ശബരിമല സ്വർണക്കൊള്ള: ഗൂഢാലോചന സംശയം; കാരണങ്ങൾ അക്കമിട്ട് നിരത്തി കോടതി
text_fieldsഹൈകോടതി
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചനയുണ്ടെന്ന് കരുതാനുള്ള കാരണങ്ങൾ അക്കമിട്ട് നിരത്തി കോടതി. സന്നിധാനത്തുതന്നെ ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിൽ വാതിൽപടികളുടെയും അറ്റകുറ്റപ്പണി നടത്തണമെന്ന ദേവസ്വം മാന്വലിലെ ഭാഗം അവഗണിച്ചതാണ് ആദ്യ വീഴ്ചയായി ചൂണ്ടിക്കാട്ടുന്നത്. 2019 ജൂൺ 28ന് ദേവസ്വം കമീഷണർക്കുവേണ്ടി ഫിനാൻസ് ഇൻസ്പെക്ഷൻ ഡെപ്യൂട്ടി കമീഷണർ പാളികൾ പോറ്റിക്ക് കൈമാറാൻ അനുമതി തേടി. ഇതിനുപിന്നാലെ ‘ചെമ്പുപാളികൾ’ എന്ന് രേഖപ്പെടുത്തി ബോർഡ് അനുമതിയും നൽകി. കൊടുത്തയച്ച നിറം മങ്ങിയിട്ടില്ലാത്ത പീഠങ്ങൾ തിരിച്ചെത്തിച്ചത് 2021ൽ. എന്നാൽ, തിരുവാഭരണം രജിസ്റ്ററിൽ ഇത് രേഖപ്പെടുത്തിയിട്ടില്ല. ഇതെല്ലാം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കരുതാനാവില്ലെന്ന് ഉത്തരവിൽ പറയുന്നു.
ദ്വാരപാലകർക്കും പീഠങ്ങൾക്കും നിറംമങ്ങിയത് തിരുവാഭരണം കമീഷണറും ദേവസ്വം സ്മിത്തും 2024ൽ വിലയിരുത്തിയിട്ട് പോലും ടെൻഡർ വിളിക്കാതെയും വിദഗ്ധാഭിപ്രായം തേടാതെയുമാണ് 2025ൽ അറ്റകുറ്റപ്പണി നടത്താൻ ഉണ്ണികൃഷ്ണൻ പോറ്റിയെത്തന്നെ ഏൽപിച്ചത്. 40 വർഷത്തെ വാറന്റിയെക്കുറിച്ചൊന്നും ചോദിക്കാതിരുന്നത് മുൻ സ്വർണമോഷണം മറച്ചുവെക്കാനാണെന്നുതന്നെ സംശയിക്കണം. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിരുവാഭരണം കമീഷണർക്ക് അയച്ച കത്തിൽ ദ്വാരപാലകരെ ഇളക്കാൻ അനുവദിച്ചിരുന്നെങ്കിലും വാതിലിന്റെ ഭാഗങ്ങളും കമാനവും മറ്റും സന്നിധാനത്ത് തന്നെ അറ്റകുറ്റപ്പണി ചെയ്യാനാണ് തീയതികളടക്കം എഴുതി ആവശ്യപ്പെട്ടത്.
ദ്വാരപാലക ശിൽപങ്ങളും വാതിൽപടിയും 2019ൽ ദുരൂഹ പശ്ചാത്തലമുള്ള പോറ്റിക്ക് കൈമാറാൻ ദേവസ്വം അധികൃതർ മുൻകൈയെടുത്തു. സന്നിധാനത്ത് പരമ്പരാഗത രീതിയിൽ അറ്റകുറ്റപ്പണി നടത്തണമെന്നായിരുന്നു തിരുവാഭരണം കമീഷണറുടെ ആദ്യ നിലപാട്. എന്നാൽ, ബോർഡ് പ്രസിഡന്റുമായി സംസാരിച്ചശേഷം വിയോജിപ്പിൽനിന്ന് പിന്മാറി ശിൽപങ്ങളടക്കം പോറ്റിക്ക് കൈമാറാൻ 2025ൽ കൂട്ടുനിന്നു. സ്ട്രോങ് റൂമിലുള്ള പഴയ ശിൽപങ്ങൾ കൈമാറിയാൽ ചെലവുകുറക്കാമെന്ന് പോറ്റി കത്തയച്ചിരുന്നു. 2019ലെ സ്വർണമോഷണം മറയ്ക്കാൻ ബോധപൂർവ ശ്രമമുണ്ടായെന്നാണ് സംഭവ പരമ്പര സൂചിപ്പിക്കുന്നത്. സ്പെഷൽ കമീഷണറെ അറിയിക്കാതെ ഈ വർഷം പാളികൾ ഇളക്കിക്കൊണ്ടു പോയതെന്തിനെന്നതും ഇതോടെ വ്യക്തമാവുകയാണ്.
അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ ദ്വാരപാലകരെ സംസ്ഥാനങ്ങളിലുടനീളം കൊണ്ടുപോകാനും അവ പരസ്യമായി പ്രദർശിപ്പിക്കാനും സംഭാവനകൾ അഭ്യർഥിക്കാനും പോറ്റിക്ക് ഒരുമാസത്തിലധികം സമയം ലഭിച്ചു. തിരിച്ചെത്തിച്ച ദ്വാരപാലകരെ തന്നെയാണോ അറ്റകുറ്റപ്പണിക്ക് ഏൽപിച്ചതെന്ന കാര്യത്തിൽ സംശയമുണ്ട്. സ്വർണത്തിന്‍റെ അളവിൽ കുറവുണ്ടായിട്ടുണ്ടെന്ന് അറിയാമായിരുന്നിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അത് വീണ്ടെടുക്കാൻ ശ്രമം നടത്തിയില്ല. രേഖകളൊന്നും കൃത്യമായി പരിപാലിച്ചിട്ടില്ലെന്നും അന്വേഷണസംഘം കണ്ടെത്തിയതായി കോടതി വ്യക്തമാക്കുന്നു.
അസാധാരണ നടപടികളുമായി ഹൈകോടതി
കൊച്ചി: സാധാരണ കോടതി രീതികളിൽനിന്ന് വ്യത്യസ്തമായിട്ടായിരുന്നു ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ ചൊവ്വാഴ്ചത്തെ ഹൈകോടതി നടപടികൾ. ഇൻ കാമറ നടപടിയിലൂടെയാകും ഈ കേസ് പരിഗണിക്കുകയെന്ന് നേരത്തേതന്നെ ഹൈകോടതി രജിസ്ട്രാർ പ്രത്യേക ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു. പ്രസിദ്ധീകരിച്ച മുൻഗണന ക്രമത്തിൽ മാറ്റംവരുത്തി ആദ്യ കേസായാണ് ദേവസ്വം ബെഞ്ച് പരിഗണിച്ചത്. രഹസ്യ നടപടികളായതിനാൽ എല്ലാ അഭിഭാഷകരെയും പുറത്തുനിർത്തി പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ മാത്രമാണ് കോടതി മുറിയിൽ അനുവദിച്ചത്. ഇവരിൽനിന്ന് അന്വേഷണ പുരോഗതി ചോദിച്ചറിയുകയും ചെയ്തു. തുടർന്ന് ഒരുമണിക്കൂറിന് ശേഷമാണ് സർക്കാറിന്‍റെയും ദേവസ്വം ബോർഡിന്‍റെയും അഭിഭാഷകരെയടക്കം തിരികെവിളിച്ച് കോടതി നടപടികളിൽ പങ്കെടുപ്പിക്കുകയും ഉത്തരവിടുകയും ചെയ്തത്.
2017 നവംബർ 15 മുതൽ 2020 ജൂൺ 15 വരെയുള്ള ചാർജ് മഹസർ രജിസ്റ്റർ, 2018 ഡിസംബർ 19 മുതൽ 2019 നവംബർ 20 വരെയുള്ള ദേവസ്വം മഹസർ, ശ്രീകോവിൽ വാതിലിന്റെ സ്വർണ ആവരണം സംബന്ധിച്ച എക്സിക്യൂട്ടിവ് ഓഫിസറുടെ ഫയൽ, ദ്വാരപാലകരുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട ഫയൽ എന്നിവ അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. റിപ്പോർട്ടും എസ്.ഐ.ടിക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ച വിവരങ്ങളും പരിശോധിച്ച കോടതി അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി. അന്വേഷണ മേൽനോട്ടം കോടതി ഏറ്റെടുത്തത് അന്വേഷണത്തിന്റെ നിഷ്പക്ഷതയിലും സമഗ്രതയിലും പൊതുജനവിശ്വാസം നിലനിർത്താനാണെന്ന് കോടതി ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷപാതപരമോ നീതിരഹിതമോ വസ്തുനിഷ്ഠമല്ലാത്തതോ ആയ അന്വേഷണം ഒഴിവാക്കാനാണ് കുറ്റമറ്റ, സത്യസന്ധതയുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കോടതി രൂപംനൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

