Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'സന്ദീപ് വാര്യരുടെ...

'സന്ദീപ് വാര്യരുടെ അച്ഛന് മൂന്ന് ജോലി? മലപ്പുറത്ത് മത്സരിച്ചാൽ ഗൾഫിൽ അത്തർ കച്ചവടക്കാരനായേനേ ' | Fact Check

text_fields
bookmark_border
സന്ദീപ് വാര്യരുടെ അച്ഛന് മൂന്ന് ജോലി? മലപ്പുറത്ത് മത്സരിച്ചാൽ ഗൾഫിൽ അത്തർ കച്ചവടക്കാരനായേനേ  | Fact Check
cancel

കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യരെ പ്രഖ്യാപിച്ചതോടെ കേരളത്തിലെ ശ്രദ്ധേയമായ മണ്ഡലമായി മാറിയിരിക്കുകയാണ് കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ. സി.പി.എമ്മിലെ തീപ്പൊരി താരമായ ഡോ. വി.പി.പി മുസ്തഫയാണ് ഇടത് സ്ഥാനാർഥി. പൊരിഞ്ഞ പോരാട്ടം നടക്കുന്ന മണ്ഡലത്തിലെ ഓരോ ഇലയനക്കവും സോഷ്യൽ മീഡിയയിലും സജീവ ചർച്ചാവിഷയമാണ്.

അതിനിടെയാണ് മണ്ഡലത്തിൽ നൽകിയ സ്വീകരണത്തിൽ സന്ദീപ് വാര്യർ നടത്തിയ പ്രസ്താവന ഏറെ ചർച്ച വിഷയമായത്. തൃക്കരിപ്പൂരിൽ താൻ പുറത്ത് നിന്നുള്ള ആളല്ലെന്നും തന്‍റെ അച്ഛൻ ഇവിടെ റെയിൽവേ സ്റ്റേഷൻ മാസ്റ്ററായി ജോലി ചെയ്തിട്ടുണ്ടെന്നുമാണ് സന്ദീപ് പറഞ്ഞത്. "ഞാൻ പുറത്ത് നിന്നുള്ള ആളല്ല. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റേഷൻ മാസ്റ്ററായിരുന്ന ഗോവിന്ദൻ വാര്യരുടെ മകനാണ്. അത് കൊണ്ട് ഞാൻ പുറത്ത് നിന്നുള്ള ആളല്ല " എന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാൽ, 2024 ൽ ഒരു ഫേസ്ബുക് പോസ്റ്റിൽ തൻ്റെ അച്ഛൻ സൈന്യത്തിലായിരുന്നു എന്ന് സന്ദീപ് വാര്യർ പറഞ്ഞിരുന്നു. 'അച്ഛനോട് ദാ ഈ ഒരൊറ്റ കാര്യത്തിൽ മാത്രമേ അസൂയ തോന്നിയിട്ടുള്ളൂ. ഇന്ത്യൻ ആർമിയുടെ യൂണിഫോം അണിഞ്ഞ ഒരു യൗവനം ഉണ്ടായിരുന്നു അച്ഛന് ' എന്നായിരുന്നു അന്നത്തെ കുറിപ്പ്. ഇത് രണ്ടിന്റെയും സ്ക്രീൻഷോട്ട് ചേർത്ത് വെച്ചാണ് 'വാര്യരുടെ അച്ഛന് ശരിക്കും എന്തായിരുന്നു ജോലി' എന്ന തരത്തിൽ എതിരാളികൾ ചോദ്യം ഉന്നയിക്കുന്നത്.

"തൃശ്ശൂര്‍ - പാലക്കാട് സീറ്റ് നോക്കിയപ്പോള്‍ അച്ഛന്‍ ആര്‍മിക്കാരന്‍ ആയിരുന്നു. കാസര്‍കോട് സീറ്റ് കിട്ടിയപ്പോള്‍ അച്ഛന്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായി. ഇനി എറണാകുളത്താണ് സീറ്റ് കിട്ടിയിരുന്നതെങ്കില്‍ അച്ഛന്‍ നേവി ക്യാപ്ടന്‍ ആയേനെ.. തിരുവനന്തപുരത്ത്‌ ആയിരുന്നെങ്കില്‍ എയര്‍ഫോഴ്സ് പൈലറ്റും ആക്കിയേനെ.. മലപ്പുറത്ത് സീറ്റ് കൊടുക്കാഞ്ഞത് നന്നായി, അല്ലേല്‍ ഗോവിന്ദവാര്യരെ ഗള്‍ഫിലെ അത്തറ് കച്ചവടക്കാരന്‍ ആക്കിയേനെ " -എന്നാണ് സംഘ്പരിവാറുകാർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന പോസ്റ്റ്.

