുനൽകാമെന്നും മന്ത്രി പറഞ്ഞു. ബാറ്ററി നശിച്ചാൽ മാറ്റിവെക്കാൻ 28 ലക്ഷം രൂപ വേണം. മേയർ 113 ബസുകളും തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ തിരിച്ചയക്കും. സി.എം.ഡിക്ക് ഒരു കത്ത് കൊടുത്താൽ മാത്രം മതി. പകരം 150 ബസ് കെ.എസ്.ആർ.ടി.സി സിറ്റിയിൽ ഇറക്കും. കോർപറേഷൻ വണ്ടികൾ കൊടുത്താൽ കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് ഇടാൻ സമ്മതിക്കില്ല.
നെടുമങ്ങാട്, ആറ്റിങ്ങൽ, പോത്തൻകോട്, നെയ്യാറ്റിൻകര തുടങ്ങിയിടങ്ങളിൽ താമസിക്കുന്നവരെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാൻ പറ്റില്ലെന്നും വണ്ടിയിൽ കയറ്റാൻ പറ്റില്ലെന്ന് പറയാൻ കേരള സർക്കാരിന് കഴിയില്ല. മേയർ തന്നോട് സംസാരിച്ചിട്ടില്ല. വാഹനങ്ങൾ സന്തോഷത്തോടെ തിരികെ കൊടുക്കാൻ തയാറാണ്. ഡ്രൈവറും വർക് ഷോപ്പും കണ്ടക്ടറും എല്ലാം കെ.എസ്.ആർ.ടി.സിയുടെതാണ് എന്നും മന്ത്രി വിശദീകരിച്ചു.
ഇ-ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്നും ഇ-ബസുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നും തിരുവനന്തപുരം മേയർ വിവി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോർപറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണം. കോർപറേഷന് കിട്ടിയത് കോർപറേഷനിലുളളവർക്ക് ഉപകാരപ്പെടണമെന്നും കെ.എസ്.ആർ.ടി.സിയുമായുള്ള കരാർ രേഖകൾ പരിശോധിക്കുമെന്നും വി.വി രാജേഷ് പറഞ്ഞിരുന്നു. ഇതിനാണ് ഗതാഗത മന്ത്രി മറുപടി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

