സകരിയ്യയുടെ മോചനത്തിനായി സോളിഡാരിറ്റിയുടെ ഒരു ലക്ഷം ജനകീയ ഒപ്പ് ശേഖരണം; കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യം
text_fieldsകോഴിക്കോട്: നീതി നിഷേധിക്കപ്പെട്ട് ഒന്നരപതിറ്റാണ്ടിലേറെയായി കർണ്ണാടകയിലെ പരപ്പന അഗ്രഹാര ജയിലിൽ വിചാരണ തടവുകാരനായി കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സക്കരിയയുടെ മോചനത്തിന് കേരള സർക്കാർ ഇടപ്പെടണമെന്നാവശ്യപ്പെട്ട് ജനകീയ ഒപ്പുശേഖരണ കാമ്പയിനുമായി സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ്. ഇതിന്റെ ഭാഗമായി ഒരു ലക്ഷം ഒപ്പുകൾ ആണ് ശേഖരിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പറഞ്ഞു. ഒപ്പുശേഖരണ കാമ്പയിനിൽ ഇതിനകം ആയിരകണക്കിന് ആളുകൾ പങ്കാളികളായിട്ടുണ്ട്.
പതിനേഴ് വർഷത്തെ നീതിനിഷേധം ഒരു കുറ്റവും തെളിയിക്കാനാകാതെ, ജാമ്യം പോലും നിഷേധിക്കപ്പെട്ട് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കാലം വിചാരണത്തടവുകാരനായി ജയിലിൽ കഴിയേണ്ടി വരുന്നത് ക്രൂരമായ അനീതിയാണ്.
സകരിയ്യ നിരപരാധിയായ ഒരു പോരാളിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സംഘടന ശക്തമായ നിയമ-മനുഷ്യാവകാശ ഇടപെടലുകളാണ് നടത്തിവരുന്നത്. കേസ് വേഗത്തിലാക്കുന്നതിനായി സ്പെഷ്യൽ വക്കീലിനെ നിശ്ചയിച്ചുകൊണ്ടുള്ള നിയമ പോരാട്ടങ്ങൾക്കും, സാമൂഹ്യ-രാഷ്ട്രീയ തലങ്ങളിൽ ഈ നീതിനിഷേധത്തിനെതിരെ നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കാനും സംഘടന മുന്നിട്ടിറങ്ങിയിട്ടുണ്ട്.
ഉമ്മയെ കാണാനുള്ള ജാമ്യം പോലും നിഷേധിച്ചു രോഗശയ്യയിൽ കഴിയുന്ന സ്വന്തം ഉമ്മയെ ഒരു നോക്ക് കാണാൻ പോലുമുള്ള ജാമ്യം സകരിയ്യക്ക് നിഷേധിക്കപ്പെട്ടത് ഈ വ്യവസ്ഥ കാട്ടിയ വലിയ ക്രൂരതയാണ്. ഈ അനീതിക്കെതിരെ തെരുവിൽ ശബ്ദമുയർത്തിയും, പൊതുവേദികളും കൂട്ടായ്മകളും സംഘടിപ്പിച്ചും സോളിഡാരിറ്റി പ്രതിഷേധം ശക്തമാക്കിയിരുന്നു.
കൂടാതെ, സകരിയ്യക്ക് വേണ്ടിയുള്ള പോരാട്ടം പൊതുമണ്ഡലത്തിൽ സജീവമാക്കുന്നതിനായി ശ്രദ്ധേയമായ ഒരു ഡോക്യുമെന്ററിയും സംഘടന പുറത്തിറക്കുകയുണ്ടായി. എന്നിട്ടും ഈ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന മൗനം അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് സോളിഡാരിറ്റി വ്യക്തമാക്കി.
ഈ വിഷയത്തിലെ സർക്കാരിന്റെ മൗനം ഇനി അംഗീകരിക്കാനാകില്ലെന്നും സകരിയ്യയുടെ മോചനം നീതിബോധമുള്ള ഓരോ മനുഷ്യന്റെയും ബാധ്യതയാണെന്ന് തൗഫീഖ് മമ്പാട് പറഞ്ഞു. യുവാക്കൾക്ക് പുറമെ വീടുകളിലെ ഉമ്മമാരും സഹോദരിമാരും വിദ്യാർഥികളും കുട്ടികളും ഉൾപ്പെടെയുള്ള മുഴുവൻ ജനങ്ങളും സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകരും ഒന്നടങ്കം ഈ പോരാട്ടത്തിന്റെ ഭാഗമായി തെരുവിലിറങ്ങണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു.
അനീതിക്കെതിരെയുള്ള സോളിഡാരിറ്റിയുടെ ഈ ഓൺലൈൻ പെറ്റിഷനിൽ പങ്കാളികളാകാൻ താൽപര്യമുള്ളവർക്ക് https://solidaritypetition.datahex.co/ എന്ന ലിങ്ക് വഴിയോ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ തങ്ങളുടെ ഒപ്പ് രേഖപ്പെടുത്താവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

