Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹിജാബ് നിരോധനം:...

ഹിജാബ് നിരോധനം: വത്തിക്കാൻ സ്ഥാനപതിക്ക് കത്തയച്ച് ക്രിസ്ത്യൻ സംഘടനകൾ; ‘സഭ നേതൃത്വത്തിന്റെ ചില പ്രവണതകൾ ബഹുസ്വര സംസ്കാരത്തിനും ക്രൈസ്തവ ഭാവിക്കും ദോഷകരം’

text_fields
bookmark_border
ഹിജാബ് നിരോധനം: വത്തിക്കാൻ സ്ഥാനപതിക്ക് കത്തയച്ച് ക്രിസ്ത്യൻ സംഘടനകൾ; ‘സഭ നേതൃത്വത്തിന്റെ ചില പ്രവണതകൾ ബഹുസ്വര സംസ്കാരത്തിനും ക്രൈസ്തവ ഭാവിക്കും ദോഷകരം’
cancel

കൊച്ചി: കേരളത്തിലെ കത്തോലിക്ക സ്ഥാപനങ്ങളിൽ വർധിച്ചുവരുന്ന സാമുദായിക സംഘർഷങ്ങളിലും, ഈ വിഷയങ്ങളിൽ സഭാ നേതൃത്വം പുലർത്തുന്ന നിസ്സംഗതയിലും ആശങ്ക പ്രകടിപ്പിച്ച് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റും ജോയിന്റ് ക്രിസ്ത്യൻ കൗൺസിലും സംയുക്തമായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്ക് കത്തയച്ചു. കേരളത്തിലെ കത്തോലിക്ക സഭ നേതൃത്വത്തിന്റെ ചില സമീപകാല പ്രവണതകൾ ഇന്ത്യയുടെ ബഹുസ്വര സംസ്കാരത്തിനും ക്രൈസ്തവ സമൂഹത്തിന്റെ ഭാവിക്കും ദോഷകരമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കത്തോലിക്ക സ്ഥാപനങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന വിഭാഗീയ പ്രശ്നങ്ങളും അതിനോട് സംസ്ഥാന സഭാ നേതൃത്വം പുലർത്തുന്ന നിസ്സംഗതയും അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയങ്ങളായി മാറിയിരിക്കുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

എറണാകുളം പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ഒരു മുസ്‌ലിം വിദ്യാർഥിനി ഹിജാബ് ധരിച്ചതിനെത്തുടർന്നുണ്ടായ വിവാദവും, സ്കൂൾ അധികൃതർ കുട്ടിയെ ക്ലാസ്സിൽ നിന്ന് പുറത്താക്കുകയും പൊതുജന പ്രതിഷേധം കാരണം സ്കൂൾ അടച്ചിടുകയും ചെയ്ത സംഭവവും കത്തിൽ എടുത്തുപറയുന്നു. ഇത് മറ്റ് കുട്ടികളിൽ ഭീതിയുണ്ടാക്കുകയും വിഷയത്തിന് മുസ്‌ലിം-ക്രിസ്ത്യൻ സംഘർഷത്തിന്റെ മാനം നൽകുകയും ചെയ്തു. മൂവാറ്റുപുഴ നിർമ്മല കോളേജിലും പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് സ്കൂളുകളിലും മുൻപുണ്ടായ സമാന സംഭവങ്ങളും കത്തിൽ പരാമർശിക്കുന്നു.

കത്തോലിക്കാ സന്യാസിനികൾ ശിരോവസ്ത്രം ധരിക്കുമ്പോൾ, മറ്റ് സമുദായങ്ങളിലെ കുട്ടികൾക്ക് സമാനമായ വസ്ത്രധാരണ രീതിക്ക് അനുമതി നിഷേധിക്കുന്നത് ധാർമികമായി ന്യായീകരിക്കാനാവാത്തതാണെന്ന് കത്ത് വ്യക്തമാക്കുന്നു. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം മാനിക്കാൻ കത്തോലിക്കാ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്നും കത്തിൽ പറയുന്നു.

ഉത്തരേന്ത്യയിൽ ഹിന്ദുത്വ ശക്തികളിൽ നിന്ന് ക്രൈസ്തവർ വെല്ലുവിളികൾ നേരിടുമ്പോൾ, കേരളത്തിലെ ചില കത്തോലിക്കാ മെത്രാന്മാരും രൂപതാ നേതൃത്വങ്ങളും ബോധപൂർവം മുസ്‌ലിം വിരുദ്ധ വികാരം വളർത്തി ഹിന്ദുത്വ ശക്തികൾക്ക് സഹായം ചെയ്യുന്നതായി കത്തിൽ ആരോപിക്കുന്നു. ഇത് ദേശീയതലത്തിലെ ക്രൈസ്തവ പോരാട്ടത്തെ ദുർബലപ്പെടുത്തുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.

കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (CBCI) അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് ഉൾപ്പെടെയുള്ള ചില ബിഷപ്പുമാരും രൂപതാ മാധ്യമങ്ങളും വൈദികരും അൽമായ നേതാക്കളും മുസ്‌ലിം സമുദായത്തിനെതിരെ നിരന്തരമായി വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നത് കത്തിൽ ചൂണ്ടിക്കാട്ടുന്നു. 'ലൗ ജിഹാദ്', 'നാർക്കോട്ടിക് ജിഹാദ്' തുടങ്ങിയ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതും കത്തിൽ പരാമർശിച്ചിട്ടുണ്ട്. കത്തോലിക്കാ മെത്രാന്മാർ നടത്തുന്ന വിഭാഗീയ പ്രവർത്തനങ്ങൾ തടയാൻ ദേശീയ മെത്രാൻ സഭ ഇടപെടണമെന്നും വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്ന വൈദികരെയും അൽമായ നേതാക്കളെയും നിയന്ത്രിക്കാൻ കർശന നിർദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റ് മതവിശ്വാസികളെയും അവരുടെ ആചാരങ്ങളെയും ഉൾക്കൊള്ളാൻ വ്യക്തമായ ഏകീകൃത നയരേഖ രൂപീകരിക്കണം. സംഘർഷങ്ങൾക്ക് പകരം ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഭാ നേതൃത്വം മുൻകൈയെടുക്കണം. ഇന്ത്യയുടെ ബഹുസ്വരതയും ക്രൈസ്തവ സമൂഹത്തിന്റെ സുരക്ഷയും ഉറപ്പാക്കാൻ വത്തിക്കാൻ സ്ഥാനപതിയുടെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും ഇന്ത്യൻ ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് പ്രസിഡന്റ് ഫെലിക്സ് ജെ പുല്ലുടൻ, ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ പ്രസിഡന്റ്‌ ജോസഫ് വെളിവിൽ എന്നിവർ അയച്ച കത്തിൽ അഭ്യർഥിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaticanhijab banChristianSt Ritas Public School
News Summary - st ritas public school Hijab ban: Christian organizations letter to Vatican
Next Story