ശ്രീലേഖയുടെ രാജി; ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചാണ് ബി.ജെ.പിയിലെത്തിയത്, പ്രത്യേക രാഷ്ട്രീയമില്ലെന്നും എം.വി. ഗോവിന്ദൻ
text_fieldsഎം.വി. ഗോവിന്ദൻ
പാലക്കാട്: മേയർ സ്ഥാനം ഉൾപ്പെടെ ഓഫറുകൾ പ്രതീക്ഷിച്ച് ബി.ജെ.പിയിലേക്ക് പോയ ആളാണ് ശ്രീലേഖയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇവർക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും എങ്ങോട്ട് വേണമെങ്കിലും പോകാം എന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. ആർ. ശ്രീലേഖ മേയർക്കാണ് രാജി നൽകിയത്. പൂർണമായുള്ള രാജിയല്ല എന്നാണ് മനസ്സിലാക്കുന്നത്. ഇത് ബി.ജെ.പിക്കിടയിലുള്ള പ്രശ്നങ്ങളാണെന്നും മറ്റു രാഷ്ട്രീയ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ലെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് പാർട്ടിയിൽ വന്നവർ രാഷ്ട്രീയമായി മുന്നോട്ട് പോകണം എന്നില്ല. ഇവർക്ക് പ്രത്യേക രാഷ്ട്രീയമില്ല. അതിന്റെ ഉദാഹരണമാണ് ശ്രീലേഖ. ശ്രീലേഖ മേയർ സ്ഥാനം ആഗ്രഹിച്ചിരുന്നു എന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജിയെ തുടർന്ന് തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധി സ്വാഭാവികമായി ഉണ്ടാകും. സി.പി.എം അത് വേണ്ട വിധത്തിൽ ഉപയോഗിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ബി.ജെ.പി പ്രതിനിധിയായി ശാസ്തമംഗലം വാർഡിൽ നിന്ന് ജയിച്ച മുൻ ഡി.ജി.പി ആർ. ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ചിരുന്നു. ഇവർ ഉടൻ കോൺഗ്രസിൽ ചേർന്നേക്കുമെന്ന ശക്തമായ അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. കോൺഗ്രസ് ഉന്നത നേതൃത്വവുമായി ശ്രീലേഖ ഇതുസംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടത്തിയെന്നാണ് വിവരം. ഇതേകുറിച്ച് കാര്യങ്ങൾ വ്യക്തത വരുത്തേണ്ടത് ആര്‍. ശ്രീലേഖയാണെന്ന് കോൺഗ്രസ് എം.എൽ.എ സന്ദീപ് വാര്യർ പറഞ്ഞു. വിദ്വേഷത്തിന്‍റെയും വെറുപ്പിന്‍റെയും പാതയിൽ നിന്ന് ഒരാളെയെങ്കിലും നേർവഴിയിലെത്തിക്കാനായാൽ അത് ഗുണം ചെയ്യുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.
സർവിസ് ജീവിതത്തിനുശേഷം ബി.ജെ.പിയിൽ സജീവമായ ശ്രീലേഖയെ തിരുവനന്തപുരം നഗരസഭയിലെ മേയർ സ്ഥാനാർഥിയായി പാർട്ടി ഉയർത്തിക്കാട്ടുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ, മുതിർന്ന നേതാവ് വി.വി. രാജേഷിനെ മേയറാക്കാൻ ബി.ജെ.പി തീരുമാനിച്ചതോടെയാണ് ശ്രീലേഖ നേതൃത്വവുമായി അകന്നത്. പാർട്ടി തീരുമാനത്തിലുള്ള അമർഷം നേതൃത്വത്തെ നേരിട്ടറിയിച്ച അവർ മേയർക്ക് രാജിക്കത്ത് നൽകുകയായിരുന്നു. 101 അംഗങ്ങളുള്ള തിരുവനന്തപുരം നഗരസഭയിൽ കേവല ഭൂരിപക്ഷത്തിന്റെ ബലത്തിൽ ഭരണം നടത്തുന്ന എൻ.ഡി.എ ഭരണസമിതിക്ക് ശ്രീലേഖയുടെ രാജി കനത്ത തിരിച്ചടിയാണ്. അതേസമയം, രാജി രാഷ്ട്രീയപരമായ കാരണങ്ങളാലല്ലെന്നും വ്യക്തിപരമായ അസൗകര്യങ്ങൾ മൂലമാണെന്നുമാണ് മേയർ വി.വി. രാജേഷ് പ്രതികരിച്ചത്. കൗൺസിലർ പദവി ഉപേക്ഷിച്ചെങ്കിലും ബി.ജെ.പിയുടെ പ്രാഥമികാംഗത്വം ശ്രീലേഖ രാജിവെച്ചോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
അതിനിടെ, ശ്രീലേഖയുടെ രാജിക്ക് ഔദ്യോഗിക സാധുത കൈവന്നിട്ടില്ലെന്ന് കോർപ്പറേഷൻ സെക്രട്ടറി മുഹമ്മദ് ഷാഫി അറിയിച്ചു. നിയമപ്രകാരം നഗരസഭാ സെക്രട്ടറിക്കാണ് രാജിക്കത്ത് നൽകേണ്ടത്. മേയർക്കോ കലക്ടർക്കോ കത്ത് നൽകിയാൽ അത് ഔദ്യോഗിക രാജിയായി കണക്കാക്കാനാവില്ലെന്നും തനിക്ക് ഇതുവരെ രാജിക്കത്തൊന്നും ലഭിച്ചിട്ടില്ലെന്നും സെക്രട്ടറി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