ശരിക്കും എന്തായിരുന്നു ജോലി?

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിൻ്റെ സത്യാവസ്ഥ അറിയാൻ 'മാധ്യമം ഓൺലൈൻ' സന്ദീപ് വാര്യരെ ഫോണിൽ ബന്ധപ്പെട്ടു. പിതാവ് ഗോവിന്ദൻ വാര്യർ കേന്ദ്ര സർവീസിൽ മൂന്ന് വ്യത്യസ്ത ഡിപ്പാർട്ട്‌മെന്റുകളിൽ ജോലി ചെയ്തിട്ടുള്ള വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു.

'അച്ഛൻ ആദ്യം ഇന്ത്യൻ ആർമിയിൽ സിഗ്നൽ കോറിലായിരുന്നു. 1962, 1965, 1971 എന്നീ മൂന്ന് യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 1971-ൽ പാകിസ്താൻ കീഴടങ്ങുന്ന സമയത്ത് അദ്ദേഹം ധാക്കയിൽ സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന് അന്നത്തെ വാർ മെഡലും ലഭിച്ചിട്ടുണ്ട്. ഏകദേശം 15 വർഷത്തെ സൈനിക സേവനത്തിന് ശേഷമാണ് അദ്ദേഹം ആർമിയിൽ നിന്നും വിരമിച്ചത്.

തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിൽ (MEA) സേവനമനുഷ്ടിച്ചു. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം ഡൽഹിയിൽ വിദേശകാര്യ വകുപ്പിൽ ഉദ്യോഗസ്ഥനായത്. അദ്ദേഹം കുറഞ്ഞ കാലയളവ് മാത്രമേ ഈ സർവിസിൽ ഉണ്ടായിരുന്നുള്ളൂ.

തുടർന്നാണ് ഇന്ത്യൻ റെയിൽവേയിൽ ജോലിയിൽ പ്രവേശിച്ചത്. ഡൽഹിയിൽ വിദേശകാര്യ വകുപ്പിൽ ജോലി ചെയ്യുന്ന സമയത്താണ് അദ്ദേഹത്തിന് റെയിൽവേയിൽ ജോലി ലഭിക്കുന്നത്. നാട്ടിലേക്ക് തിരികെ വരാൻ വേണ്ടിയാണ് ഈ ജോലി തെരഞ്ഞെടുത്തത്. പാലക്കാട് ഡിവിഷനിൽ തൃക്കരിപ്പൂരിൽ സ്റ്റേഷൻ മാസ്റ്ററായി സേവനമനുഷ്ഠിച്ചു. ഏകദേശം 30-35 വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. മിലിറ്ററിയിലുള്ളവർ വിരമിച്ചാൽ ഇങ്ങനെ പല ഡിപ്പാർട്ട്‌മെന്റുകളിൽ ജോലി ചെയ്യുന്നത് സാധാരണയാണ് ' - അദ്ദേഹം പറഞ്ഞു.

ഇവർ തൃക്കരിപ്പൂരിലെ സ്ഥാനാർഥികൾ

ഡോ.വി.പി.പി.മുസ്തഫ

സി.ഐ.ടി.യു ജില്ല പ്രസിഡന്റും സി.പി.എം.ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ വി.പി.പി.മുസ്തഫ(56) തൃക്കരിപ്പൂർ കാരോളം സ്വദേശിയാണ്. വിദ്യാർഥിയായിരിക്കെ എം.എസ്.എഫിലൂടെ പൊതുരംഗത്തെത്തി. കോളജ് പഠനകാലത്ത് ഇടതുപക്ഷത്തിന്റെ ഭാഗമായി. എസ്.എഫ്.ഐ , ഡി വൈ എഫ്.ഐ വഴി 1994മുതൽ സി.പി.എം തൃക്കരിപ്പൂർ ടൗൺ ബ്രാഞ്ചംഗം. ലോക്കൽ, ഏരിയ കമ്മിറ്റികളിൽ ഭാരവാഹിത്വം. 2015-ൽ ജില്ല സെക്രട്ടറിയേറ്റ് അംഗമായി. മൂന്നുതവണ ജില്ലാ പഞ്ചായത്ത് അംഗമായ അദ്ദേഹം ഒരുതവണ സ്ഥിരം സമിതി അധ്യക്ഷ പദവിയിലിരുന്നു. 15 വർഷം ജില്ലാ ആസൂത്രണ സമിതി അംഗമായും പ്രവർത്തിച്ചു. വിവിധ സമരങ്ങൾക്ക് നേതൃത്വം നൽകിയ മുസ്തഫ 21 ദിവസത്തോളം ജയിൽവാസം അനുഭവിച്ചു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും മലയാളസാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും എൽ.എൽ.ബിയും നേടി.

