വിവാദ മരംമുറി: സെക്രട്ടറിതല ചർച്ചകൾ മന്ത്രിമാരെ ധരിപ്പിക്കാറില്ലെന്ന് വനം സെക്രട്ടറി
text_fieldsതിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടുമായി അടക്കം സെക്രട്ടറിതലത്തിൽ നടത്തുന്ന ചർച്ചയുടെ വിശദാംശങ്ങൾ 2017 മുതൽ മന്ത്രിമാരുടെ ശ്രദ്ധയിൽ കൊണ്ടുവരാറിെല്ലന്ന് വനം സെക്രട്ടറിയുടെ വിശദീകരണം. ബേബിഡാം മരംമുറിയുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാൻ നിയോഗിച്ച ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെത്ര. കൂടാതെ ജലവിഭവവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗങ്ങളില്‍ പങ്കെടുത്തിരുന്നതായും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിങ് ചീഫ് സെക്രട്ടറിയെ അറിയിച്ചതായാണ് വിവരം.
മരംമുറിയുമായി ബന്ധപ്പെട്ട് ജലവിഭവവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ വനം സെക്രട്ടറിയെ കൂടാതെ കേന്ദ്ര ജല കമീഷന് പ്രതിനിധി, തമിഴ്നാട് പൊതുമരാമത്ത് സെക്രട്ടറി എന്നിവരും പങ്കെടുത്തിരുന്നു. മരംമുറിക്കുന്നതിനായി വനത്തിലൂടെ റോഡ് നിര്‍മിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച മുതല്‍ ഈ വിഷയത്തില്‍ ചീഫ് സെക്രട്ടറി വിശദമായ മൊഴിയെടുപ്പ് തുടങ്ങും. വൈകാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
കോവിഡാനന്തര പ്രശ്നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ ജലവിഭവ അഡീ. ചീഫ് സെക്രട്ടറിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, മരംമുറിക്കാന്‍ അനുമതി നല്കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിെൻറ കൂടുതല്‍ വീഴ്ചകള്‍ സര്‍ക്കാര്‍ കണ്ടെത്തി. മരം മുറിക്കാന്‍ ഉത്തരവിറക്കും മുമ്പ് വനംമേധാവിയെപ്പോലും വിവരം അറിയിച്ചില്ല. എന്ത് താല്‍പര്യത്തിെൻറ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്ന് കണ്ടെത്താന്‍ വിശദഅന്വേഷണം വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
വിജിലന്‍സ് അന്വേഷണം അടക്കം പരിഗണിക്കുന്നുണ്ടെങ്കിലും ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാകും കൂടുതല്‍ നടപടികൾ. മുറിക്കേണ്ട മരങ്ങള്‍ മാർക്ക് ചെയ്ത് നൽകേണ്ട നടപടികള്‍ പൂര്‍ത്തിയാക്കും മുമ്പായിരുന്നു ബെന്നിച്ചന് തോമസിെൻറ നടപടി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതി വേണമെന്ന പെരിയാര്‍ വന്യജീവിസേങ്കതത്തിെൻറ കത്തും മുഖവിലെക്കടുത്തില്ല.നടപടിക്രമങ്ങള്‍ മറികടന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിറക്കിയതിലെ ദുരൂഹതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.