വിദ്വേഷം പ്രചരിപ്പിച്ച രൂപത കൈപുസ്തകം: നിയമനടപടിയുമായി സോളിഡാരിറ്റി
text_fieldsകോഴിക്കോട്: മുസ്ലിം വിദ്വേഷം പ്രചരിപ്പിച്ച താമരശ്ശേരി രൂപതയുടെ വിവാദ കൈപുസ്തകത്തിനെതിരെ സോളിഡാരിറ്റി, താമരശ്ശേരി ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. ഇടവകകളില്‍ വിതരണം ചെയ്യാനായി താമരശ്ശേരി രൂപത വിശ്വാസ പരിശീലന കേന്ദ്രം തയാറാക്കിയ 'സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ' എന്ന കൈപുസ്തകമാണ് കേസിനാധാരം.
താമരശ്ശേരി പൊലീസിലും വടകര റൂറൽ എസ്.പിക്കും പരാതി നൽകിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് അന്യായം ഫയൽ ചെയ്തത്. മതവ്യാപനം ലക്ഷ്യമാക്കി തീവ്രവാദികള്‍ ഉപയോഗിക്കുന്ന പ്രധാന മാർഗമാണ് ലവ് ജിഹാദെന്ന പ്രണയക്കുരുക്കെന്ന് പേരിട്ട കൈപുസ്തകത്തിലെ നാലാംഭാഗത്തില്‍ പരാമർശമുണ്ടായി. പെണ്‍കുട്ടികളെ വശീകരിക്കാനായി മുസ്ലിം പുരോഹിതന്മാർ ആഭിചാരം നടത്തുന്നതായും പുസ്തകം ആരോപിക്കുന്നു. സോളിഡാരിറ്റി ജില്ല കമ്മിറ്റിക്കുവേണ്ടി അഡ്വ. ഫൈസൽ പി. മുക്കം, അഡ്വ. അബ്ദുൽ വാഹിദ് എന്നിവർ ഹാജരായി.