സംസ്ഥാന സഹകരണ രജിസ്ട്രാരുടെ ഓഫീസിൽ പി.എസ്.സി മുഖേന എൽ.ഡി ക്ലർക്ക് ജോലിയിൽ പ്രവേശിച്ചിരുന്നു. ജനപ്രതിനിധികളുടെ പരിശീലന സ്ഥാപനമായ തൃശ്ശൂർ കിലയുടെ ഫാക്കൽറ്റിയായും പ്രവർത്തിച്ചു. കലയും പ്രത്യയശാസ്ത്രവും: ഇഎംഎസിന്റെ വിചാരലോകം, ജൈവനീതി ദർശനം പി കവിതകളിൽ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പരേതരായ കെ.വി.പി അബ്ദുൽഖാദർ - വി.പി.പി ബീഫാത്തിമ ദമ്പതിമാരുടെ മകനാണ്. ഉദുമ സ്വദേശിനി സീനിയ മാഹിനാണ് ജീവിത പങ്കാളി.മകൻ : പോണ്ടിച്ചേരി സെൻട്രൽ യൂനിവേഴ്സിറ്റി ബിരുദ വിദ്യാർഥി അലൻ.

സന്ദീപ് വാര്യർ

തീവ്ര വലതുപക്ഷത്തുനിന്ന് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ(45) പാലക്കാട് ചെത്തല്ലൂർ സ്വദേശിയാണ്. തൃക്കരിപ്പൂർ അദ്ദേഹത്തിന് നേരത്തെ പരിചിതമാണ്. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്ന പിതാവ് ഗോവിന്ദ വാര്യർ വഴിയാണ് തൃക്കരിപ്പൂർ ബന്ധം. അമ്മ രുഗ്മിണി. കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിംഗിൽ ഡിപ്ലോമ നേടിയിട്ടുണ്ട്.

കെ.പി.സി.സി വക്താവ്, ജനറൽ സെക്രട്ടറി എന്നെ നിലകളിൽ പ്രവർത്തിച്ചുവരുന്നു. ബി.ജെ.പി.യിൽ ആയിരുന്നപ്പോൾ നേരത്തെ ഷൊർണൂരിൽ നിന്ന് മത്സരിച്ചിട്ടുണ്ട്. അന്ന് 36,973 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയജീവിതം ആരംഭിച്ചത്. പിന്നീട് ബി.ജെ.പിയിലെത്തി. ടെലിവിഷൻ ചർച്ചകളിലൂടെ ശ്രദ്ധേയനാണ്. ശബരിമല സ്വർണക്കൊള്ളക്കെതിരെ നടത്തിയ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് പത്തുദിവസം റിമാൻഡിൽ കഴിഞ്ഞു. ഭാര്യ: ഷീജ സന്ദീപ് പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രി ജീവനക്കാരിയാണ്. മകൻ: ശ്രീഗോവിന്ദ് (ഒൻപതാം തരം വിദ്യാർഥി).

രവി കുളങ്ങര

ചെറുവത്തൂർ ആനിക്കാടി സ്വദേശിയായ രവി കുളങ്ങര(56) യാണ് എൻ.ഡി.എ ടിക്കറ്റിൽ ട്വന്റി 20ക്ക് വേണ്ടി തൃക്കരിപ്പൂരിൽ മത്സരിക്കുന്നത്. പ്രവാസി കോൺഗ്രസിൽ നിന്ന് തുടങ്ങി എൻ.സി.പിയിലൂടെയാണ് ട്വന്റി 20 യിൽ എത്തിനിൽക്കുന്നത്. കരക്കക്കാവിൽ ഗോവിന്ദന്റെ മകനായ രവി തീയ്യ ക്ഷേമ സഭ സംസ്ഥാന പ്രസിഡന്റാണ്. ട്വന്റി 20 പാർട്ടിയുടെ ജില്ല കോഓർഡിനേറ്റർ. ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം പ്രവാസജീവിതത്തിന് ശേഷം ബിസിനസ് മേഖലയിലാണ്. തൃക്കരിപ്പൂരിൽ റെസ്റ്റോറന്റും കെട്ടിടവുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Keralal NewsPoliticalNewselectionUDFPolitical warKasargod
News Summary - Sandeep Warrier's father has three jobs?
Next Story