മതം വ്യാഖ്യാനിക്കലല്ല സ്റ്റേറ്റിന്റെ ധർമം, ഭരണം നടത്താൻ നോക്കൂ; സതീശനോട് എസ്.എസ്.എഫ്
text_fieldsവി.ഡി. സതീശൻ
കോഴിക്കോട്: മുസ്‍ലിം സ്ത്രീകളുടെ പൊതുരംഗപ്രവേശനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ നടത്തിയ പ്രസ്താവന തള്ളിയ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എസ്.എസ്.എഫ് (കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ). ‘മതം വ്യാഖ്യാനിക്കലല്ല സ്റ്റേറ്റിന്റെ ധർമം മുഖ്യമന്ത്രി ഭരണം നടത്തുക’ -എന്നാണ് എസ്.എസ്.എഫ് കേരളയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
കാന്തപുരം ഇസ്‍ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മുസ്ലിം സമുദായത്തോട് മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. ഇസ്‍ലാമിക ചരിത്രത്തെയും സംഭവങ്ങളെയും തെറ്റായി മനസ്സിലാക്കി അത് സന്ദർഭം പോലും മനസിലാക്കാതെ പരസ്യമായി വിളിച്ച് പറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്നും കമ്മിറ്റി കുറ്റപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്ന കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിക്കാനാവില്ലെന്നാണ് സതീശൻ ഇന്ന് വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.
‘സ്ത്രീകൾ അടങ്ങിയൊതുങ്ങി വീട്ടിൽ ജീവിക്കേണ്ടവരല്ല. അവർ മുഖ്യധാരയിൽ എല്ലാകാര്യങ്ങളിലും പങ്കെടുത്ത് ജീവിക്കേണ്ടവരാണ് എന്ന പുരോഗമനപരമായ അഭിപ്രായമാണ് ഞങ്ങൾക്കുള്ളത്. ഇസ്‍ലാമിക ചരിത്രവും അതുതന്നെയാണ് പറയുന്നത്. ഇസ്‍ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം.’ -സതീശൻ പറഞ്ഞു.
സ്ത്രീകൾ പൊതുരംഗത്തേക്ക് ഇറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നും ആ അപകടം ഒഴിവാക്കാനാണ് ഇസ്‌ലാം മതം പർദ സമ്പ്രദായം നിശ്ചയിച്ചതെന്നുമാണ് കാന്തപുരം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരാണെന്നും ഇസ്‌ലാം മതത്തെക്കുറിച്ച് വിപുലമായും ആഴത്തിലും പഠിച്ച വ്യക്തിയെന്ന നിലയിൽ മുസ്‌ലിം സമുദായ കാര്യങ്ങളിൽ സംസാരിക്കാനും നിലപാടുകൾ വ്യക്തമാക്കാനും തനിക്ക് പൂർണ അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

