എസ്.ഐ.ആർ: മൂന്ന് മാസത്തെ പരക്കം പാച്ചിലിന് 2000 രൂപ!
text_fieldsതിരുവനന്തപുരം: എസ്.ഐ.ആറിന്റെ ഭാഗമായി വീടുകയറിയുള്ള ഫോം വിതരണവും ഡിജിറ്റൈസേഷനും മാപ്പിങും ഹിയറിങിനുള്ള നോട്ടിസ് വിതരണവുമെല്ലാമായി മൂന്ന് മാസത്തെ ബി.എൽ.ഒമാരുടെ പരക്കംപാച്ചിലിന് തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചത് 2000രൂപ! രാപകൽ നീണ്ട അധ്വാനത്തിന് അധികൃതർ വില കൽപിച്ചില്ലെന്നതിൽ വലിയ അസംതൃപ്തിയും പ്രതിഷേധവുമാണ് ബി.എൽ.ഒമാർക്കുള്ളത്. രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഇതിനേക്കാൾ പ്രതിഫലം കിട്ടുമെന്നിരിക്കെയാണ് ഈ അവഗണനയെന്ന് ബി.എൽ.ഒമാർ പറയുന്നു.
അതേസമയം, ബി.എൽ.ഒമാരുടെ വാർഷിക വേതനം 12,000 രൂപയാണെന്നും എസ്.ഐ.ആർ സ്പെഷൽ ഡ്രൈവിനുള്ള ഇൻസെന്റീവാണ് 2000 രൂപയെന്നുമാണ് കമീഷൻ വിശദീകരണം.
ജൂൺ രണ്ട്, മൂന്ന് തിയതികളിൽ ഓരോ മണ്ഡലത്തിൽനിന്ന് രണ്ട് വീതം ബി.എൽ.ഒമാരെ ഡൽഹിയിൽ കൊണ്ട് പോയി പരിശീലനം നൽകിയത് മുതലാണ് കേരളത്തിലെ എസ്.ഐ.ആർ പ്രവർത്തനങ്ങൾക്ക് അനൗദ്യോഗിക തുടക്കമായത്. 240 ബി.എൽ.ഒമാരുടെ ട്രെയിൻ ടിക്കറ്റ് വഹിച്ചതല്ലാതെ ഭക്ഷണച്ചെലവൊന്നും നൽകിയിട്ടില്ല.
എന്യൂമറേഷന്റെ ഭാഗമായി പലവട്ടം വീടുകൾ കയറിയിറങ്ങി. വാഹനത്തിന് ഇന്ധനം നിറച്ച തുകപോലും അനുവദിച്ചില്ലെന്ന് ഇവർ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് സമാന്തരമായി എസ്.ഐ.ആർ നടപ്പാക്കാനുള്ള തീരുമാനം മാറ്റിവെക്കാൻ സംസ്ഥാന സർക്കാർ കോടതിയിലേക്ക് പോയപ്പോൾ സമ്മർദം ബി.എൽ.ഒമാർക്കായിരുന്നു. കോടതിയിൽ കേസ് പരിഗണിക്കുംമുൻപ് വിവരശേഖരണം പൂർത്തിയാക്കാൻ നിർബന്ധിച്ച് തെര. കമീഷൻ ടാർഗറ്റ് നൽകി . ഇതോടെ രാവും പകലുമില്ലാതെയായി അധ്വാനം.
മൊബൈൽ ആപ് വഴി മാത്രമേ ഫോമുകൾ ഡിജിറ്റൈസ് ചെയ്യാനാകുമായിരുന്നുള്ളൂ. ഫോൺ ഗാലറിയിൽ നിന്ന് വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ കഴിയാത്ത ആപിന്റെ സാങ്കേതിക പരിമിതികളായിരുന്നു മറ്റൊരു പ്രശ്നം. അതുകൊണ്ട് പേരിലെ പൊരുത്തക്കേടുകൾ ഉൾപ്പെടെ സാധൂകരിക്കാനായി വോട്ടർമാർ വാട്സാപ്പ് വഴി അയച്ച രേഖകൾ ഫോട്ടോ കോപ്പി എടുത്തും മൊബൈൽ ഫോണിൽ ഫോട്ടോയെടുത്തുമാണ് അപ്ലോഡ് ചെയ്തത്. ഇത്തരത്തിൽ രേഖകളുടെ ഫോട്ടോ കോപ്പിയെടുക്കലിനും വലിയ ചെലവായി. എന്നിട്ടും കിട്ടിയത് 2000 രൂപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

