ശബരിമല സ്വർണകൊള്ള: ദേവസ്വംബോർഡിനെ ചവിട്ടി പുറത്താക്കണം; മന്ത്രി രാജിവെക്കണം -വി.ഡി സതീശൻ
text_fieldsപ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ദേവസ്വം മന്ത്രി വി.എൻ വാസവൻ
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കവർച്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് അടിവരയിടുന്ന പരാമർശമാണ് ഹൈകോടതി നടത്തിയതെന്നും, ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വലിയ സ്വർണകവർച്ചയാണ് ശബരിമലയിൽ നടന്നതെന്നും, മന്ത്രിക്കും ബോർഡിനും ഇതിൽ പങ്കുണ്ടെന്നും വ്യക്താമാണെന്നും അദ്ദേഹം പറഞ്ഞു.
‘പ്രതിപക്ഷ പറഞ്ഞതെല്ലാം ശരിയാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഹൈകോടതി പരാമർശം. 2019ൽ വ്യാജ ചെമ്പുപാളിയുണ്ടാക്കി, ഒറിജിനൽ ദ്വാരപാലക ശിൽപം കോടീശ്വരന്മാർക്ക് വിറ്റ കഴിഞ്ഞ ഭരണ സമിതി കുറ്റക്കാരായി പ്രതിപ്പട്ടികയിൽ വന്നിരിക്കുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡിന്റെ അനുമതിയോട് കൂടി വലിയ തട്ടിപ്പാണ് നടത്തിയതെന്ന് നിലവിലെ ഭരണസമിതിക്കും അറിയാമായിരുന്നു. എന്നിട്ടും, 2025ൽ ഉണ്ണികൃഷ്ണൻ പോറ്റിയെ വിളിച്ചു വരുത്തുകയാണുണ്ടായത്. ഹൈകോടതി പുറത്തു വിട്ടത് ഞെട്ടിക്കുന്ന തെളിവുകളാണ്.
ഇപ്പോഴത്തെ ദേവസ്വം പ്രസിഡന്റ് ഇടപെട്ടാണ് തിരുവാഭരണം കമ്മീഷണറുടെ നടപടിക്കെതിരായ ഉണ്ണികൃഷ്ണൻ പോറ്റിക്കു തന്നെ കൊടുക്കണം എന്ന് നിർദേശിച്ചത്. ഹൈകോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഈ വർഷം കൊണ്ടു പോയ ദ്വാരപാലക ശിൽപവും വിൽക്കുമായിരുന്നു. ആറു വർഷത്തിനുള്ളിൽ 40 വർഷത്തെ വാറന്റിയുള്ള സാധനം വീണ്ടും മങ്ങിയെന്നു പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയത് വലിയൊരു കവർച്ചക്കുള്ള നീക്കമായിരുന്നു.
ദേവസ്വം മാനുവലും, ഹൈകോടതി വിധിയും ലംഘിച്ചാണ് ഇപ്പോഴത്തെ ദേവസ്വം ബോർഡ് ദ്വാരപാലക ശിൽപം ശബരിമലയിൽ നിന്നും പുറത്തുകൊണ്ടു പോയത്. വലിയ സ്വർണകവർച്ചയാണ് ശബരിമലയിൽ നടന്നതെന്ന് ഹൈകോടതി വ്യക്തമാക്കിയിരിക്കുന്നു. ദേവസ്വം മന്ത്രിക്കും ദേവസ്വം ബോർഡിനും പങ്കുണ്ടെന്ന് വളരെ വ്യക്താമണ്ണ്.
അടിയന്തരമായി ദേവസ്വം മന്ത്രി രാജിവെക്കണം, ബോർഡിനെ ചവിട്ടി പുറത്താക്കണം- പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അയ്യപ്പന്റെ തങ്കവിഗ്രഹം മോഷ്ടിക്കാനാണ് സംഘം ഇത്തവണ ശ്രമിച്ചതെന്നും, അതാണ് ഹൈകോടതി ഇടപെട്ട് തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണകൊള്ളക്ക് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രത്യേക സംഘത്തോട് കഴിഞ്ഞ ദിവസം ഹൈകോടതി നിർദേശിച്ചിരുന്നു. കൂടുതൽ വിപുലവും, നന്നായി ആസൂത്രണം ചെയ്തതുമായ പദ്ധതിയുടെ ഭാഗമായാണ് സ്വർണം നഷ്ടപ്പെട്ടതെന്ന് കോടതി വിലയിരുത്തി. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ തലപ്പത്തുള്ളവർക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകില്ലെന്നും, 2019ലെ സ്വർണ മോഷണം മറയ്ക്കാനാണ് 2025ലും ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപ്പണി ഉണ്ണികൃഷ്ണൻ പോറ്റിക്കുതന്നെ നൽകാൻ ദേവസ്വംബോർഡ് അമിത താൽപര്യം കാട്ടിയതെന്നും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

