അട്ടപ്പാടിയിലെ കർഷകന്റെ ആത്മഹത്യ അന്വേഷിക്കാൻ പ്രത്യേക സംഘം
text_fieldsതൃശൂർ: അട്ടപ്പാടിയിലെ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് റവന്യൂ സെക്രട്ടറി എം.ജി രാജമാണിക്യത്തിന്റെ ഉത്തരവ്. അഗളി വില്ലേജിലെ കാവുണ്ടിക്കൽ ഇരട്ടക്കുളത്തിൽ കൃഷ്ണസ്വാമിയുടെ മരണത്തിലേക്ക് നയിച്ച കാരണം പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് പ്രത്യേക റവന്യൂ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
ഡെപ്യൂട്ടി സെക്രട്ടറി അനു എസ്. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അട്ടപ്പാടിയിലെത്തി പരിശോധന നടത്തുന്നത്. മലപ്പുറം, തിരൂർ റീസർവേ സൂപ്രണ്ട് ഓഫിസിലെ ഹെഡ് സർവേയർ സജിത് കുമാർ, ലാൻഡ് റിസംപ്ഷൻ സ്പെഷൽ ഓഫിസിലെ റവന്യൂ ഇൻസ്പെക്ടർ സുഗതൻ, കോതമംഗലം താലൂക്ക് ഓഫിസിലെ സീനിയർ സർവേയർ നിയാസ് നാസർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ലാൻഡ് റവന്യൂ കമീഷണറേറ്റിൽ നിന്നും പാലക്കാട് ജില്ലയിൽ നിന്നും അനുയോജ്യരായ ജീവനക്കാരെ അന്വേഷണ സംഘത്തലവന് ആവശ്യപ്പെടാവുന്നതാണ്. വ്യക്തമായ കണ്ടെത്തലുകളും ശിപാർശകളും ഉൾക്കൊള്ളുന്ന വിശദമായ റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ പ്രത്യേക അന്വേഷണസംഘം സർക്കാറിന് സമർപ്പിക്കണമെന്നാണ് ഉത്തരവ്.
52കാരനായ കൃഷ്ണസ്വാമിയെയാണ് കൃഷി സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആറുമാസമായി തണ്ടപ്പോരിനായി വില്ലേജിൽ കയറിയിറങ്ങുകയായിരുന്നുവെന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

