രാഷ്ട്രപതിയുടെ ഹെലികോപ്ടർ താഴ്ന്നതിൽ സുരക്ഷ വീഴ്ച: ഗവർണർക്കും ഡി.ജി.പിക്കും പരാതി
text_fieldsതിരുവനന്തപുരം: ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു എത്തിയ ഹെലികോപ്ടർ പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ കോണ്‍ക്രീറ്റില്‍ താഴ്ന്നത് സുരക്ഷ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി പരാതി. പൊതുപ്രവർത്തകനും തിരുവനന്തപുരം സ്വദേശിയുമായ പായ്ചിറ നവാസാണ് ഗവർണർക്കും പൊലീസ് മേധാവിക്കും പരാതി നൽകിയത്. അശാസ്ത്രീയ നിർമാണം കാരണമാണ് അപകടമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
പത്തനംതിട്ട പ്രമാടം ഗ്രൗണ്ടിൽ ഇറങ്ങിയ ഹെലികോപ്റ്ററാണ് കോൺക്രീറ്റ് ചെയ്ത ഹെലിപാഡിൽ താഴ്ന്നത്. പിന്നീട് പൊലീസും അഗ്നിരക്ഷ സേനയും ചേർന്ന് ഹെലികോപ്റ്റർ തള്ളിനീക്കുകയായിരുന്നു. രാഷ്ട്രപതിയുടെ യാത്രക്ക് തടസ്സമൊന്നും നേരിട്ടില്ല. സുരക്ഷിതമായി തന്നെ ഇറങ്ങാൻ സാധിച്ചു. രാഷ്ട്രപതി ഇറങ്ങിയ ശേഷമാണ് ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നത്. ചൊവ്വാഴ്ച വൈകീട്ടാണ് പ്രമാടത്ത് കോൺക്രീറ്റ് ഇട്ടത്.
രാഷ്ട്രപതി എത്തുന്ന ഹെലികോപ്ടർ നിലക്കലിൽ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കാലാവസ്ഥ പ്രതികൂലമായതിനാൽ പ്രമാടത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇറക്കിയത്. കോൺക്രീറ്റ് പ്രതലം ഉറക്കാത്തതാണ് ടയർ താഴ്ന്നു പോകാനിടയാക്കിയത്.
അതേസമയം, രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നുപോയ സംഭവത്തിൽ വിചിത്ര വിശദീകരണവുമായി കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാർ രംഗത്തെത്തി. രാഷ്ട്രപതിയുടെ സുരക്ഷ വിഭാഗമാണ് എല്ലാ കാര്യങ്ങളും നിർദേശിച്ചത്. ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺക്രീറ്റ് താഴ്ന്നുപോയാൽ എന്താണ് പ്രശ്നമെന്നും ഹെലികോപ്റ്റർ മുകളിലേക്ക് ഉയർന്നല്ലേ പോകുന്നത് എന്നും എം.എൽ.എ ചോദിച്ചു.
കോപ്റ്ററിന്റെ വീൽ താഴ്ന്നുപോയിട്ടില്ല. എച്ച് മാർക്ക് ചെയ്ത സ്ഥലത്തല്ല ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. അതിനേക്കാൾ അൽപം പിറകോട്ടാണ് ലാൻഡ് ചെയ്തത്. എൻ.എസ്.ജി അടക്കം പരിശോധിച്ച സ്ഥലമാണെന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും ജനീഷ് കുമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

