സ്വർണക്കടത്ത് കേസിൽ സ്വപ്നക്കും ശിവശങ്കറിനുമെതിരെ സന്ദീപിന്‍റെ മൊഴി
text_fieldsകൊച്ചി: സ്വപ്ന സുരേഷിനെതിരെ ക്രിമിനൽ കേസുള്ളതായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സന്ദീപ് നായരുടെ മൊഴി. കേസ് അറിഞ്ഞുകൊണ്ടാണ് എം. ശിവശങ്കർ സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിന് നിയമനം നൽകിയതെന്നും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിൽ സന്ദീപ് നായർ വ്യക്തമാക്കുന്നു.
നയതന്ത്ര ബാഗിൽ സ്വർണം കടത്താൻ നിർബന്ധിച്ചത് സ്വപ്നയാണെന്ന് സന്ദീപ് പറഞ്ഞു. പിടിക്കപ്പെടില്ല എന്ന് സ്വപ്ന ഉറപ്പു നൽകി. കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ സ്വർണം കൊണ്ടുവരാൻ കഴിയുമോ എന്ന് ചോദിച്ച് കെ ടി റമീസാണ് സമീപിച്ചത്. ഇതിനുവേണ്ടി സരിത്തുമായി ബന്ധപ്പെട്ടപ്പോൾ ഗ്രീൻ ചാനൽ വഴി കൊണ്ടുവരാൻ കഴിയില്ലെന്ന് സരിത് പറഞ്ഞു. അതിന് ശേഷമാണ് സ്വപ്നയുമായി ബന്ധപ്പെടുന്നത്. നയതന്ത്രഉദ്യോഗസ്ഥർക്കായി സാധനങ്ങൾ വരുന്നുണ്ടെന്നും അത് വഴി സ്വർണം കൊണ്ടുവന്നാൽ പരിശോധനയുണ്ടാകില്ലെന്നും പറഞ്ഞത് സ്വപ്നയാണ്.
കോൺസുൽ ജനറലിന് ബിസിനസിനും വീട് വെക്കാനും പണം വേണമെന്ന് സ്വപ്ന പറഞ്ഞെന്നും സന്ദീപ് നായർ എൻഫോഴ്സ്മെന്‍റിന് നൽകിയ വിശദമായ മൊഴിയിൽ പറയുന്നു.