അരുവിക്കരയിൽ മദ്യലഹരിയിൽ മകൻ മാതാവിനെ കൊലപ്പെടുത്തി
text_fieldsതിരുവനന്തപുരം: അരുവിക്കരയില്‍ മാതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റിലായി. വ്യാഴാഴ്ച്ചയാണ് അരുവിക്കര സ്വദേശിനി നന്ദിനിയെ മകന്‍ ഷിബു കൊലപ്പടുത്തിയത്. അരുവിക്കര കാച്ചാണിയില്‍ ഡിസംബര്‍ 24 നാണ് സംഭവം.
അറസ്റ്റിലായ ഷിബു സ്ഥിരം മദ്യപാനിയായിരുന്നു. ക്രിസ്മസിന്‍റെ തലേദിവസം മദ്യപിച്ച് വീട്ടിലെത്തിയത് ചോദ്യം ചെയ്തതിൽ പ്രകോപിതനായാണ് ഇയാൾ 72 വയസുള്ള മാതാവിനെ മർദ്ദിച്ചത്.
മർദ്ദനത്തിന് ശേഷം വീടിന്‍റെ ടെറസിൽ പോയി ഉറങ്ങിയ ഇയാൾ രാവിലെ വന്ന് മാതാവിനെ വിളിച്ചപ്പോഴാണ് മരിച്ചതായി അറിയുന്നത്. 40 കാരനായ ഷിബുവാണ് അരുവിക്കര പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് കൊലപാതമാണെന്ന് മനസിലാക്കിയെങ്കിലും പോസ്റ്റുമോര്‍ട്ടം നടപടികളിലേക്ക് കടക്കേണ്ടതുണ്ടതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാതെ വിട്ടു.
ഞായറാഴ്ച രാവിലെയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. തലക്കേറ്റ ആഴത്തിലുള്ള ക്ഷതമാണ് മരണകാരണമായി റിപ്പോർട്ടിൽ ചുണ്ടിക്കാണിക്കുന്നത്. ശരീരത്തിൽ ക്രൂരമായ മര്‍ദനമേറ്റതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.